play-sharp-fill
മുപ്പത്തിരണ്ടാം വയസ്സില്‍ ഭർത്താവ് മരിച്ചപ്പോൾ ചുറ്റുമുള്ളവരിൽ നിന്നും കേൾക്കേണ്ടി വന്നത് സഹതാപവും നെ​ഗറ്റീവ് കമന്റുകളും; അവസാനം രണ്ടുംകൽപ്പിച്ച് ജീവിതം തിരികെപിടിക്കാനുള്ള തീരുമാനം; അച്ഛന്റെ കൈപിടിച്ച് കയറിച്ചെന്ന കോളേജിലേക്ക് മകന്റെ കുഞ്ഞുവിരലുകള്‍ കോർത്തുപിടിച്ച്‌ ആ അമ്മ കയറിച്ചെന്നു; ഒടുവിൽ നേടിയെടുത്തു; ഭർത്താവ് ഇരുന്ന് ചികിത്സിച്ച അതേ കസേരയിൽ ഇന്ന് ഡോക്ടറായി ഹൈമയും

മുപ്പത്തിരണ്ടാം വയസ്സില്‍ ഭർത്താവ് മരിച്ചപ്പോൾ ചുറ്റുമുള്ളവരിൽ നിന്നും കേൾക്കേണ്ടി വന്നത് സഹതാപവും നെ​ഗറ്റീവ് കമന്റുകളും; അവസാനം രണ്ടുംകൽപ്പിച്ച് ജീവിതം തിരികെപിടിക്കാനുള്ള തീരുമാനം; അച്ഛന്റെ കൈപിടിച്ച് കയറിച്ചെന്ന കോളേജിലേക്ക് മകന്റെ കുഞ്ഞുവിരലുകള്‍ കോർത്തുപിടിച്ച്‌ ആ അമ്മ കയറിച്ചെന്നു; ഒടുവിൽ നേടിയെടുത്തു; ഭർത്താവ് ഇരുന്ന് ചികിത്സിച്ച അതേ കസേരയിൽ ഇന്ന് ഡോക്ടറായി ഹൈമയും

കോഴിക്കോട്: മുപ്പത്തിരണ്ടാം വയസ്സില്‍ ഭർത്താവ് മരിക്കുമ്പോള്‍ ഇനിയങ്ങോട്ടുള്ള വഴികളില്‍ ഒറ്റയ്ക്ക് തന്നെ നടക്കേണ്ടി വരുമല്ലോ എന്ന് സഹതപിച്ചവരോട് ഹൈമ മറുപടി ഒന്നും പറഞ്ഞിരുന്നില്ല. ഇനി നല്ല ഡ്രസ്സൊക്കെ ധരിച്ച്‌ പുറത്തിറങ്ങാൻ പോലും പറ്റില്ലല്ലോ എന്ന് ദുഖിച്ചവരോടും ഹൈമ പ്രതികരിച്ചില്ല.

പക്ഷേ അവർ ഒരുകാര്യം മനസ്സിലുറപ്പിച്ചിരുന്നു,’ഞാൻ ഒറ്റയ്ക്ക് തന്നെ നടക്കും, ആരുടെയും സഹതാപം എനിക്ക് ആവശ്യമില്ല.’ആ ഒറ്റവഴിയിലൂടെ നടന്ന് അവർ ഡോക്ടറായി. ഭർത്താവിന്റെ അതേ ആശുപത്രിയില്‍, അതേ കസേരയിലിരുന്ന് അവർ രോഗികളെ ചികിത്സിക്കുന്നു..

