‘താൻ ലഹരിക്ക് അടിമയല്ല’..! ആശുപത്രിയിൽ പരിശോധനയ്ക്കിടെ ചിലരുടെ സംസാരം പ്രകോപിപ്പിച്ചു..! പുരുഷ ഡോക്ടറെ ആക്രമിക്കാനാണ് കരുതിയിരുന്നതെന്നും സന്ദീപ്…! കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഡോ. വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപിനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് ഇന്ന് അപേക്ഷ നൽകും. പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന സന്ദീപ് മാനസിക പ്രശ്നങ്ങളോ മറ്റ് അസ്വസ്ഥതകളോ പ്രകടിപ്പിക്കുന്നില്ലെന്ന് ജയിൽ അധികൃതർ അറിയിച്ചു.
പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ജയിലിൽ എത്തി സന്ദീപിനെ പരിശോധിച്ചു. സന്ദീപിനെ കസ്റ്റഡിയിൽ വാങ്ങാൻ കൊട്ടാരക്കര കോടതിയിൽ പൊലീസ് ഇന്ന് അപേക്ഷ നൽകും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആക്രമിക്കപ്പെടുമെന്ന് തോന്നിയതിനാലാണ് ആശുപത്രിയിൽ ആക്രമണം നടത്തിയതെന്നാണ് സന്ദീപ് പറയുന്നത്. താൻ ലഹരിക്ക് അടിമയല്ലെന്നും ജയിൽ ഉദ്യോഗസ്ഥരോട് സന്ദീപ് പറഞ്ഞു. ആശുപത്രിയിൽ പരിശോധനയ്ക്കിടെ ചിലരുടെ സംസാരം പ്രകോപിപ്പിച്ചു.
പുരുഷ ഡോക്ടറെ ആക്രമിക്കാനാണ് കരുതിയിരുന്നത്. ഡോക്ടറുടെ ഭാഗത്തുനിന്ന് എന്തെങ്കിലും നീക്കമുണ്ടായാൽ പ്രതിരോധിക്കാനാണ് കത്രികയെടുത്ത് കൈയിൽപ്പിടിച്ചത്. ഡോ. വന്ദനാദാസിനെ കുത്തിയത് ഓർമയുണ്ടെന്നും മരിച്ചത് അറിയില്ലായിരുന്നെന്നും പ്രതി പറഞ്ഞു. താൻ കരാട്ടെ ബ്ലാക്ക് ബെൽറ്റാണെന്നാണ് സന്ദീപ് ജയിൽ അധികൃതരോട് പറഞ്ഞത്.
ആരോഗ്യപ്രവർത്തകരുടെ പെരുമാറ്റം ഇഷ്ടപ്പെടാത്തത് കൊണ്ടാണ് അക്രമിച്ചതെന്ന് സന്ദീപ് പറയുന്നത് അന്വേഷണ സംഘം പൂർണമായും വിശ്വസിക്കുന്നില്ല. കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിലൂടെ അക്രമത്തിലേക്ക് നയിച്ച കാരണത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തൽ.