മദ്യവും മദിരാക്ഷിയും; നഗരത്തിൽ ലിവിങ് ടുഗദർ മറവിൽ അനാശാസ്യം കൊഴുക്കുന്നു; മോമ്പൊടിക്ക് മയക്കുമരുന്നും; നിസ്സഹായരായി പൊലീസ്
സ്വന്തം ലേഖകൻ
കോഴിക്കോട്: വീട്ടുജോലിക്കെന്ന് പറഞ്ഞ് കേരളത്തിലെത്തിച്ച യുവതിയെ ലോഡ്ജ് നടത്തിപ്പുകാരനടക്കം പീഡിപ്പിക്കുകയും നിരവധി പേർക്ക് കൈമാറുകയും ചെയ്തുവെന്ന് അന്യസംസ്ഥാനക്കാരിയായ യുവതി പോലീസിൽ പരാതിപ്പെട്ടത് ഈ മാസം മൂന്നാം തീയതിയാണ്.
മിഠായിത്തെരുവിലെ സ്വകാര്യ ലോഡ്ജിൽനിന്ന് പീഡനം സഹിക്കാനാവാതെ ഇറങ്ങിയോടിയ യുവതിയെ ഒരുമാസത്തോളമാണ് നിരവധിയാളുകൾ ചേർന്ന് പീഡിപ്പിച്ചത്. നാട്ടിലെ രണ്ട് പേർ ചേർന്ന് യുവതിയെ കേരളത്തിലെത്തിക്കുകയായിരുന്നു. ലോഡ്ജിൽ മുറിയെടുക്കുന്നതിനായി ലിവിങ് ടുഗെദർ ആണെന്ന് പറയണമെന്നും യുവതിക്ക് നിർദേശം നൽകി.
സമാനമായ രീതിയിൽ നഗരത്തിന്റെ പല ഭാഗങ്ങളിലും ലിവിങ് ടുഗെദർ ബന്ധത്തിന്റെ മറവിൽ പെൺവാണിഭവും ലഹരിക്കടത്തും നടക്കുന്നുണ്ടെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. പ്രായപൂർത്തിയായ സ്ത്രീക്കും പുരുഷനും വിവാഹം കഴിക്കാതെ ജീവിക്കാമെന്ന കോടതി വിധിയുള്ളതിനാൽ പീഡനം നടക്കുകയോ അല്ലെങ്കിൽ സ്ത്രീകളുടെ പരാതിയോ ഇല്ലെങ്കിൽ നടപടിയെടുക്കാൻ പോലീസിനോ ബന്ധപ്പെട്ടവർക്കോ കഴിയുന്നുമില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോവിഡ് കാലത്തിന് ശേഷമാണ് സത്രീകളെ വലിയ തോതിൽ കഞ്ചാവ് കടത്തിനും മയക്കുമരുന്ന് കടത്തിനുമായി ഉപയോഗപ്പെടുത്തുന്നത് കൂടുതൽ കണ്ടുതുടങ്ങുന്നതെന്ന് അധികൃതർ പറയുന്നു. ഭാര്യാഭർത്താക്കന്മാരെന്ന വ്യാജേന മുറിയെടുക്കുകയും അത് വഴി കഞ്ചാവ് വിൽപ്പനയും ലഹരിമരുന്ന് കടത്തും സജീവമാകുകയാണ്. പതിനെട്ട് വയസ്സ് കഴിഞ്ഞാൽ പിന്നെ ഹോട്ടലുകളിൽ റെയ്ഡിനും മറ്റും പോലീസ് എത്തില്ലെന്നതാണ് സ്ത്രീകളെ കൂടുതൽ ഇറക്കാൻ കാരണം. കഴിഞ്ഞ ഒരു വർഷം കൊണ്ട് മാത്രം 3484 കിലോഗ്രാം കഞ്ചാവാണ് കേരളത്തിൽ നിന്ന് എക്സൈസ് പിടികൂടിയത്. മറ്റുള്ള ലഹരിമരുന്നുകൾക്ക് പുറമെയാണിത്. ഇതിൽ ഭൂരിഭാഗം കേസുകളിലും സ്ത്രീകളും ഉൾപ്പെടുന്നു. സ്ത്രീകളുമായി യാത്ര ചെയ്യുമ്പോൾ അത്ര പെട്ടെന്ന് പോലീസ് പിടികൂടാനുള്ള സാധ്യതയില്ലാത്തതും ഇവരെ കൂടുതൽ ഉപയോഗിക്കുന്നതിന് കാരണമാകുന്നുവെന്ന് പോലീസും പറയുന്നു.
ലോക്ക്ഡൗണിന് ശേഷം നിയന്ത്രണങ്ങൾ പിൻവലിച്ചതിന് പിന്നാലെയാണ് നഗരം കേന്ദ്രീകരിച്ച് വൻതോതിൽ പെൺവാണിഭവും ലഹരിക്കടത്തും നടക്കുന്നത്. നിലവിലെ സാഹചര്യത്തിൽ കോഴിക്കോടുൾപ്പെടെയുള്ള സ്ഥലങ്ങളിലെ ലോഡ്ജുകളിൽ സ്ഥിരതാമസക്കാരായ അന്യസംസ്ഥാന യുവതികളെ കേന്ദ്രീകരിച്ച് രഹസ്യാന്വേഷണ വിഭാഗം പരിശോധന ആരംഭിച്ചിട്ടുണ്ട്.