വിവാഹം കഴിഞ്ഞ് അധികം വൈകാതെ ഭർത്താവിനെ നഷ്ടമായ ഒരാള്‍ക്കുനേരെ സമൂഹം പുറത്തെടുക്കുന്ന സഹതാപത്തെയും ഒറ്റപ്പെടുത്തലിനെയും ഒറ്റയ്ക്ക് മറികടന്ന ഹൈമയ്ക്ക് ഇന്ന് കോഴിക്കോട് കാരന്തൂരില്‍ സ്വന്തമായൊരു മേല്‍വിലാസമുണ്ട്, രോഗികളുടെ പ്രിയപ്പെട്ട ഡോക്ടർ ഹൈമ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹൈമ ജനിച്ചുവളർന്നത് നാഗർകോവിലാണ്. അച്ഛൻ ഗോവിന്ദന്റെ സർക്കാർ ജോലിയുമായി ബന്ധപ്പെട്ട് വർഷങ്ങളായി കന്യാകുമാരിയില്‍ താമസമാക്കിയ മലയാളി കുടുംബത്തില്‍. വളർന്നുവരുമ്പോഴൊക്കെ ഹൈമ അച്ഛന്റെ ഉള്ളിലെ ആ പ്രത്യേക ഇഷ്ടവും തിരിച്ചറിയുന്നുണ്ടായിരുന്നു. സർവേ വകുപ്പിലാണ് ജോലിയെങ്കിലും അച്ഛന് ഹോമിയോപ്പതിയായിരുന്നു ജീവൻ.

പുലരുംവരെ ഹോമിയോപ്പതി പുസ്തകങ്ങള്‍ വായിച്ച്‌ അതേക്കുറിച്ച്‌ പഠിച്ച്‌ ജീവിച്ചൊരാള്‍. ആ കാഴ്ചയില്‍നിന്നാണ് മുതിർന്നാല്‍ തനിക്കൊരു ഹോമിയോ ഡോക്ടറാവണമെന്നുള്ള ആഗ്രഹം ഹൈമയിലുണ്ടാവുന്നത്. ‘പ്ലസ്ടുവിന് നല്ല മാർക്കുണ്ടായിരുന്നെങ്കിലും എനിക്ക് ഹോമിയോക്ക് ചേർന്നാല്‍ മതിയായിരുന്നു. അന്ന് ബി.എച്ച്‌.എം.എസിന് അഡ്മിഷനെടുക്കാൻ ചെന്നപ്പോള്‍ അച്ഛന് ആ കോളേജ് ഇഷ്ടമായില്ല.

ഉള്‍നാട്ടില്‍ യാതൊരു വികസനവുമില്ലാത്ത സ്ഥലത്തായിരുന്നു കോളേജ്. അടിസ്ഥാന സൗകര്യങ്ങളും കുറവ്. അവിടെ പഠിക്കുന്ന പെണ്‍കുട്ടികളാവട്ടെ വിരലിലെണ്ണാവുന്നവരും. ഇതു കണ്ടതോടെ അച്ഛൻ ആഗ്രഹം ഉപേക്ഷിച്ചു. എന്നെ ബിഎസ്.സി. ഫിസിക്സിന് ചേർത്തു. അല്‍പംകഴിഞ്ഞ് അച്ഛൻ മരിച്ചു. അതോടെ ഞങ്ങള്‍ കോഴിക്കോട്ടേക്ക് താമസംമാറി. ഇവിടെ വെച്ചാണ് ഞാൻ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷൻ കോഴ്സ് കഴിഞ്ഞത്.

‘പിന്നെ ഹൈമയ്ക്ക് കല്യാണാലോചനകളുടെ കാലമായിരുന്നു. ഒടുവില്‍ ഹൈമയുടെ മനസ്സറിഞ്ഞെത്തിയ ആലോചനയിലെ നായകനും ഒരു ഹോമിയോ ഡോക്ടർ. പ്രദീപ്കുമാറിന്റെ ജീവിതപങ്കാളിയായി തനി കോഴിക്കോട്ടുകാരിയായി ഹൈമ ദാമ്പത്യജീവിതം തുടങ്ങി. ഒഴിവുനേരങ്ങളില്‍ ഭർത്താവിനൊപ്പം ചികിത്സാമുറിയില്‍ അവരും കയറിയിരിക്കും.

