‘സ്കൂളിലെത്തിയാല്‍ അടിച്ച് കാല് പൊട്ടിക്കും’; വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചയാള്‍ക്ക് നേരെ പരസ്യഭീഷണിയുമായി ഡിവൈഎഫ്‌ഐ
സ്വന്തം ലേഖിക
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വിമാനത്തില്‍ പ്രതിഷേധിച്ചയാള്‍ക്ക് നേരെ പരസ്യഭീഷണിയുമായി ഡിവൈഎഫ്‌ഐ.
ഫര്‍സീന്‍ മജീദ് ഇനി സ്കൂളിലെത്തിയാല്‍ അടിച്ച് കാല് പൊട്ടിക്കുമെന്ന് ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം ഷാജര്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരിലൊരാളായ ഫര്‍സീന്‍ മജീദ് മട്ടന്നൂര്‍ യുപി സ്കൂളിലാണ് ജോലി ചെയ്യുന്നത്. മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ വരുന്നവരെ തെരുവില്‍ നേരിടുമെന്നും പ്രതിരോധിക്കാന്‍ ഞങ്ങള്‍ ഉണ്ടാകുമെന്നും ഷാജര്‍ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുഖ്യമന്ത്രിക്കൊപ്പം രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഇന്നലെ വിമാനത്തിലുണ്ടായിരുന്നത്. മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്‍റ് ഫര്‍സിന്‍ മജീദ്, ജില്ലാ സെക്രട്ടറി ആര്‍ കെ നവീന്‍ കുമാര്‍ തുടങ്ങിയവരാണ് വിമാനത്തിനുള്ളില്‍ ഉണ്ടായിരുന്നത്. ഇവരിലൊരാള്‍ കറുത്ത കുപ്പായമാണ് അണിഞ്ഞിരുന്നത്. ഇവരെ സംശയാസ്പദമായ സാഹചര്യത്തില്‍ വിമാനത്താവളത്തില്‍ കണ്ടപ്പോള്‍ പൊലീസ് ചോദ്യം ചെയ്തിരുന്നു.
എന്നാല്‍, ആര്‍സിസിയില്‍ രോഗിയെ കാണാന്‍ പോകുന്നു എന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്. തിരുവനന്തപുരത്തേക്ക് പോകാനുള്ള ടിക്കറ്റ് കൈവശമുണ്ടായിരുന്നത് കൊണ്ടും ചോദ്യം ചെയ്തതില്‍ മറ്റ് പ്രശ്നങ്ങള്‍ ഇല്ല എന്ന് മനസിലായത് കൊണ്ടുമാണ് ഇവരെ യാത്ര ചെയ്യാന്‍ അനുവദിച്ചതെന്ന് പൊലീസ് പറഞ്ഞു.
വിമാനത്തില്‍ 8 എ, 8 സി, 7 ഡി എന്നീ സീറ്റുകളില്‍ യാത്ര ചെയ്തിരുന്നവരാണ് അതിക്രമം കാണിച്ചതെന്നാണ് എയര്‍പോര്‍ട്ട് മാനേജര്‍ വിജിത്ത് പരാതി നല്‍കിയിട്ടുള്ളത്. കണ്ണൂരില്‍ നിന്നുമെത്തിയ മൂന്ന് യാത്രക്കാര്‍ അതിക്രമം കാണിച്ചുവെന്ന് കാണിച്ച് ഇന്‍ഡിഗോ ഗ്രൗണ്ട് ഹാന്‍ഡിലിംഗ് മാനേജരും പരാതി നല്‍കിയിട്ടുണ്ട്.