അഴിമതി രഹിതമായ ജീവിതം ; 30 കോടി ജനങ്ങളുടെ പട്ടിണി മാറ്റിയ നേതാവ് ; ഫീസടക്കാന്‍ പോലും പണമില്ലാത്ത നിര്‍ധന വിദ്യാര്‍ഥിയില്‍നിന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയായി ഉയര്‍ന്ന അതിശയ കഥ, ഡോ മന്‍മോഹന്‍സിങ് ആക്സിഡന്‍ഷ്യല്‍ പ്രൈം മിനിസ്റ്റർ
ഒരു വ്യക്തി 30 കോടിയോളം മനുഷ്യരെ ദാരിദ്ര്യത്തില്‍നിന്ന് കരകയറ്റുന്നതിന് കാരണക്കാരനാവുക എന്നുവെച്ചാല്‍! ലോകത്തിലെ ഏറ്റവും വലിയ അത്ഭുത മസ്തിഷ്ക്കങ്ങളില്‍ ഒന്നാണ് ഇന്നലെ നിലച്ചത്. ഗാന്ധി കുടുംബത്തിന്റെയും സ്വന്തം പാര്‍ട്ടിയുടെ എതിര്‍പ്പ് മറികടന്ന്, 1991-ല്‍ അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവുവിനൊപ്പം ചേര്‍ന്ന്, ധനമന്ത്രിയായ ഡോ മന്‍മോഹന്‍സിങ് നേതൃത്വം കൊടുത്ത സാമ്പത്തിക ഉദാരീകരണത്തെ, ഇന്ന് ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ദാരിദ്ര്യനിര്മ്മാജന പദ്ധതിയായിട്ടാണ് കേംബ്രിഡ്ജ് സര്‍വകലാശാല സാമ്പത്തിക പഠനവിഭാഗം തങ്ങളുടെ ഗവേഷണ പ്രബന്ധത്തില്‍ വിലയിരുത്തിയത്. (ഒന്നാമത്തെ ദാരിദ്ര്യലഘൂകരണ പദ്ധതിയായി അവര്‍ കാണുന്നത്, അടഞ്ഞ കമ്യൂണിസ്റ്റ് ആശയത്തില്‍നിന്ന് മാറി, വിപണി തുറന്ന് ചൈനയിലേക്ക് ഉദാരീകരണം കൊണ്ടുവരാനുള്ള, ഡെങ് സിയാവോ പിങ്ങിന്റെ നീക്കത്തെയാണ്. മാവോയുടെ കാലത്ത് കോടികള്‍ പട്ടിണി കിടന്ന് മരിച്ച നാട്ടില്‍, ഡെങ്ങ് 50 കോടി ജനങ്ങളുടെ പട്ടിണി ഈ നയം കൊണ്ട് മാറ്റി)
ഇന്ത്യയില്‍ ഇന്നുകാണുന്ന എല്ലാ പുരോഗതിക്കും അടിസ്ഥാനമായി പറയുന്നത് 91-ലെ സാമ്പത്തിക ഉദാരീകരണവും, ആഗോളീകരണവുമാണ്. 30 കോടിയോളം മനുഷ്യരെയാണ്, ആ നയങ്ങള്‍ രക്ഷിച്ചത്. ഇന്ന് ഭാരതം വളരുന്ന ഒരു സാമ്പത്തിക ശക്തിയായി മാറിയിട്ടുണ്ടെങ്കില്‍ അതിന്റെ പ്രധാന ചാലക ശക്തി ഡോ മന്മോഹന്സിങും നരസിംഹറാവുമാണ്. ഈ നയങ്ങളുടെ ഗുണം വശമാണ് ഇന്ന് മോദി സര്‍ക്കാര്‍ അടക്കം അനുഭവിക്കുന്നത് എന്നത് നിസ്തര്‍ക്കമാണ്. നരസിംഹറാവു, ഉദാരീകരണത്തിന് അനുയോജ്യമായ പൊളിറ്റിക്കല്‍ തീരുമാനങ്ങള്‍ എടുത്തപ്പോള്‍, സാമ്പത്തിക വിദഗ്ധനായ ഡോ മന്‍മോഹന്‍സിങാണ്, ആര്‍ക്കും ഒട്ടും പിടിക്കാത്ത ആ ആശയം നടപ്പാക്കിയത്. മുങ്ങിക്കൊണ്ടിരിക്കുന്ന ഒരു കപ്പലിനെ അവര്‍ പിടിച്ച് ഉയര്‍ത്തുകയായിരുന്നു എന്ന് അറിയാത്ത പ്രഭാകരന് കോട്ടപ്പള്ളിമാര്‍, മന്‍മോഹനെതിരെ അന്ന് ഉറഞ്ഞുതുള്ളിയിരുന്നു. സാമ്രാജ്വത്വ ചാരന്, നവലിബറല്‍ നയങ്ങുടെ പ്രചാരകന്, അമേരിക്കന്‍ ഏജന്റ് എന്നുതുടങ്ങി, കേരളത്തിലടക്കം നിരന്തരം നിന്ന് കത്തിയ കോലങ്ങളില്‍ ഒന്നായിരുന്നു ഡോ മന്മോഹന്സിങ്ങിന്റെത്.
തീര്‍ത്തും അഴിമതി രഹിതമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റെത്. 2004 മുതല്‍ തുടര്‍ച്ചയായ പത്തുവര്‍ഷം അദ്ദേഹം പ്രധാനമന്ത്രിയായപ്പോഴും വ്യക്തിപരമായി ഒരു അഴിമതി ആരോപണംപോലും ഉണ്ടായിട്ടില്ല. ഫീസടക്കാന്‍ പോലും പണമില്ലാത്ത നിര്‍ധന വിദ്യാര്‍ഥിയില്‍നിന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയായി ഉയര്‍ന്ന അതിശയ കഥയാണ്, ഈ ആക്സിഡന്‍ഷ്യല്‍ പ്രൈം മിനിസ്റ്ററുടേത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫീസടക്കാന്‍ പണമില്ലാത്ത വിദ്യാര്‍ഥിക്കാലം
ധനം കൊണ്ട് അമ്മാനമാടുവാന്‍ പില്ക്കാലത്ത് വിധിക്കപ്പെട്ട, മന്‍മോഹന്‍സിങിന്റെ ബാല്യം പക്ഷേ സാമ്പത്തിക പരാധീനതകളുടേതായിരുന്നു. പടിഞ്ഞാറന്‍ പഞ്ചാബിലെ ഗായില്‍ അധ്യാപകനായിരുന്ന ഗുര്മുഖ്സിങ്ങിന്റെയും അമൃത്കൗറിന്റെയും മകനായി 1932 സപ്തംബര്‍ 26-നായിരുന്നു ജനനം. പാക്കിസ്ഥാനിലെ പെഷവാറില്‍നിന്ന് അമൃത്സറിലേക്ക് പലായനം ചെയ്ത കുടുംബമായതുകൊണ്ട് തന്നെ കുടുംബത്തിന് പരിമിതികള്‍ ഏറെയുണ്ടായിരുന്നു. ചെറുപ്പത്തിലേ അദ്ദേഹം പഠിക്കാന്‍ മിടുക്കനായിരുന്നു. 1948-ല്‍ പഞ്ചാബ് സര്‍വകലാശാലയില്‍നിന്ന് മെട്രിക്കുലേഷന്‍ പരീക്ഷ പാസ്സായി. തുടര്‍ന്ന് ബിരുദം പൂര്‍ത്തിയാക്കി സമയത്ത് ഫീസടക്കാന്‍ ഏറെ പാടുപെട്ടകാര്യം അദ്ദേഹം ആത്മകഥയില്‍ എഴുതിയിട്ടുണ്ട്. അന്ന് ലഭിച്ച സ്കോളര്‍ഷിപ്പാണ് അദ്ദേഹത്തിന്റെ തലവരമാറ്റിയത്. പില്ക്കാലത്ത് ഓരോ ഘട്ടത്തിലും സ്കോളര്‍ഷിപ്പിന്റെ സഹായത്തോടെയാണ് അദ്ദേഹം പഠിച്ച് കയറിയത്.