ഹോമിയോയെക്കുറിച്ച്‌ കേട്ടുവളർന്ന ബാല്യം ആ നേരങ്ങളില്‍ അവരുടെ ഉള്ളില്‍ സന്തോഷത്തോടെ തുടിച്ചിരുന്നു. വിവാഹം കഴിഞ്ഞ് ആറാംമാസം ഹൈമ ഇഖ്റ ആശുപത്രിയില്‍ എക്സിക്യൂട്ടീവ് ഓഫീസറായി ജോലിക്ക് ചേർന്നു. ജീവിതം സന്തോഷത്തോടെ ഒഴുകിക്കൊണ്ടിരുന്ന കാലം. പക്ഷേ പൊടുന്നനെയാണ് ആ ദുരന്തം കയറിവന്നത്, ഒരു നെഞ്ചുവേദനയുടെ രൂപത്തില്‍.

അവരുടെ ഭർത്താവ് ഡോ.പ്രദീപിന്റെ ജീവൻ രക്ഷിക്കാൻ വൈദ്യശാസ്ത്രത്തിന് കഴിഞ്ഞില്ല. ആ വിയോഗത്തില്‍ പതറിപ്പോയ ഹൈമ ആഘാതത്തില്‍നിന്ന് ഒന്ന് എഴുന്നേറ്റുവരാൻ നിരന്തരം പരിശ്രമിച്ചു. പക്ഷേ ചുറ്റുപാടുകളില്‍നിന്നെല്ലാം നെഗറ്റീവ് കമന്റുകളാണ് അവർക്ക് കേള്‍ക്കേണ്ടി വന്നത്. തളർന്നുപോയ ഒരാളെ വീണ്ടും ഇല്ലാതാക്കാൻ ശേഷിയുള്ള അഭിപ്രായങ്ങള്‍.

‘അതിലൊന്നും പതറാതെ മുന്നോട്ട് പോവുകയെന്നത് ജീവൻമരണ പോരാട്ടമാണ്. വലിയ പുരോഗമന സമൂഹമാണ് നമ്മുടേത്. എന്നിട്ടും എന്റെ അടുത്ത് പലരും പറഞ്ഞിട്ടുണ്ട്. അയ്യോ ഭർത്താവ് മരിച്ചല്ലോ, ഇനി നിങ്ങളെ പഴയ പോലെയൊന്നും ഡ്രസ് ചെയ്ത് കാണാൻ പറ്റില്ലല്ലോ എന്ന്. ഏറെ വിദ്യാസമ്പന്നരായ ആളുകള്‍ പോലും അങ്ങനെ പറയുന്നത് കേള്‍ക്കുമ്പോള്‍ ഞെട്ടിപ്പോയിട്ടുണ്ട്. അവരോടൊക്കെ അതൊക്കെ നിങ്ങളുടെ തോന്നലാണെന്ന് ഞാൻ മറുപടി പറഞ്ഞു.

ഞാൻ പണ്ടുള്ളപോലെ തന്നെ ഇനിയും മുന്നോട്ടുപോവുമെന്നും. ഞാൻ ഇതുവരെ എന്തായിരുന്നോ അതുതന്നെയാവണം തുടർന്നും. നമ്മുടെ അകത്ത് നിറയെ പ്രശ്നങ്ങളുണ്ട്. പ്രയാസങ്ങളും പ്രതിസന്ധികളുമെല്ലാം മനസ്സിനെ വരിഞ്ഞുമുറുക്കുന്നുണ്ട്. പക്ഷേ അതൊന്നും മറ്റൊരാളുടെ മുന്നില്‍ കാണിക്കേണ്ടതില്ലല്ലോ. അതിന്റെ പേരില്‍ ആരുടെയും സഹതാപം ആവശ്യമില്ലെന്ന് മനസ്സിനെ ബോധ്യപ്പെടുത്തി.

ഈ സമയത്ത് കൂടെയുണ്ടാവുമെന്നൊക്കെ ധാരാളമാളുകള്‍ പറയും, അങ്ങനെ എന്നോടും പറഞ്ഞവരുണ്ട്. അതൊക്കെ തുടക്കത്തിലേ കാണൂ. അതുകഴിഞ്ഞാല്‍ നമ്മള്‍ ഒറ്റയ്ക്ക് തന്നെ നടക്കണം. അതിനുവേണ്ടി മനസ്സിനെ പാകപ്പെടുത്തണം.’അങ്ങനെ ഒറ്റയ്ക്ക് നടക്കാനുള്ള ആലോചനകള്‍ക്കൊടുവിലാണ് ഹൈമയുടെ മനസ്സിലേക്ക് ആ പഴയകാലം ഓടിവന്നത്. ചെറുപ്പത്തില്‍ ഹോമിയോപ്പതി പഠിക്കാൻ പോയതും കോളേജിലെ അസൗകര്യങ്ങള്‍ കാരണം അതുപേക്ഷിക്കേണ്ടി വന്നതും.

ആ ബാല്യത്തിലേക്ക് ഒന്ന് തിരികെ നടക്കാൻ അവർക്ക് തോന്നി. അതുതന്നെയാവും മനസ്സിലെ മുറിവുണക്കാനുള്ള മരുന്നും. അഞ്ചുവയസ്സുള്ള മകൻ അഭിനവിനെയും പ്രായമായ അമ്മ ചന്ദ്രികയെയും കൂട്ടി കന്യാകുമാരിയിലേക്കുള്ള തീവണ്ടിയില്‍ ഇരിക്കുമ്പോള്‍ ഹൈമയുടെ മനസ്സില്‍ ചുറ്റിലുമുള്ളവരുടെ വാക്കുകള്‍ തികട്ടി വന്നുകൊണ്ടിരുന്നു.

‘ഉള്ള ജോലി രാജിവെച്ച്‌ പഠിക്കാൻ പോവുന്നത് റിസ്ക് ആണ്, കുഞ്ഞിനെ വളർത്താൻ കഷ്ടപ്പാട് അല്ലേ, ഇനിയൊരു ജോലി കിട്ടുമെന്ന് എന്താണ് ഉറപ്പ്, വിധവയായാല്‍ പിന്നെ മുന്നോട്ട് പോവാൻ വലിയ പ്രയാസമാവും…’ മുന്നോട്ട് നടക്കാൻ തീരുമാനിച്ച ഒരാളെ പിന്നോട്ട് വലിക്കുന്ന അഭിപ്രായങ്ങള്‍. പക്ഷേ എല്ലാ നെഗറ്റീവ് കമന്റുകളെയും മറികടന്ന് മുന്നോട്ട് പോയേ പറ്റൂ എന്ന് ഹൈമ മനസ്സിലുറപ്പിച്ചു.

ഭർത്താവ് ഇല്ലാതായിപ്പോയതിന്റെ സങ്കടം മറികടക്കണമെങ്കില്‍ ജീവിതത്തിലൊരു വഴിത്തിരിവുണ്ടാവണം. അതിനുള്ള ഏകമാർഗം പഠനമാണെന്ന് ഹൈമയ്ക്ക് മനസ്സിലായി. ‘ഭർത്താവ് മരിച്ച സ്ത്രീയോടുള്ള ഒരു അയ്യോ പാവം ഫീലിങ് എനിക്ക് വേണ്ടതില്ല. അങ്ങനെ ഒരു അവസ്ഥയിലേക്ക് എന്നെ കൊണ്ടുപോവാൻ താത്പര്യവുമില്ല, അയ്യോ ഭർത്താവ് മരിച്ച്‌ അവളിങ്ങനെ ആയിപ്പോയല്ലോ എന്ന് ആരും പറയാനിടവരരുത്. ഭർത്താവ് മരിച്ചിട്ടും അവളെക്കൊണ്ട് ഇങ്ങനെയൊക്കെ പറ്റിയല്ലോ എന്നാണ് ആളുകളെക്കൊണ്ട് പറയിക്കേണ്ടത്. അതോടെ എന്റെ മനസ്സിലെ സംശയങ്ങള്‍ നീങ്ങി.

