ലഹരിമാഫിയയുടെ കരങ്ങളിൽ മനുഷ്യജീവിതങ്ങൾ പൊലിയുമ്പോൾ; കൗമാരക്കാരെ ഭയന്ന് ജീവിക്കുന്ന മാതാപിതാക്കൾ; ഡോക്ടർ വന്ദന ദാസിനെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതി മയക്കുമരുന്നിന് അടിമയാണെന്ന് കേരള പൊലീസിനും പൊതുവിദ്യാഭ്യാസ വകുപ്പിനും അറിയാമായിരുന്നു; എന്നിട്ടും വളരെ ലാഘവത്തോടെ അയാളെ കൈകാര്യം ചെയ്തതെന്ന കാര്യം ഞെട്ടലുണ്ടാക്കുന്നു
സ്വന്തം ലേഖകൻ
കേരളത്തിൽ അടുത്തകാലത്തായി ലഹരിമാഫിയ പിടിമുറുക്കിയിരിക്കുകയാണ്. നാടൻ ചാരായവും കഞ്ചാവും മുതൽ മാരക മയക്കുമരുന്നായ എംഡിഎംഎ വരെ ഇന്ന് കേരളത്തിലെ കൗമാരക്കാർക്ക് പോലും സുലഭമായി ലഭിക്കുന്ന സാഹചര്യമാണ്. പല വീടുകളിലെയും കൗമാരക്കാർ മയക്കുമരുന്നിന് അടിമകളാണ്. ആദ്യം നാണക്കേട് ഭയന്ന് മാതാപിതാക്കൾ മൗനം പാലിക്കുകയും പുറത്ത് പറയാതിരിക്കുകയും ചെയ്യും.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ അധ്യാപകനായിരുന്ന പൂയംപള്ളി സ്വദേശി സന്ദീപ് കുത്തിക്കൊന്നു എന്നത് ഒരു ഒറ്റപ്പെട്ട സംഭവമായി തള്ളിക്കളായവുന്ന ഒന്നല്ല. ഡോക്ടർ വന്ദന ദാസിനെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതി മയക്കുമരുന്നിന് അടിമയാണെന്ന് കേരള പൊലീസിനും പൊതുവിദ്യാഭ്യാസ വകുപ്പിനും അറിയാമായിരുന്നു. മാരക മയക്കുമരുന്നായ എംഡിഎംഎ ഉപയോഗിച്ച കേസിൽ ഇയാൾ സസ്പെൻഷനിലും ആയിരുന്നു. പക്ഷേ, കുട്ടുകളുമായും പൊതുജനങ്ങളുമായും നിരന്തരം സമ്പർക്കം പുലർത്തുന്ന ഒരു മനുഷ്യൻ ലഹരിക്ക് അടിമയാകുകയും ലഹരി മാഫിയയുടെ കണ്ണിയാകുകയും ചെയ്തിട്ടും വളരെ ലാഘവത്തോടെയാണ് അയാളെ കൈകാര്യം ചെയ്തതെന്ന കാര്യം വലിയ ഞെട്ടലുണ്ടാക്കുന്നതാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓരോ പ്രദേശത്തെയും ചെറു സുഹൃത് സംഘങ്ങളിലെ നേതാവിനെയാണ് ലഹരി സംഘം ലക്ഷ്യം വെക്കുന്നത്. ഇവർ പഠനത്തിലും മറ്റ് കാര്യങ്ങളിലും മിടുക്കരായിട്ടുള്ളവരാകും. സമൂഹത്തിലുള്ള എല്ലാവർക്കും ഇഷ്ടമുള്ള കൗമാരക്കാരുമായി ലഹരി മാഫിയയുടെ കണ്ണികൾ സൗഹൃദം സ്ഥാപിക്കും. കഥകളും സംഭവകഥകളും പറഞ്ഞ് ലഹരിയുടെ വീര്യം ഇവർ കുട്ടികളുടെ മനസ്സിലേക്ക് ആദ്യം കുത്തിവെക്കും. പിന്നീട് സൗജന്യമായി ലഹരി വസ്തുക്കൾ നൽകും. പഠനത്തിലും പഠനേതര പ്രവർത്തനങ്ങളിലും മുന്നിൽ നിൽക്കുന്ന തങ്ങളുടെ മക്കൾ ലഹരി ഉപയോഗിക്കുന്നു എന്നത് ആദ്യം തന്നെ പല മാതാപിതാക്കളുടെയും ശ്രദ്ധയിൽപെട്ടാലും അവർ അത് ഉൾക്കൊള്ളില്ല. മക്കളുടെ ഭാവി ചീത്തയാകാതിരിക്കാൻ ഇവർ ആദ്യം തന്നെ മൗനം പാലിക്കുന്നതാണ് ഏറെ അപകടം ചെയ്യുന്നത്.