തുടര്‍ന്ന് മന്മോഹന് ലണ്ടനിലെ കേംബ്രിഡ്ജിലെ സെന്റ് ജോണ്‍സ് കോളേജില്‍ എം.എ ഇക്കണോമിക്സിന് ചേര്‍ന്നു. മികച്ച പ്രകടനത്തിനുള്ള റൈറ്റേഴ്സ് പുരസ്കാരവും ആഡം സ്മിത്ത് പുരസ്കാരവും നേടിയാണ് മന്മോഹന് അവിടെ പഠനം പൂര്‍ത്തിയാക്കിയത്. നോബേല്‍ സമ്മാനജേതാക്കളടക്കം പഠിച്ച ഓക്സ്ഫോഡിലെ നഫീല്‍ഡ് കോളേജിലായിരുന്നു മന്മോഹന്റെ ഗവേഷണം.
പഠനകാലത്ത് മന്മോഹന് സിങ് അവതരിപ്പിച്ച ‘ഇന്ത്യയുടെ കയറ്റുമതിയും വളര്‍ച്ചാ സാധ്യതകളും’ എന്ന പ്രബന്ധം അധ്യാപകരെ അമ്പരപ്പിച്ചു. വാഗ്മി അല്ലാതിരുന്ന മന്മോഹന് സിങ് തന്റെ ആശയങ്ങളുടെ ക്ലാരിറ്റി കൊണ്ട് അധ്യാപകരെ അത്ഭുതപ്പെടുത്തി.
തിരികെയെത്തിയ മന്മോഹനെ കാത്ത് പഞ്ചാബ് യൂണിവേഴ്സിറ്റിയുണ്ടായിരുന്നു. 31-ാം വയസില്‍ പ്രഫസറായി സര്‍വകലാശാല നിയമനം നല്കി. ‘ആ പദവിക്ക് കുറഞ്ഞത് 50 വയസ് വേണം. അമേരിക്കക്കാര്‍ തട്ടിക്കൊണ്ട് പോവാതിരിക്കാനാണ് കന്നിക്കാരന് ആ പ്രമോഷന് നല്‍കിയതെ’ന്ന് അന്നത്തെ പഞ്ചാബ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എ.സി ജോഷി പിന്നീട് പറഞ്ഞിട്ടുണ്ട്.പിന്നീട് മന്മോഹന് സിങ് ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥനായി. എഴുപതുകളിലും എണ്‍പതുകളിലും സര്‍ക്കാരിന് കീഴില്‍ നിര്‍ണായക പദവികളിലിരുന്നു.
പഞ്ചാബ് സര്‍വകലാശാലയിലും പ്രമുഖ ഉന്നതപഠന കേന്ദ്രമായ ഡല്‍ഹി സ്കൂള്‍ ഓഫ് ഇക്കണോമിക്സിലും അധ്യാപകനായി പ്രവര്‍ത്തിച്ചപ്പോഴുള്ള മെച്ചപ്പെട്ട പ്രകടനം അദ്ദേഹത്തെ അക്കാദമിക് രംഗത്തു ശ്രദ്ധേയനാക്കി. ഈ കാലഘട്ടത്തില്‍ കുറച്ചു കാലം യു.എന്‍.സി.ടി.എ.ഡി. സെക്രട്ടേറിയറ്റിലും പ്രവര്‍ത്തിച്ചു. ഇത് 1987നും 1990നും ഇടയില്‍ ജനീവയിലെ സൗത്ത് കമ്മീഷന്റെ സെക്രട്ടറി ജനറല്‍ പദവിയിലെത്താനുള്ള വഴിയൊരുക്കി.