‘ആ തീവണ്ടി മഞ്ഞപ്പാടങ്ങളും തെളിനീർ പൊയ്കകളും മുറിച്ചുകടന്ന് കന്യാകുമാരിയിലെത്തുമ്പോഴേക്കും ഹൈമയുടെ മനസ്സിലെ ആശങ്കകളെല്ലാം മാഞ്ഞുപോയിരുന്നു. തീവണ്ടി ജനാലയിലൂടെ പിന്നിലേക്ക് ഓടിപ്പോയ കാഴ്ചകള്‍പോലെ. പണ്ട് ഹോമിയോപ്പതി കോഴ്സിന് ചേരാൻ പോയ അതേ കോളേജില്‍തന്നെ ബി.എച്ച്‌.എം.എസിന് ചേരുകയെന്നതായിരുന്നു ഹൈമയുടെ ലക്ഷ്യം.

അന്ന് പ്ലസ്ടു പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് കോഴ്സിലേക്ക് പ്രവേശനം. അതുകൊണ്ടുതന്നെ പഴയ മാർക്ക് വെച്ച്‌ വീണ്ടുമൊരു അഡ്മിഷനെടുക്കാൻ ഹൈമയ്ക്ക് പ്രയാസപ്പെടേണ്ടി വന്നില്ല. പണ്ട് അച്ഛന്റെ കൈപിടിച്ചുചെന്ന വൈറ്റ് മെമ്മോറിയല്‍ ഹോമിയോ കോളേജിലേക്ക് മകന്റെ കുഞ്ഞുവിരലുകള്‍ കോർത്തുപിടിച്ച്‌ ആ അമ്മ കയറിച്ചെന്നു.

‘ഞാൻ ഇനിയും പഠിക്കണമെന്ന് വാശിപിടിച്ച ഒറ്റയാളേ ഉണ്ടായിരുന്നുള്ളു, അത് എന്റെ മകനാണ്. കുഞ്ഞായിരുന്നുവെങ്കിലും അവന് എന്റെ ആഗ്രഹം അറിയാമായിരുന്നു. ഭർത്താവുള്ളപ്പോള്‍ അദ്ദേഹവും എന്നോട് ഹോമിയോ പഠിക്കാൻ പറയുന്നത് അവനും കേട്ടിട്ടുണ്ട്. അവന്റെ നിർബന്ധമായിരുന്നു മുന്നോട്ട് പോവാനുള്ള എന്റെ കരുത്ത്…’ഹൈമ ആ കാലം ഓർത്തു.

വർഷം 2008. പഠനം നിർത്തിയ ശേഷം പത്തുവർഷം കഴിഞ്ഞ് ഒരു വിദ്യാർത്ഥിയുടെ യൂണിഫോം അണിഞ്ഞ് ക്ലാസിലേക്ക് മടങ്ങുമ്പോള്‍ എന്തൊക്ക ആശങ്കകളാവും ആ വിദ്യാർത്ഥിയെ അലട്ടിയിട്ടുണ്ടാവുക?. 18 വയസ്സുള്ളവർക്കൊപ്പമിരുന്ന് പഠിക്കാൻ ഒരു 32കാരി കുട്ടി. സഹപാഠികള്‍ക്കും അധ്യാപകർക്കുമൊക്കെ ഹൈമയൊരു കൗതുകമായിരുന്നു.

പക്ഷേ തന്റെ ജീവിതകഥയൊന്നും തത്കാലം മറ്റാരോടും പങ്കുവെക്കേണ്ടതില്ലെന്ന് അവർ നിശ്ചയിച്ചിരുന്നു. അതിന്റെ പേരിലൊരു സഹതാപം വേണ്ടെന്നുള്ള ദൃഢനിശ്ചയം. വലിപ്പച്ചെറുപ്പമൊന്നുമില്ലാതെ ക്ലാസിലെ കൂട്ടുകാരികള്‍ ഹൈമയെ സ്വീകരിച്ചു. പഠനമൊക്കെ സന്തോഷത്തോടെ തുടങ്ങാൻ കഴിഞ്ഞെങ്കിലും പുറത്ത് ഹൈമയ്ക്ക് കഷ്ടപ്പാടിന്റെ കാലമായിരുന്നു.

