വയനാട്ടിൽ പച്ചക്കറി വണ്ടിയുടെ മറവിൽ  നിരോധിത പുകയില ഉത്പന്നങ്ങൾ കടത്തി; 30 ലക്ഷം രൂപയുടെ ഹാൻസുമായി ഒരാൾ അറസ്റ്റിൽ

വയനാട്ടിൽ പച്ചക്കറി വണ്ടിയുടെ മറവിൽ നിരോധിത പുകയില ഉത്പന്നങ്ങൾ കടത്തി; 30 ലക്ഷം രൂപയുടെ ഹാൻസുമായി ഒരാൾ അറസ്റ്റിൽ

സ്വന്തം ലേഖകൻ

കൽപ്പറ്റ: വയനാട്ടിൽ നിരോധിത പുകയില ഉത്പന്നവേട്ട. കഴിഞ്ഞ ദിവസം കാട്ടിക്കുളത്ത് നടന്ന വാഹനപരിശോധനയ്ക്കിടെ പിടികൂടിയത് 30 ലക്ഷം രൂപയുടെ ഹാൻസ്. സംശയം തോന്നാതിരിക്കാൻ പച്ചക്കറി വണ്ടിയുടെ മറവിലാണ് ഹാൻസ് പായ്ക്കറ്റുകള്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. വെള്ളിയാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് വൻ തോതിൽ ലഹരി വസ്തുക്കൾ പിടികൂടിയത്.

തിരുനെല്ലി പൊലീസാണ് വാഹന പരിശോധനക്കിടെ പച്ചക്കറി വാനിൽ നിന്നും ഹാൻസ് കണ്ടെടുത്തത്. കർണാടകയിൽനിന്ന് പച്ചക്കറിയെന്ന വ്യാജേന എത്തിയ വാഹനത്തിലുണ്ടായിരുന്നത് കെട്ടുകണക്കിന് ഹാൻസ് പാക്കറ്റുകളാണ്. സംശയം തോന്നി ലോറി തുറന്ന് നോക്കിയ പൊലീസ് കാണുന്നത് 75 ചാക്കുകൾ ആണ്. ആകെ 56,250 ഹാൻസ് പാക്കറ്റുകളാണ് 75 ചാക്കുകളിലായി ഉണ്ടായിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ വാഹനത്തിന്‍റെ ഡ്രൈവര്‍ വാളാട് സ്വദേശി ഷൗഹാൻ സർബാസിനെ തിരുനെല്ലി പൊലീസ് അറസ്റ്റ് ചെയ്തു. വാഹനവും കസ്റ്റഡിയിലെടുത്തു. മാനന്തവാടി, കാട്ടിക്കുളം എന്നിവിടങ്ങളിലെ സ്കൂൾ പരിസരങ്ങളിൽ വിൽപ്പന നടത്താനായി കൊണ്ടുവന്നവയാണ് ഹാൻസ് പായ്ക്കറ്റുകളെന്നാണ് പ്രാഥമിക നിഗമനം. ഓണക്കാലമായതിനാൽ, അതിർത്തി പ്രദേശങ്ങളിൽ പരിശോധന ശക്തമാക്കാനാണ് പൊലീസിന്‍റേയും എക്സൈസിന്‍റേയും തീരുമാനം.