1971-ല്‍ കേന്ദ്ര വാണിജ്യ മന്ത്രാലയത്തില്‍ സാമ്പത്തികശാസ്ത്ര ഉപദേഷ്ടാവായി ചേര്‍ന്നു. അടുത്ത വര്‍ഷം ധനമന്ത്രാലയത്തിന്റെ മുഖ്യ സാമ്പത്തിക ശാസ്ത്ര ഉപദേഷ്ടാവായി നിയമിതനായി. പല പ്രധാന പദവികളും ഡോ. സിംങ്ങിനെ തേടിയെത്തി. ധനകാര്യമന്ത്രാലയം സെക്രട്ടറി, പ്ലാനിംഗ് കമ്മീഷന് ഡെപ്യൂട്ടി ചെയര്മാന്, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍, പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ്, യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന് ചെയര്മാന് തുടങ്ങിയ പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്.
1987-ല്‍ ലഭിച്ച ഇന്ത്യയുടെ രണ്ടാമത്തെ പരമോന്നത ബഹുമതിയായ പത്മവിഭൂഷണ്‍ അദ്ദേഹത്തിന് ലഭിച്ചു. 1956-ല്‍ കേംബ്രിജ് സര്‍വകലാശാലയുടെ ആഡം സ്മിത്ത് സമ്മാനവും 1955-ല്‍ കേംബ്രിജിലെ സെന്റ് ജോണ്‍സ് കോളജിലെ മികച്ച പ്രകടനത്തിന് റൈറ്റ്സ് പ്രൈസും അദ്ദേഹത്തിന് ലഭിച്ചിരുന്നു.്. കേംബ്രിജ്, ഓക്സ്ഫഡ് സര്‍വകലാശാലകള്‍ ഡോ. സിങ്ങിന് ഓണററി ബിരുദങ്ങള്‍ നല്കാന് തയ്യാറായി.
രാഷ്ട്രീയത്തിലെത്തിച്ചത് റാവുമായുള്ള സൗഹൃദം
ഒരിക്കലും രാഷ്ട്രീയക്കാരനാവുമെന്ന് മൃദുഭാഷിയും, വിനീതനുമായ മന്മോഹന് സ്വപ്നം കണ്ടിരുന്നില്ല. എന്നാല്‍ നരസിംഹ റാവുവുമായുള്ള സൗഹൃദമാണ്, കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അംഗംപോലുമല്ലാത്ത അദ്ദേഹത്തെ 91-ല്‍ ധനമന്ത്രിയാക്കിയത്. ‘ഓഫീസിലിരിക്കുകയായിരുന്ന തന്നോട് കുളിച്ച് വേഷം മാറി സത്യപ്രതിജ്ഞ ചെയ്യാനെത്താന്‍ പ്രധാനമന്ത്രി നരസിംഹ റാവു ആവശ്യപ്പെടുകയായിരുന്നെ’ന്ന് മന്മോഹന് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.