‘നല്ല സ്ട്രഗിള്‍ തന്നെയായിരുന്നു ആ അഞ്ചരവർഷം. മോന്റെ കൂടെ നില്‍ക്കേണ്ട പ്രായമാണ്. അവനെ രാത്രി ഇരുന്ന് പഠിപ്പിച്ച്‌ അവൻ ഉറങ്ങിയ ശേഷവും രാവിലെ എണീറ്റുമൊക്കെയാണ് ഞാൻ പഠിച്ചത്. രാത്രി വൈകി പഠിക്കാനിരിക്കുമ്പോള്‍ ഈ പ്രായത്തിലൊന്നും പുതുതായി ഒന്നും പഠിച്ചെടുക്കാൻ പറ്റില്ലെന്ന് പറഞ്ഞവരുടെയൊക്കെ മുഖമാണ് എന്റെ മുന്നില്‍ തെളിഞ്ഞുവന്നത്.

പക്ഷേ അതൊക്കെ എന്റെ വാശികയറ്റി. ഇത്രയുമാളുകള്‍ നെഗറ്റീവ് പറഞ്ഞെങ്കില്‍ അവരുടെ മുന്നില്‍ തോറ്റുപോവരുതല്ലോ. എല്ലാം മറന്ന് പഠിച്ചു. ‘അങ്ങനെ ആ കോളേജില്‍ ഒന്നാമതായിത്തന്നെ കോഴ്സ് പൂർത്തിയാക്കിയാണ് ഹൈമ പുറത്തിറങ്ങിയത്. പഠനം കഴിഞ്ഞ് 2015 ല്‍ ഡോ.ഹൈമയായി കോഴിക്കോട്ടേക്ക് മടങ്ങുമ്പോള്‍ അവരുടെ ഉള്ളിലൊരു ലക്ഷ്യമുണ്ടായിരുന്നു.

പണ്ട് ഭർത്താവ് രോഗികള്‍ക്കൊപ്പമിരുന്ന അതേ ചികിത്സാമുറിയിലിരുന്ന് ചികിത്സിക്കണം. അങ്ങനെ ഡോക്ടറുടെ കുപ്പായത്തില്‍ ഹൈമ കാരന്തൂരിലെ രാമകൃഷ്ണ ഹോമിയോപ്പതി ഹോസ്പിറ്റലിലേക്ക് കയറിച്ചെന്നു. പണ്ട് ഭർത്താവിനൊപ്പമിരുന്ന അതേ ക്ലിനിക്കില്‍, അതേ കസേരയില്‍.

ഇതിനൊപ്പം ഇപ്പോള്‍ മൂഴിക്കലിലും രാമകൃഷ്ണ ഹോമിയോപ്പതി ക്ലിനിക്കുണ്ട്. പണ്ട് അമ്മയെ പഠിക്കാൻ നിർബന്ധിച്ചുകൊണ്ടിരുന്ന മകൻ അഭിനവ് ആകട്ടെ ഇപ്പോള്‍ ഹോമിയോപ്പതി വിദ്യാർത്ഥിയുമാണ്. ‘ഓരോ പ്രശ്നങ്ങള്‍ വരുമ്പോഴും നമ്മള്‍ കൂടുതല്‍ കരുത്തരാവുകയാണ് ചെയ്യുക. ആ നിമിഷത്തില്‍ ഒന്ന് പതറിപ്പോവുമെങ്കിലും വീണ്ടും തിരികെ വരാനാവും. എല്ലാത്തിനും നെഗറ്റീവ് മാത്രം പറയുന്ന ധാരാളമാളുകള്‍ എപ്പോഴും ചുറ്റിലുമുണ്ടാവും. അതൊന്നും കേള്‍ക്കാതെ നമ്മള്‍ നമ്മളില്‍ മാത്രം വിശ്വസിച്ച്‌ മുന്നോട്ടുപോയാല്‍ മതി. ഈ ജീവിതം ഒരു കരയ്ക്ക് അടുക്കുമെന്ന് ഉറപ്പാണ്…’ ഡോ.ഹൈമ പറയുന്നു.

