തിങ്ങിനിറഞ്ഞ കെഎസ്ആര്‍ടിസി യാത്ര; ബസിൽ നിന്നും പുറത്തേക്ക് വീണ് വിദ്യാർത്ഥിക്ക് പരിക്ക്
സ്വന്തം ലേഖകൻ
കോഴിക്കോട്: കെഎസ്ആര്‍ടിസി ബസിൽ നിന്നും വീണ് വിദ്യാർത്ഥിക്ക് പരിക്കേറ്റു. കോഴിക്കോട് കൂടരഞ്ഞി സെന്‍റ് സെബാസ്റ്റ്യന്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് പരിക്കേറ്റത്. തിങ്ങിനിറഞ്ഞ കെഎസ്ആര്‍ടിസി ബസിലെ വാതിൽ തുറന്ന് പോയി വിദ്യാര്‍ത്ഥി പുറത്തേക്ക് വീഴുകയായിരുന്നു. കൂടരഞ്ഞിയില്‍ ഇന്ന് വൈകീട്ട് 4.15ഓടെയാണ് അപകടമുണ്ടായത്.
തിരുവമ്പാടിയില്‍ നിന്ന് കക്കാടംപൊയിലിലേക്ക് സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസ് കൂടരഞ്ഞിയില്‍ നിന്ന് ആളുകളെ കയറ്റി അല്‍പ ദൂരം മുന്‍പോട്ടു പോയ ഉടനെ പുറകിലെ വാതില്‍ തുറന്ന് പോവുകയും വിദ്യാര്‍ത്ഥി തെറിച്ചുവീഴുകയുമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ സമയത്ത് ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഫൂട്ട്‌ബോര്‍ഡില്‍ നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിയാണ് അപകടത്തില്‍പ്പെട്ടത്. കൈക്ക് നിസാര പരിക്കേറ്റ കുട്ടിയെ സമീപത്തെ ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി.
ഏതാനും ബസുകള്‍ മാത്രം സര്‍വീസ് നടത്തുന്ന റൂട്ടില്‍ സ്‌കൂളുകള്‍ തുറന്നതോടെ യാത്ര ദുഷ്‌കരമായിരിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. വിദ്യാര്‍ത്ഥികള്‍ ഏറെ ബുദ്ധിമുട്ടിയാണ് സ്‌കൂളില്‍ നിന്നും തിരികെ വീടുകളില്‍ എത്തുന്നത്.
വൈകീട്ട് അഞ്ച് മണിക്ക് സര്‍വീസ് നടത്തിയിരുന്ന ബസ് ഇപ്പോള്‍ ഈ റൂട്ടില്‍ ഓടാത്തതും ദുരിതം ഇരട്ടിപ്പിച്ചിരിക്കുയാണ്. അപകടമുണ്ടായ ബസില്‍ കയറാവുന്നതില്‍ അധികം ആളുകള്‍ യാത്ര ചെയ്തതാണ് അപകടം വരുത്തിയതെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.