play-sharp-fill
ഒരു ദിവസം 147 ലൈസൻസ് ടെസ്റ്റ്, 50 വാഹന ഫിറ്റ്നെസ്; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷണത്തില്‍

ഒരു ദിവസം 147 ലൈസൻസ് ടെസ്റ്റ്, 50 വാഹന ഫിറ്റ്നെസ്; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷണത്തില്‍

റെക്കോഡ് വേഗത്തില്‍ നടപടി പൂർത്തിയാക്കി ലൈസൻസ് നല്‍കുന്ന മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷണത്തില്‍. കുറഞ്ഞ സമയത്തിനുള്ളില്‍ സംസ്ഥാനത്തെ പല ആർ.ടി.ഓഫീസുകളും ഒട്ടേറെ ലൈസൻസ് നല്‍കിയത് മന്ത്രി ഗണേഷ്കുമാറിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.

റോഡ് ടെസ്റ്റ്, ലൈസൻസ് പുതുക്കല്‍, ഫിറ്റ്നസ് പരിശോധന തുടങ്ങിയ ജോലികള്‍ ചില ഉദ്യോഗസ്ഥർ അതിവേഗം പൂർത്തിയാക്കിയതായാണ് കണ്ടെത്തിയത്. ഇതിന്റെ യാഥാർഥ്യം പരിശോധിക്കാൻ ഉദ്യോഗസ്ഥരെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി ടെസ്റ്റുകള്‍ നടത്തിച്ചു. ആവശ്യമായ സമയം എടുത്തല്ല പലരും ലൈസൻസ് പരിശോധന നടത്തിയതെന്ന് ബോധ്യപ്പെട്ടതിനെത്തുടർന്നാണ് നിരീക്ഷണം ശക്തമാക്കിയത്.


കഴിഞ്ഞ ദിവസം കെ.എസ്.ആർ.ടി.സി.യുടെ ഔദ്യോഗിക ‘ഫെയ്സ്ബുക്ക്’ പേജില്‍ മന്ത്രി പുറത്തിറക്കിയ വീഡിയോയില്‍ ഇത്തരം ‘അമാനുഷിക’ ഉദ്യോഗസ്ഥരെ പരാമർശിക്കുകയും അവർക്കെതിരേ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പു നല്‍കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഫെബ്രുവരി 22-ന് പൊന്നാനിയിലെ ഒരു ഉദ്യോഗസ്ഥൻ അഞ്ചുമണിക്കൂറിനകം 147 ഡ്രൈവിങ് ലൈസൻസ് അപേക്ഷകളില്‍ നൂറിലധികംപേർക്ക് ലൈസൻസ് നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏതാണ്ട് ഇതേ സമയത്ത് 50 പഴയ വാഹനങ്ങള്‍ പരിശോധിച്ച്‌ ഫിറ്റ്നസ് നല്‍കി. കൂടാതെ മിനിറ്റുകള്‍ക്കകം 38 ഹെവി ലൈസൻസ് നല്‍കുകയും 16 ലൈസൻസ് പുതുക്കുകയും ചെയ്തതായും പഴയ രേഖകള്‍ പരിശോധിച്ചതില്‍നിന്നു ബോധ്യപ്പെട്ടെന്ന് ഉദ്യോഗസ്ഥന്റെ പേര് പരാമർശിക്കാതെ മന്ത്രി പറഞ്ഞു. രാവിലെ 8.30-നാണ് ഡ്രൈവിങ് ലൈസൻസ് ടെസ്റ്റുകള്‍ നടക്കാറുള്ളത്. 1.30-ന് അവസാനിക്കും. അതിവേഗ ടെസ്റ്റിങ് കണ്ടെത്തിയതോടെയാണ് മന്ത്രിതന്നെ മുൻകൈയെടുത്ത് ഇക്കാര്യം പരിശോധിക്കാൻ തീരുമാനിച്ചത്.

റോഡിലൂടെ വണ്ടിയോടിച്ചു കാണിച്ചുള്ള ടെസ്റ്റ് പൂർത്തിയാക്കാൻ ഒരു ഉദ്യോഗസ്ഥന് ചുരുങ്ങിയത് 15 മുതല്‍ 18 മിനിറ്റുവരെ വേണ്ടിവന്നതായി ബോധ്യപ്പെട്ടെന്നും മന്ത്രി പറയുന്നു. റോഡുസുരക്ഷാകാര്യങ്ങളില്‍ മന്ത്രിയുടെ കർശന നിലപാടിന്, കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നടന്ന കെ.എസ്.ആ.ർ.ടി.സി. ഡ്രൈവിങ് സ്കൂളിന്റെ സംസ്ഥാനതല ഉദ്ഘാടനവേളയില്‍ മുഖ്യമന്ത്രിയും പിന്തുണയറിയിച്ചിട്ടുണ്ട്.