ഹോമിയോപ്പതിയെ ഒരു ജീവിതശൈലി പോലെ കൊണ്ടുനടക്കാൻ പറ്റുമെന്നാണ് ഡോക്ടറുടെ ചികിത്സാ സിദ്ധാന്തം. ‘അതിന് പാർശ്വഫലങ്ങള്‍ കുറവാണ്. ഹോമിയോയില്‍ ഒരു പ്രത്യേകരോഗത്തെ മാത്രമായിട്ടല്ല ചികിത്സിക്കുന്നത്. ഒരു വ്യക്തിയെ മൊത്തമായിട്ടാണ്. മനസ്സും ശരീരവും നോക്കിയാണ് ചികിത്സ നിശ്ചയിക്കുന്നത്.’

ഇതിനൊപ്പം ബാച്ച്‌ ഫ്ളവർ റെമഡീസ് എന്ന പേരില്‍ അറിയപ്പെടുന്ന ചികിത്സാരീതിയും ഡോക്ടർ ഉപയോഗിക്കുന്നുണ്ട്. 1930ല്‍ ഇംഗ്ലണ്ടുകാരനായ ഡോ.എഡ്വേർഡ് ബാച്ച്‌ തുടങ്ങിവെച്ച ചികിത്സാ സമ്പ്രദായമാണിത്. വൈകാരികവും മാനസികവുമായ പ്രശ്നങ്ങളാണ് പല അസുഖങ്ങളുടെയും മൂലകാരണമെന്നും അത്തരം അവസ്ഥകളില്‍ നേർപ്പിച്ച പുഷ്പ സത്തില്‍ നിന്ന് ഉണ്ടാക്കുന്ന ഔഷധചികിത്സ ഫലം ചെയ്യുമെന്നുമാണ് ബാച്ച്‌ ഫ്ളവർ ചികിത്സാരീതിയുടെ സിദ്ധാന്തം.

‘ഇത് നേരത്തെ തന്നെ ഉണ്ടായിരുന്ന ചികിത്സയാണെങ്കിലും ഒരുപാട് ഡോക്ടർമാരൊന്നും അതുപയോഗിക്കുന്നുണ്ടായിരുന്നില്ല. പക്ഷേ ഇപ്പോള്‍ വൈകാരിക പ്രശ്നങ്ങള്‍കൊണ്ട് ധാരാളം അസുഖങ്ങള്‍ വരുന്നുണ്ട്. രക്തസമ്മർദം, ആസ്തമ, തൈറോയ്ഡ് തുടങ്ങി പലവിധ പ്രശ്നങ്ങള്‍ കൂടുന്നുണ്ട്. ടെൻഷനും സ്ട്രസ്സുമൊക്കെ കുട്ടികളിലടക്കം കാണുന്നു.

അവരിലൊക്കെ ഈ ചികിത്സാരീതി ഫലപ്രദമായി തോന്നിയിട്ടുണ്ട്. ഞാൻ അടുത്തിടെ അതേക്കുറിച്ച്‌ കൂടുതല്‍ പഠിച്ചു. അപ്പോഴാണ് ഇതുകൂടെ ചേർത്തുള്ള ചികിത്സ തുടങ്ങിയത്.’ പുതിയ ചികിത്സാരീതികളുമായി ആരോഗ്യമേഖലയില്‍ കൂടുതല്‍ അന്വേഷണത്തിലാണ് ഡോ.ഹൈമ. അതും വേറിട്ട വഴിയിലൂടെയുള്ള മറ്റൊരു തനിച്ചുനടത്തം. അതിലൂടെയും അവർ മരുന്നുണ്ടാക്കുന്നുണ്ട്. ഒറ്റയ്ക്ക് നടക്കാനുള്ള ആത്മവിശ്വാസത്തിന്റെ മരുന്ന്.