ഇനി കുടിവെള്ളവും പൊള്ളും; സംസ്ഥാനത്ത് കുടിവെള്ളത്തിന്റെ നിരക്കും വര്‍ധിപ്പിക്കുന്നു; നിരക്ക് വര്‍ധനവ് നാളെ മുതല്‍ പ്രാബല്യത്തില്‍

ഇനി കുടിവെള്ളവും പൊള്ളും; സംസ്ഥാനത്ത് കുടിവെള്ളത്തിന്റെ നിരക്കും വര്‍ധിപ്പിക്കുന്നു; നിരക്ക് വര്‍ധനവ് നാളെ മുതല്‍ പ്രാബല്യത്തില്‍

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഇന്ധനം, പാചകവാതകവുമെല്ലാം വിലക്കയറ്റത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ നില്‍ക്കുന്നമ്പോൾ സംസ്ഥാനത്ത് കുടിവെള്ളത്തിന്റെ നിരക്കും വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നു.

വെള്ളിയാഴ്ച മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും. അടിസ്ഥാന നിരക്കില്‍ അഞ്ച് ശതമാനം വര്‍ധനവാണ് ഉണ്ടാകാന്‍ പോകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വര്‍ധനവ് വരുന്നതോടെ 1000 ലിറ്ററിന് നാല് രൂപ 41 പൈസ എന്ന നിരക്ക് ഗാര്‍ഹിക ഉപഭോക്താവ് നല്‍കേണ്ടി വരും. നിലവിലെ നിരക്ക് നാല് രൂപ 20 പൈസയാണ്. ഗാര്‍ഹികേതര ഉപഭോക്താക്കള്‍ക്ക് ആയിരം ലിറ്ററിന് നേരത്തെ നല്‍കേണ്ടിയിരുന്നത് 15 രൂപ 75 പൈസയായിരുന്നു. ഇനി മുതല്‍ 16 രൂപ 54 പെെസ നല്‍കണം.

വ്യാവസായിക കണക്ഷനുകള്‍ക്ക് ആയിരം ലിറ്ററിന് 44.10 രൂപയാണ് പുതുക്കിയ നിരക്ക്. ഗാര്‍ഹിക, ഗാര്‍ഹികേതര, വ്യാവസായിക കണക്ഷനുകളിലെ എല്ലാ സ്ലാബുകളിലും അഞ്ച് ശതമാനം വര്‍ധനവാണ് ജല അതോറിറ്റി നിശ്ചയിച്ചിരിക്കുന്നത്.

നിലവില്‍ 5000 ലിറ്റര്‍ വരെ വെള്ളത്തിന് 21 രൂപ ഈടാക്കിയിരുന്ന സ്ഥാനത്ത് ഇനി മുതല്‍ 22.05 രൂപയാകും. പ്രതിമാസം പതിനായിരം ലിറ്ററിന് മുകളില്‍ ഉപയോഗിക്കുന്നതിന് ഏഴ് സ്ലാബ് അടിസ്ഥാനമാക്കി ബില്ലില്‍ അഞ്ച് ശതമാനം വര്‍ധനവാകും ഉണ്ടാവുക.

സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തുന്നതിനുള്ള ഉപാധി എന്ന നിലയിലാണ് കുടിവെള്ള നിരക്ക് വര്‍ധിപ്പിക്കുന്നത്. 2021 മുതലാണ് ഇത്തരത്തില്‍ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ ആരംഭിച്ചത്. അതേസമയം പ്രതിമാസം 15,000 ലിറ്റര്‍ വരെ ഉപയോഗിക്കുന്ന ബിപിഎല്‍ കുടുംബങ്ങള്‍ക്കുള്ള സൗജന്യം തുടര്‍ന്നും ഉണ്ടാകും.