കിളികൊല്ലൂർ സ്റ്റേഷനിലെ മർദനം; പൊലീസുകാർക്കെതിരെ ക്രിമിനൽ നടപടി വേണം: ഡിവൈഎഫ്‌ഐ

കിളികൊല്ലൂർ സ്റ്റേഷനിലെ മർദനം; പൊലീസുകാർക്കെതിരെ ക്രിമിനൽ നടപടി വേണം: ഡിവൈഎഫ്‌ഐ

കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ ഡിവൈഎഫ്‌ഐ നേതാവിനെയും സൈനികനായ ജ്യേഷ്‌ഠനെയും മർദിച്ച പൊലീസുകാർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്ന്‌ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ്‌ ആവശ്യപ്പെട്ടു. വിഘ്നേഷിനെയും ജ്യേഷ്ഠനും സൈനികനുമായ വിഷ്‌ണുവിനെയുമാണ്‌ കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ പൊലീസുകാർ ക്രൂരമായി മർദിച്ചത്‌.
സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മണികണ്ഠൻ എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് എംഡിഎംഎ ലഹരിക്കേസുമായി ബന്ധപ്പെട്ട പ്രതിക്ക്‌ ജാമ്യം നിൽക്കാനെന്നു പറഞ്ഞ്‌ വിഘ്‌നേഷിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. ജാമ്യം നിൽക്കാൻ കഴിയില്ല എന്ന്‌ അറിയിച്ച വിഘ്നേഷ് സ്റ്റേഷനിൽനിന്ന് തിരികെപ്പോകാൻ ശ്രമിച്ചു.
ഇതിനിടെ വിഘ്‌നേഷിനെ തിരക്കി സ്റ്റേഷനിലേക്ക്‌ എത്തിയ ജ്യേഷ്ഠനുമായി മഫ്തി വേഷത്തിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ തർക്കത്തിൽ ഏർപ്പെടുകയും സൈനികനെ സ്റ്റേഷനിനുള്ളിലേക്ക് ബലം പ്രയോഗിച്ച് കൊണ്ടുപോകുകയുമായിരുന്നു. ഈ പോലീസുകാരൻ മദ്യപിച്ചിരുന്നു എന്ന് സ്റ്റേഷനിൽ പരാതി പറയാൻ ശ്രമിച്ച ഇവരെ പൊലീസുകാർ സ്റ്റേഷനുള്ളിൽ പൂട്ടിയിട്ട്‌ ആക്രമിക്കുകയായിരുന്നു.

വിഘ്നേഷിനെ കൈവിലങ്ങ് അണിയിച്ച്‌ ശരീരമാസകലം ലാത്തിയും ബൂട്ടും ഉൾപ്പെടെ ഉപയോഗിച്ച് മർദിച്ചു. വിഘ്നേഷിന് ഈ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. തുടർന്ന്‌ എംഡിഎംഎ കേസിലെ പ്രതികളെ മോചിപ്പിക്കാൻ പൊലീസ്‌ സ്റ്റേഷൻ ആക്രമിച്ചു എന്ന തരത്തിൽ വ്യാജവാർത്ത പ്രചരിപ്പിക്കുകയായിരുന്നു. വിഘ്നേഷിനെയും സഹോദരനെയും ജാമ്യമില്ലാവകുപ്പുകൾ ചുമത്തി റിമാൻഡ് ചെയ്‌തു.
വിഘ്‌നേഷ്‌ മജിസ്ട്രേട്ടിനോട് തനിക്ക് സ്റ്റേഷനിൽനിന്നുണ്ടായ ദുരനുഭവത്തെക്കുറിച്ച് വിശദമായി ബോധ്യപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന പൊലീസ് നയത്തിനെതിരായി പ്രവർത്തിക്കുകയും ഡിവൈഎഫ്ഐയെ അപമാനിക്കാനും ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽകേസ് ചുമത്തി നടപടിയെടുക്കണമെന്ന്‌ ഡിവൈഎഫ്ഐ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.

Tags :