സംസ്ഥാനത്ത് ഇനി ഡ്രൈഡേ ഇല്ല: ഏറ്റവും കൂടുതൽ മദ്യം ചിലവാകുന്നത് 31 ന് ; ഒന്നാം തീയതിയും മദ്യം വിൽക്കാൻ സർക്കാർ

സംസ്ഥാനത്ത് ഇനി ഡ്രൈഡേ ഇല്ല: ഏറ്റവും കൂടുതൽ മദ്യം ചിലവാകുന്നത് 31 ന് ; ഒന്നാം തീയതിയും മദ്യം വിൽക്കാൻ സർക്കാർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഒന്നാം തീയതി ബിവറേജും ബാറും അവധിയായതിനാൽ എല്ലാ മാസവും 31 ന് കൂടുതൽ മദ്യം വിൽക്കുന്നതായി കണ്ടെത്തിയ സർക്കാർ വിപ്ളവകരമായ തീരുമാനത്തിന് ഒരുങ്ങുന്നു. വർഷങ്ങൾക്ക് മുൻപ് ഇടത് സർക്കാർ തന്നെ കൊണ്ടുവന്ന ഒന്നാം തീയതിയിലെ മദ്യ നിരോധനവും ഡ്രൈഡേയും എടുത്ത് കളയാനാണ് ഇപ്പോൾ പിണറായി സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

വര്‍ഷങ്ങള്‍ക്കു മുമ്പ് ഏര്‍പ്പെടുത്തിയ “ഡ്രൈ ഡേ” സമ്ബ്രദായം ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചു. സി.പി.എം. സംസ്‌ഥാന സെക്രട്ടേറിയറ്റ്‌ ഇക്കാര്യത്തില്‍ നിർണ്ണായക നിർദേശം സർക്കാരിന് നൽകിയതായാണ് സൂചന. എല്ലാ മാസവും ഒന്നാംതീയതി ബിവറേജസ്‌/കണ്‍സ്യൂമര്‍ ഫെഡ്‌ ഔട്ട്‌ലെറ്റുകളും ബാറുകളും തുറക്കുന്ന തരത്തില്‍ അബ്‌കാരി നിയമം ഭേദഗതി ചെയ്യാനാണു സര്‍ക്കാര്‍ നീക്കം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതു സംബന്ധിച്ച ഉത്തരവ്‌ ഉടനുണ്ടാകും. ശമ്പളദിവസം കണക്കിലെടുത്താണു പ്രധാനമായും ഒന്നാംതീയതി ഡ്രൈ ഡേ ആക്കിയത്‌. ഇ.കെ. നായനാര്‍ സര്‍ക്കാരില്‍, ടി.ശിവദാസമേനോന്‍ എക്‌സൈസ്‌ മന്ത്രിയായിരിക്കേ കൈക്കൊണ്ട തീരുമാനമാണു പിണറായി സര്‍ക്കാര്‍ തിരുത്തുന്നത്‌.

ഒന്നാംതീയതിക്കു മുമ്പ് മദ്യം വാങ്ങിവയ്‌ക്കുകയോ പിറ്റേന്നു കൂടുതല്‍ മദ്യപിക്കുകയോ ചെയ്യുന്ന പ്രവണത വര്‍ധിച്ച സാഹചര്യത്തില്‍, സര്‍ക്കാര്‍ ഇതു സംബന്ധിച്ച കണക്ക്‌ ശേഖരിച്ചിരുന്നു. 31-ാം തീയതിയാണ്‌ ഏറ്റവും കൂടുതല്‍ മദ്യം ചെലവാകുന്നതെന്ന വിദഗ്‌ധ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണു വില്‍പ്പനനിരോധനം സംബന്ധിച്ച പുനര്‍വിചിന്തനം. ഒന്നാംതീയതി മദ്യവില്‍പ്പന തടയുന്നതു പ്രഹസനമായി മാറിയെന്നും ഉദ്ദേശിച്ച ഫലം ലഭിക്കുന്നില്ലെന്നുമാണു സര്‍ക്കാര്‍ വിലയിരുത്തല്‍.

ഡ്രൈ ഡേ തീരുമാനത്തെ വിനോദസഞ്ചാരമേഖല കാലങ്ങളായി എതിര്‍ത്തുവരുന്നു. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ വിദേശവിനോദസഞ്ചാരികള്‍ ഇതിന്റെ പേരില്‍ പ്രശ്‌നമുണ്ടാക്കാറുണ്ട്‌. അവരെ അമ്പരപ്പിക്കുന്നതായിരുന്നു കേരളത്തിലെ ഒന്നാംതീയതി മദ്യവിലക്ക്‌. ഹോട്ടലുകളും റിസോര്‍ട്ടുകളും മറ്റും ഒന്നാംതീയതികളില്‍ അതിഥിസല്‍ക്കാരം ഒഴിവാക്കുന്നു. വന്‍കിടനിക്ഷേപത്തിനായി അടുത്തിടെ കേരളം സന്ദര്‍ശിച്ച ഉത്തരേന്ത്യന്‍ വ്യവസായികളും വിദേശികളും ടെക്കികളും
ഡ്രൈ ഡേ തീരുമാനം ഉപേക്ഷിക്കണമെന്നു സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടിരുന്നു.

ഇതേത്തുടര്‍ന്നാണു സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പഠനം നടത്തിയത്‌. ഒന്‍പത്‌, 10 തീയതികളില്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന നിക്ഷേപ ഉച്ചകോടിയിലും ഇക്കാര്യം പരാമര്‍ശിക്കപ്പെടുമെന്നാണു സൂചന. ശമ്പളവിതരണത്തില്‍ത്തന്നെ കാര്യമായ മാറ്റങ്ങളുണ്ടായ സ്‌ഥിതിക്ക്‌, ഒന്നാംതീയതി മദ്യവില്‍പ്പനവിലക്ക്‌ തുടരുന്നതില്‍ കാര്യമില്ലെന്ന നിലപാടാണു സര്‍ക്കാരിനുള്ളത്‌. ഡ്രൈ ഡേകളുടെ എണ്ണം കുറയുന്നതു ഖജനാവിനു നേട്ടമാകുകയും ചെയ്യും.