ജീവിതത്തിൽ ഇന്ന് വരെ മദ്യം കൈകൊണ്ട് തൊടാത്ത മാന്യൻ ശ്രീറാം വെങ്കിട്ടരാമൻ: മാന്യനായ തന്നെ കേസിൽ കുടുക്കി: സസ്‌പെൻഷൻ പിൻവലിക്കാൻ ശ്രീറാം ട്രൈബ്യൂണലിലേയ്ക്ക്; സർക്കാരിനെ കാത്തിരിക്കുന്നത് മറ്റൊരു തിരിച്ചടിയോ..?
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ നിന്നും പുഷ്പം പോലെ രക്ഷപെടാൻ വഴിയൊരുങ്ങിയ ശ്രീറാം വെങ്കിട്ടരാമന് സർവീസിൽ തിരികെ കയറാനുള്ള മാർഗവും തെളിയുന്നു. താൻ ജീവിതത്തിൽ ഇന്നു വരെ മദ്യം തൊട്ടിട്ടില്ലെന്നും മാന്യനാണെന്നുമുള്ള വാദമുഖങ്ങളുമായി ശ്രീറാം വെങ്കിട്ടരാമൻ ട്രൈബ്യൂണലിനെ സമീപിക്കാൻ ഒരുങ്ങുകയാണ്. നിലവിൽ സർക്കാർ സസ്‌പെന്റ് ചെയ്തിരിക്കുന്ന ശ്രീറാമിന് തിരികെ സർവീസിൽ എത്താൻ അവസരം ഒരുങ്ങിയാൽ സർക്കാരിന് അത് കനത്ത തിരിച്ചടിയായി മാറും.
അപകടത്തിന് ശേഷം മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ വൈകിയതിനെ തുടർന്നാണ് ശ്രീറാമിന് കേസിൽ നിന്നും രക്ഷപെടാൻ വഴിയൊരുങ്ങിയത്. ഇതേ തുടർന്ന് കേസിൽ അറസ്റ്റിലായി ഒരു ദിവസം പോലും ജയിലിൽ കഴിയുന്നതിനു മുൻപ് തന്നെ ശ്രീറാമിന് ജാമ്യത്തിൽ ഇറങ്ങാൻ അവസരം ഒരുങ്ങുകയും ചെയ്തു. ശ്രീറാമിന്റെ ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിച്ച സർക്കാരിന് ആവശ്യത്തിന് ലഭിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് തനിക്ക് ലഭിച്ച അനുകൂല ഘടകങ്ങൾ ഉപയോഗിച്ച് കേസിൽ ട്രൈബ്യൂണലിനെ സമീപിച്ച് സസ്‌പെൻഷൻ പിൻവലിക്കാൻ ശ്രീറാം നീക്കം തുടങ്ങിയിരിക്കുന്നത്.
സസ്‌പെൻഷൻ പിൻവലിച്ച് സർവീസിൽ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ശ്രീറാം വെങ്കിട്ടരാമൻ സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ (സി.എ.ടി) ഹർജി നൽകും. നേരത്തേ കീഴ്‌ക്കോടതി ജാമ്യം അനുവദിച്ചതും ട്രിബ്യൂണലിൽ ചൂണ്ടിക്കാട്ടും.
തനിക്കെതിരേയുള്ള കുറ്റം തെളിയിക്കാൻ പോലീസിനു കഴിഞ്ഞില്ല. ജീവിതത്തിൽ ഇതുവരെ മദ്യപിച്ചിട്ടില്ല. മനഃപൂർവമല്ലാത്ത വാഹനാപകടമാണു സംഭവിച്ചത്. താൻ മദ്യപിച്ചിരുന്നെന്നു സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിൽ സ്ഥിരീകരിക്കാനാകില്ല. രക്തത്തിൽ മദ്യത്തിന്റെ അംശം കണ്ടത്താത്തതിനാൽ നരഹത്യാക്കുറ്റം നിലനിൽക്കില്ല. അതിനാൽ സസ്‌പെൻഷൻ അന്യായമായ നടപടിയാണെന്നും പ്രബേഷനുശേഷമുള്ള ആദ്യ നിയമനമാണു ചുമതലയേൽക്കും മുമ്പു സസ്‌പെൻഷൻ വഴി തടഞ്ഞതെന്നും ഹർജിയിൽ പറയും.