മിഠായിത്തെരുവിലെ ലോഡ്ജിൽ യുവതിയെ പീഡിപ്പിച്ച കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതികളുടെ മൊഴിപ്രകാരം കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപത്തെ ലോഡ്ജിൽ പോലീസ് നടത്തിയ റെയ്ഡിലും വൻ തോതിൽ ലഹരിമരുന്നുകളാണ് കണ്ടെത്തിയത്. പെൺകുട്ടിയടക്കം രണ്ട് പേർ അറസ്റ്റിലാവുകയും ചെയ്തു. ഇവരിൽ നിന്ന് ഒരു ഗ്രാം എം.ഡി.എം.എ, 25 ഗ്രാം കഞ്ചാവ്, സിറിഞ്ചുകൾ എന്നിവയെല്ലാം പിടിച്ചെടുത്തിട്ടുണ്ട്. ലോഡ്ജുകളും വീടുകളും കേന്ദ്രീകരിച്ചും അതിനൊപ്പം ലോഡ്ജിൽ താമസിച്ച് സൗകര്യമായ സ്ഥലത്ത് സ്ത്രീകളെ കൊണ്ടുപോയും പെൺവാണിഭ സംഘങ്ങളും സജീവമാകുന്നുണ്ട്. മറുനാടൻ തൊഴിലാളികളുടെ എണ്ണം കേരളത്തിൽ വലിയ തോതിൽ വർധിച്ചത് പെൺകുട്ടികളെ ഇവിടെയെത്തിക്കാൻ ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന ഏജന്റുമാർക്ക് എളുപ്പമാകുന്നുമുണ്ട്. കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി മുതലാക്കിയാണ് പലരേയും കടത്തിനെത്തിക്കുന്നത്. പ്രതിഫലം കൂടുതൽ കിട്ടാൻ പെൺവാണിഭ സംഘത്തിനൊപ്പവും കൂടും.
ഒരുമാസം മുന്നെയാണ് കോഴിക്കോട് കുന്ദമംഗലത്ത് വെച്ച് 40 കിലോ കഞ്ചാവുമായി ഒരു സ്ത്രീയും പുരുഷനും പോലീസിന്റെ പിടിയിലാവുന്നത്. ലിവിങ് ടുഗെദർ എന്ന് പറഞ്ഞ് ചേവരമ്പലത്ത് വീട് വാടകയ്‌ക്കെടുക്കുകയും കഞ്ചാവ് വിൽപ്പനയും വേശ്യാവൃത്തിയും നടത്തുകയായിരുന്നു. പലപ്പോഴും ഒരു പാക്കേജ് എന്ന രീതിയിലാണ് ലഹരിമരുന്ന് വിൽപ്പനയും പെൺവാണിഭവും നടത്തുന്നതെന്നാണ് പോലീസ് പറയുന്നത്. ലഹരിമരുന്ന് ഇടപാടുകാർ തന്നെയായിരിക്കും പെൺകുട്ടികൾക്കായുള്ള ആവശ്യക്കാരും. വലിയ തിരക്കില്ലാത്ത ഇടങ്ങൾ നോക്കി മുറികൾ ബുക്ക് ചെയ്യുകയും അവിടം കേന്ദ്രീകരിച്ച് ഇടപാടുകൾ നടത്തുകയുമാണ് പ്രധാനം. ഓൺലൈൻ ആപ്പ് വഴിയും മറ്റും മുറികൾ ബുക്ക് ചെയ്യുന്നത് കൊണ്ട് ലോഡ്ജ് നടത്തിപ്പുകാർക്ക് പോലും കൂടുതൽ വിവരങ്ങൾ ലഭിക്കുന്നില്ല. മിക്ക ലോഡ്ജുകളും ഇടപാടുകാർക്ക് സഹായം ചെയ്യുകയും ചെയ്യും. ഇതിൽ കാര്യമായി ഒന്നും ചെയ്യാനാവുന്നില്ലെങ്കിലും ലഹരി ഇടപാടിനെതിരേ നടപടിയെടുക്കാമെന്നുള്ളത് കൊണ്ട് ഇത് സംബന്ധിച്ച അന്വേഷണമാണ് ഇപ്പോൾ പോലീസ് ഊർജിതമാക്കുന്നത്.
ലിവിങ് ടുഗെദറിന്റെ പേരിൽ കോഴിക്കോട് നഗരത്തിലെ ലോഡ്ജുകൾ കേന്ദ്രീകരിച്ച് പെൺവാണിഭ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട് എന്നത് യാഥാർഥ്യമാണെന്ന് കോഴിക്കോട് സിറ്റി അസിസ്റ്റന്റ് കമ്മീഷണർ പി.ബിജുരാജ് പറഞ്ഞു. പക്ഷേ, പിടിക്കപ്പെടുമ്പോൾ ലിവിങ് ടുഗെദർ ആണ് എന്ന് പറയുമ്പോൾ പോലീസിന് ഒന്നും ചെയ്യാനാവാത്ത അവസ്ഥയാണ്. ഇതിനായി നിരവധി ഏജന്റുമാരും പ്രവർത്തിക്കുന്നുണ്ട്. ഇവരെക്കുറിച്ച് അന്വേഷണം നടത്തി വരികയാണ്.