ഇരട്ടവോട്ട് വിവാദം ഉയര്‍ത്തിക്കൊണ്ടുവന്ന ചെന്നിത്തലയുടെ അമ്മയ്ക്കും ഇരട്ടവോട്ട്; എല്‍ദോസ് കുന്നപ്പിള്ളിക്കും ഭാര്യക്കും പെരുമ്പാവൂരിലും മൂവാറ്റുപുഴയിലും വോട്ട്; ഇരട്ടവോട്ടെന്ന ഇരുതലവാള്‍ കോണ്‍ഗ്രസിനെ തിരിഞ്ഞ് കൊത്തുന്നു
സ്വന്തം ലേഖകന്‍
കോട്ടയം: ഇരട്ട വോട്ട് ആരോപണം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ അമ്മ ദേവകിയമ്മയ്ക്കും ഇരട്ടവോട്ട്. ചെങ്ങന്നൂര്‍ മണ്ഡലത്തിലെ ചെന്നിത്തല തൃപ്പെരുന്തുറ യുപി സ്‌കൂളിലെ 1011-ാം നമ്പറായും ഹരിപ്പാട് മണ്ണാറശാല യുപി സ്‌കൂളിലെ 1362-ാം നമ്പറായും രമേശ് ചെന്നിത്തലയുടെ അമ്മ ദേവകിയമ്മയ്ക്ക് വോട്ടുണ്ട്. പ്രതിപക്ഷനേതാവെന്ന നിലയില്‍ ചെന്നിത്തലയുടെ ക്യാമ്പ് ഓഫീസായ മണ്ണാറശാല ആനന്ദമന്ദിരത്തിന്റെ വിലാസത്തിലാണ് രമേശ് ചെന്നിത്തലയുടെയും മറ്റ് കുടുംബാഗങ്ങളുടെയും നിലവിലെ വോട്ട്. തൃപ്പെരുന്തുറയില്‍ കുടുംബവീടായ കോട്ടൂര്‍ കിഴക്കതിലിലെ വിലാസത്തിലായിരുന്നു ഇവര്‍ക്കെല്ലാം മുമ്പ് വോട്ടുണ്ടായിരുന്നത്.
ഇതിന് പുറമേ രമേശിന്റെ ഭാര്യ അനിതയ്ക്കും മക്കളായ രമിത്തിനും രോഹിത്തിനും കഴിഞ്ഞദിവസം വരെ ഇരട്ടവോട്ടുണ്ടായിരുന്നു. ചെങ്ങന്നൂര്‍ മണ്ഡലത്തിലെ ചെന്നിത്തല തൃപ്പെരുന്തുറയിലെ കുടുംബവീട്ടിലും ഹരിപ്പാട് മണ്ഡലത്തിലെ ക്യാമ്പ് ഓഫീസിലുമായിരുന്നു ഇവരുടെ വോട്ടുകള്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹരിപ്പാട്ടേക്ക് വോട്ട് മാറ്റിയത് ക്രമവിരുദ്ധമാണെന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു. പട്ടികയില്‍ പേര് ചേര്‍ക്കാന്‍ സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ് നേടിയത് ചട്ടവിരുദ്ധമായാണെന്ന് വിവരാവകാശ രേഖയിലൂടെയാണ് വെളിപ്പെട്ടത്. ക്യാമ്പ് ഓഫീസ് പ്രവര്‍ത്തിക്കുന്ന 12/481 എന്ന നമ്പരിലെ വീട്ടിലെ സ്ഥിരതാമസക്കാരെന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് വോട്ടര്‍പ്പട്ടികയില്‍ പേരു ചേര്‍ത്തത്. എന്നാല്‍ അപേക്ഷയില്‍ ചെന്നിത്തലയും കുടുംബവും ഇവിടെ എത്രനാളായി താസിക്കുന്നുവെന്ന് രേഖപ്പെടുത്തിയിട്ടില്ല.
ഇതിന് പുറമേ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കും ഭാര്യയ്ക്കും ഇരട്ടവോട്ടെന്ന വിവരം ഇന്നലെ പുറത്ത് വന്നിരുന്നു. മൂവാറ്റുപുഴ, പെരുമ്പാവൂര്‍ എന്നീ മണ്ഡലങ്ങളിലാണ് എംഎല്‍എയ്ക്കും ഭാര്യയ്ക്കും വോട്ടുള്ളത്. മൂവാറ്റുപുഴയില്‍ വോട്ടുള്ള കാര്യം മറച്ചുവച്ചാണ് എംഎല്‍എ സ്വന്തം മണ്ഡലമായ പെരുമ്പാവൂരില്‍ വോട്ട് ചേര്‍ത്തത്. പെരുമ്പാവൂര്‍ മണ്ഡലത്തില്‍ 2286 ഇരട്ടവോട്ടുകള്‍ ഉണ്ടെന്ന് എംഎല്‍എ പരാതി നല്‍കിയതിന് തൊട്ട് പിന്നാലെയാണ് സ്വന്തം കുടുംബത്തിന് രണ്ട് മണ്ഡലത്തില്‍ വോട്ടുകള്‍ ഉണ്ടെന്ന കാര്യം പുറത്ത് വന്നിരിക്കുന്നത്.
പെരുമ്പാവൂര്‍ മണ്ഡലത്തിലെ ബൂത്ത് 142 ലും (ക്രമ. നമ്പര്‍: 1354), മൂവാറ്റുപുഴ മണ്ഡലത്തിലെ ബൂത്ത് 130 (ക്രമ. നമ്പര്‍: 1092) മാണ് കുന്നപ്പിള്ളിയുടെ വോട്ട്. ഭാര്യ മറിയാമ്മ എബ്രഹാമിന് പെരുമ്പാവൂരിലെ ബൂത്ത് നമ്പര്‍ 142 ലും (ക്രമ. നമ്പര്‍: 1358), മൂവാറ്റുപുഴയിലെ ബൂത്ത് നമ്പര്‍ 142 ലും (ക്രമ. നമ്പര്‍: 1095) മാണ് വോട്ടുള്ളത്. പെരുമ്പാവൂരിലെ രായമംഗലം പഞ്ചായത്തിലും, മൂവാറ്റുപുഴയിലെ മാറാടി പഞ്ചായത്തിലുമാണ് ഇരുവര്‍ക്കും വോട്ടുള്ളത്.
പ്രതിപക്ഷം ഉന്നയിച്ച വോട്ട് ഇരട്ടിപ്പ് ഓരോ ദിവസവും തിരിഞ്ഞുകൊത്തുകയാണ്. ഇരട്ടവോട്ടിലധികവും കോണ്‍ഗ്രസ്, ലീഗ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയുമാണെന്ന് ഓരോ ദിവസവും വിവരങ്ങള്‍ പുറത്തുവരുന്നു.