90കളില്‍ ഡോളറിന്റെ കരുതല്‍ ശേഖരം കൂപ്പുകുത്തി, ഇന്നത്തെ ശ്രീലങ്കക്കും പാക്കിസ്ഥാനും സമാനമായ അവസ്ഥയിലൂടെയാണ്, ഇന്ത്യ കടന്നുപോയത്. മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖറിന് വിദേശബാങ്കുകളില്‍ സ്വര്‍ണം പണയം വെക്കേണ്ട അവസ്ഥപോലുമുണ്ടായി. (ഇതിനെയും സാമ്രാജ്വത്വ ശക്തികള്‍ നമ്മുടെ സമ്പത്ത് കൊള്ളയടിക്കുന്നുവെന്ന് പറഞ്ഞ് കമ്യൂണിസ്റ്റുകള്‍ ഭീതി വ്യാപാരം നടത്തി. പക്ഷേ വൈകാതെ തന്നെ നാം സ്വര്‍ണ്ണം സ്വിസ് ബാങ്കില്‍നിന്ന് തിരിച്ചെടുത്തത് മാത്രം ഇവര്‍ പറയില്ല). റാവുതന്നെ അക്കാലത്ത് യാദൃശ്ചികമായാണ് പ്രധാനമന്ത്രിയായത്. രാജീവ്ഗാന്ധി കൊല്ലപ്പെടുകയും, ഗാന്ധി കുടുംബത്തില്‍ കരുത്തരായ വ്യക്തികള്‍ ഇല്ലാതിരിക്കുകയും ചെയ്തയോടെയാണ്, റാവുവിന് നറുക്കുവീണത്. അന്ന് പ്രണബ് മുഖര്‍ജിയുടെ പേരാണ് എല്ലാവരും പറഞ്ഞിരുന്നത്. പക്ഷേ നെഹ്റു കുടുംബത്തിന് തന്േറടിയായ പ്രണബ്ദായെ സത്യത്തില്‍ ഭയമായിരുന്നു.
91-ല്‍ അധികാരമേറ്റ നരസിംഹറാവുവിന് രാജ്യത്തിന്റെ നില അങ്ങേയറ്റം അപകടത്തിലേക്കാണ് പോകുന്നത് എന്ന് കൃത്യമായി ബോധ്യമുണ്ടായിരുന്നു. അതില്‍നിന്ന് കരകയറാന്‍ വേണ്ടി ബോധപൂര്‍വമാണ് റാവു മന്‍മോഹന്‍സിങിനെ ധനമന്ത്രിയാക്കിയതും. ഇന്ത്യയില്‍ സാമ്പത്തിക ഉദാരവത്ക്കരണം തുടങ്ങുന്നത് അങ്ങനെയാണ്. അത് ഇന്ത്യയുടെ ജാതകം തന്നെ തിരുത്തി. ഇന്ത്യ ഇന്ന് അനുഭവിക്കുന്ന എല്ലാ ആധുനിക സൗകര്യത്തിനും നാം ആദ്യം നന്ദി പറയേണ്ടത്, കേരളത്തില്‍ ഇന്നും ഏറ്റവും വെറുക്കപ്പെട്ട നേതാക്കളായ നരസിംഹറാവുവിനും മന്മോഹന്സിങിനുമാണ്. അതുവരെ ഇന്ത്യ മുന്നോട്ടുവെച്ച നെഹ്റവിയന് സോഷ്യലിസ്റ്റ് ആശയങ്ങളില്നിന്നള്ള യു ടേണ്‍ ആയിരുന്നു ഇക്കണോമിക്ക് ലിബറലൈസേഷന്.
ഉദാരീകരണത്തിന് മുമ്പുള്ള അടഞ്ഞ വിപണിയുള്ള ഇന്ത്യയില്‍, തികഞ്ഞ ലൈസന്‍സ് രാജാണ് നിലനിന്നത്. സൈക്കിളിനും, റേഡിയോക്കും, ലൈസന്‍സ് വേണ്ടിയിരുന്നു ഒരു കാലം ഈ രാജ്യത്തുണ്ടായിരുന്നു. സിമന്റ് വാങ്ങുന്നതിനുപോലും സര്‍ക്കാറില്‍ അപേക്ഷിക്കണം. അംബാസഡര്‍, പദ്മിനി എന്നീ രണ്ട് മോഡല്‍ കാറുകള്‍ മാത്രമാണ് ഇന്ത്യന്‍ വിപണിയില്‍ ആക്കാലത്ത് ഉണ്ടായിരുന്നത്. പുതിയ ഒരു കാര്‍ ലഭിക്കണമെങ്കില്‍ കുറഞ്ഞത് രണ്ട് വര്‍ഷം എങ്കിലും ബുക്ക് ചെയ്ത് കാത്തിരിക്കണം.