ഇന്ന് ഗ്രാമപ്രദേശങ്ങളിൽ പോലും പല വീടുകളിലും കൗമാരക്കാരായ മക്കളെ പേടിച്ച് കഴിയുന്ന മാതാപിതാക്കളുണ്ട്. മക്കളുടെ കൂട്ടുകാരാൽ പീടിപ്പിക്കപ്പെടുന്ന സഹോദരിമാരും അമ്മമാരുമുണ്ട്. മക്കളുടെ തല്ല് വാങ്ങേണ്ടി വരുന്ന മാതാപിതാക്കന്മാരുണ്ട്. ഇവരിതെല്ലാം നിശബ്ദം സഹിക്കുന്നത് നാണക്കേട് ഭയന്നാണ് എന്നതാണ് ഏറെ ദുഖകരം. സ്കൂൾ കുട്ടികൾ മാത്രമല്ല, സ്കൂളുകളിൽ പഠിപ്പിക്കുന്ന അധ്യാപകരും ലഹരി മാഫിയയുടെ കണ്ണികളായുണ്ട് എന്നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ സംഭവം നമ്മോട് പറയുന്നത്. എന്നാൽ, നമ്മുടെ ഭരണസംവിധാനം പാലിക്കുന്ന നിശബ്ദതയാണ് പലപ്പോഴും ലഹരി സംഘത്തിനും വളമാകുന്നത്.
കേരളത്തിലെ ഓരോ പ്രദേശത്തെയും ലഹരി സംഘങ്ങളെ കുറിച്ച് പൊലീസിനും എക്സൈസിനും വ്യക്തമായ അറിവുണ്ട്. പല ലഹരി സംഘങ്ങൾക്കും രാഷ്ട്രീയ പാർട്ടികളിലെ പ്രബലരുമായി ബന്ധവുമുണ്ട്. അതുകൊണ്ട് തന്നെ പലപ്പോഴും ലഹരി മാഫിയയിലെ ചെറുമീനുകളെ മാത്രമാണ് പൊലീസിനോ എക്സൈസിനോ പിടിക്കാൻ കഴിയുക. നമ്മുടെ പൊതു ഇടങ്ങളും പൊതുവഴികളും മാത്രമല്ല, സ്വകാര്യ വ്യക്തികളുടെ റിസോട്ടും ഹോട്ടലുകളും വീടുകളും പുരയിടങ്ങളും പോലും ലഹരി മാഫിയ കയ്യടക്കിയിരിക്കുകയാണ്.
സംസ്ഥാന സർക്കാർ ലഹരിക്കെതിരെ പോരാട്ടം ശക്തമാക്കി എന്ന് പറയുമ്പോഴും ഭരണപക്ഷത്തിന്റെ പിന്തുണ പല ലഹരി സംഘങ്ങൾക്കും ഉണ്ടെന്നത് പത്രവാർത്തകളിലൂടെ നാം വായിച്ചതാണ്. ഇനിയും ഈ നാട്ടിലെ പൊതുജനങ്ങളും സാമൂഹിക – സന്നദ്ധ സംഘടനകളും ലഹരി മാഫിയക്കെതിരെ പ്രതികരിക്കാൻ തയ്യാറായില്ലെങ്കിൽ ഡോക്ടർ വന്ദന ദാസിന്റെ സ്ഥാനത്ത് നമ്മൾ ഓരോരുത്തരുടേയോ മക്കളുടെയോ പേരുകൾ വരാൻ അധികനാൾ കാത്തിരിക്കേണ്ടി വരില്ല.