വിദേശത്തത് നിന്ന് മടങ്ങിവരുന്ന യാത്രക്കാര്‍ ലഗേജായി കൊണ്ടുവരുന്നത് ഒഴികെ, ഇറക്കുമതി പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു. 1983-ല്‍ ഇന്‍ഫോസിസിന്റെ സഹസ്ഥാപകനായ എന്‍.ആര്. നാരായണ മൂര്‍ത്തിക്ക് വിദേശത്ത് നിന്നും ഒരൊറ്റ കമ്പ്യൂട്ടറിന് ഇറക്കുമതി ലൈസന്‍സ് ലഭിക്കുന്നതിന് ഡല്‍ഹിയില്‍ പലതവണ അപേക്ഷിക്കേണ്ടി വന്നു. അവസാനം കമ്പ്യൂട്ടര്‍ ഇറക്കുമതി ചെയ്യാന്‍ കഴിഞ്ഞപ്പോഴേക്കും അതിനേക്കാള്‍ ഗുണമേന്മയുള്ളതും വില കുറഞ്ഞതുമായ കമ്പ്യൂട്ടറുകള്‍ വിദേശ വിപണിയില്‍ വന്നു കഴിഞ്ഞിരുന്നു.
ഈ ഒരു സമയത്താണ് ഐഎംഎഫിന്റെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ഇന്ത്യയില്‍ ഉദാരീകരണം നടപ്പായത്. അതിനുവേണ്ടി രൂപയുടെ മുല്യം കുറച്ച് അടക്കമുള്ള നടപടികള്‍ റാവു- മന്‍മോഹന്‍സിങ് ടീം ചെയ്തത് സ്വന്തം പാര്‍ട്ടിയില്‍നിന്നുള്ള എതിര്‍പ്പുപോലും മറികടന്നാണ്. രൂപയുടെ മുല്യം കുറച്ച ദിവസങ്ങളിലൊക്കെ തങ്ങള്‍ അനുഭവിച്ച ടെന്‍ഷന്‍, മന്മോഹന് തന്റെ പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. സ്വന്തം പാര്‍ട്ടിയില്‍നിന്നുപോലും ശക്തമായ എതിര്‍പ്പ് ഉയര്‍ന്നു. പാര്‍ട്ടിയോട് പോലും ആലോചിക്കാതെ ഒരു രാവിലെ, അവര്‍ റിസര്‍വ് ബാങ്ക് ഗവര്‍ണ്ണര്‍ക്ക് നിര്‍ദേശം നല്കിയ കാര്യമൊക്കെ മന്മോഹന് എഴുതിയിട്ടുണ്ട്. രൂപയുടെ മൂല്യം കുറച്ച സമയത്തൊക്കെ കേരളത്തിലെ പ്രഭാകരന് കോട്ടപ്പള്ളിമാര്‍ ഉണ്ടാക്കിയ ബഹളം ഓര്‍ത്താല്‍ ഇന്ന് ചിരിവരും. പക്ഷേ ഇന്ന് കാലം മാറി. ആഗോളീകരണവും ഉദാരീകരണവും ആപത്തായിരുന്നുവെന്ന കമ്യൂണിസ്റ്റ് പ്രൊപ്പഗന്‍ഡ തെറ്റായിരുന്നു എന്ന് അനുഭവത്തിലുടെ തെളിഞ്ഞു.
30 കോടിയുടെ പട്ടിണി മാറ്റുന്നു
1997-ലെ കണക്ക് എടുത്താല്‍ ഇന്ത്യയിലെ ജനസംഖ്യയുടെ 42 ശതമാനം കടുത്ത ദാരിദ്ര്യത്തിലായിരുന്നു. 100 കോടി പേര് അന്ന് രാജ്യത്തുണ്ടായിരുന്നു. അതായത് കുറഞ്ഞത് 40 കോടി ജനങ്ങള്‍ വീതം ദാരിദ്ര്യത്തിലായിരുന്നു. വെറും പത്തുവര്‍ഷം കൊണ്ട് അതായത് 2017ല്‍ ഈ 40 ശതമാനം ദരിദ്രര്‍, വെറും 12 ശതമാനത്തിലേക്ക് മാറി. അതായത് ഏതാണ്ട് 30 കോടിയോളം ജനങ്ങളുടെ പട്ടിണി ഈ മഹാരാജ്യം മാറ്റി. എന്ത് അത്ഭുതമാണ് ഇവിടെ നടന്നത്. അതാണ് മന്‍മോഹനോമിക്സ്!
പക്ഷേ അന്നും, ഐഎംഎഫും ലോകബാങ്കും ചേര്‍ന്ന് നമ്മെ കൊള്ളയടിക്കും എന്നായിരുന്നു കമ്യൂണിസ്റ്ുകള് അടക്കം ആവര്‍ത്തിച്ചത്. അന്ന് കേരളത്തില്‍ അങ്ങോളമിങ്ങോളം ഐഎംഎഫിനും വേള്‍ഡ് ബാങ്കിനും, ‘നവ ലിബറല്‍’ നയങ്ങള്‍ക്കുമെതിരെ പന്തംകൊളുത്തി പ്രകടനങ്ങളും പ്രതിഷേധങ്ങളും നടന്നു. എരിതീയില്‍ എണ്ണ പകരുന്ന രീതിയില്‍ എഴുത്തുകാരനും മാതൃഭൂമി പത്രാധിപരും ആയിരുന്നു എം പി വീരേന്ദ്രകുമാര്‍ ‘ഗാട്ടും കാണാച്ചരടും’ എന്ന പുസ്തകവും എഴുതി. ഇതിന്റെ ചുവടുപിടിച്ച് ചില ഇടത് തീവ്രവാദികള്‍ ആവട്ടെ ‘ഇനി ഒരു തുളസിയില നുള്ളാന്‍ പോലും നമുക്ക് കഴിയില്ല’ എന്നൊക്കെ പ്രചരിപ്പിച്ചു.
91-ല്‍ ഐഎംഎഫില്‍നിന്ന് നാം എടുത്ത ലോണ്‍ രണ്ടായിരം ആയതോടെ പൂര്‍ണ്ണമായും തിരിച്ചടച്ചു. വിദേശ ബാങ്കില്‍ പണയം വെച്ച സ്വര്‍ണ്ണവും തിരിച്ചെടുത്തു. നമ്മുടെ തുളസിയില നുള്ളാന്‍ ലോകബാങ്ക് വന്നില്ല. ഇന്ത്യയുടെ വിപണി ലോകത്തിന് തുറന്നു. ആഗോളീകരണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍ ലോകത്തിന്റെ മുക്കിലും മൂലയിലുമെത്തി. വിദേശ കമ്പനികള്‍ യഥേഷ്ടം ഇന്ത്യയിലും എത്തി. അതോടെ ഇന്ത്യ സാമ്പത്തികമായി വളര്‍ന്നു.
ഇന്ന് കാലം മാറി. ഇന്ന് ഒരു ലോക രക്ഷകന്റെ റോളാണ് ഐഎംഎഫിനും ലോകബാങ്കിനും ഇപ്പോള്‍ വന്നുചേര്‍ന്നത്. സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട ശ്രീലങ്ക ഐഎംഎഫ് സഹായം ചോദിക്കുന്നു. പാക്കിസ്ഥാനും നേപ്പാളും അവരുടെ സഹായത്തിന് ക്യൂവില്‍ ഉണ്ട്. ചൈനയുടെ ബ്ലേഡ് പലിശ വാങ്ങി കടക്കണിയില്‍ ആയവര്‍ ആണ് ഈ രാജ്യങ്ങള്‍ എന്നോര്‍ക്കണം. ഇന്ന് തിരിഞ്ഞുനോക്കുമ്പോഴാണ് മന്മോഹന്റെ ദീര്‍ഘവീക്ഷണം നാം അറിയുക.