ബോണ്ടയുടെ കാശ് അണ്ണന്‍ തരും എന്ന നാടകത്തിന് ശേഷം കോണ്‍ഗ്രസ് അവതരിപ്പിക്കുന്ന പുതിയ നാടകം;  ഫോണ്‍ റീചാര്‍ജ് ജോഡോ പിരിവില്‍ വക വച്ചിട്ടുണ്ട്..! വിവാദങ്ങള്‍ വിട്ടൊഴിയാതെ കൊല്ലവും ജോഡോയാത്രയും

ബോണ്ടയുടെ കാശ് അണ്ണന്‍ തരും എന്ന നാടകത്തിന് ശേഷം കോണ്‍ഗ്രസ് അവതരിപ്പിക്കുന്ന പുതിയ നാടകം; ഫോണ്‍ റീചാര്‍ജ് ജോഡോ പിരിവില്‍ വക വച്ചിട്ടുണ്ട്..! വിവാദങ്ങള്‍ വിട്ടൊഴിയാതെ കൊല്ലവും ജോഡോയാത്രയും

സ്വന്തം ലേഖകന്‍

കൊല്ലം: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്രയ്ക്ക് പിരിവ് നല്‍കാത്തതിന് കടയില്‍ കയറി അക്രമം നടത്തിയ സംഭവത്തില്‍ മൂന്ന് പേരെ കോണ്‍ഗ്രസ് സസ്പെന്റ് ചെയ്തതിന് പിന്നാലെ പുതിയ വിവാദം തലപൊക്കുന്നു. കുന്നിക്കോട്ടെ പച്ചക്കറി വ്യാപാരിയായ അനസിന്റെ കടയിലാണ് അക്രമം അരങ്ങേറിയതെങ്കില്‍ ഇതിന് സമീപത്ത് തന്നെയുള്ള ഒറിജിന്‍ മൊബൈല്‍സ് എന്ന സ്ഥാപനത്തിലാണ് അടുത്ത വിവാദത്തിരിയും എരിഞ്ഞുതുടങ്ങിയിരിക്കുന്നത്.

രാഹുല്‍ ഗാന്ധി നയിക്കുന്ന ജോഡോ യാത്രയുടെ പിരിവിന്റെ ഭാഗമായി കടയിലെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ 719 രൂപയ്ക്ക് റീചാര്‍ജ് ചെയ്ത് നല്‍കാനാണ് ജീവനക്കാരോട് ആവശ്യപ്പെട്ടത്. സ്വകാര്യ ആവശ്യത്തിനായതിനാല്‍ പണം നല്‍കുമെന്ന് കരുതി റീചാര്‍ജ് ചെയ്ത് കൊടുത്ത ശേഷമാണ് പണം നല്‍കില്ലെന്ന് അറിയിച്ചത്. ഇതേത്തുടര്‍ന്ന് വാക്ക് തര്‍ക്കം ഉണ്ടാകുകയും കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കടയില്‍ നിന്ന് ഇറങ്ങിപ്പോയി. അല്പ സമയത്തിന് ശേഷം തിരികെ വന്ന് മുന്നൂറ് രൂപ ആവശ്യപ്പെട്ടു. ഇത് ചോദ്യം ചെയ്തപ്പോള്‍ നിര്‍ബന്ധമായും പിരിവ് തരണം എന്നായി സംസാരം. നിവൃത്തിയില്ലാതെ മുന്നൂറ് രൂപകൂടി നല്‍കിയപ്പോള്‍ ആയിരം രൂപയുടെ രസീത് എഴുതി നല്‍കി. ഇതില്‍ ജിയോ റീചാര്‍ജ് ചെയ്ത തുകയും ഉള്‍പ്പെടും. സംഭവം തുറന്ന് പറഞ്ഞ് കടയുടമ തന്നെയാണ് രംഗത്തെത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാരത് ജോഡോ യാത്രയുടെ കൊല്ലത്തെ പര്യടനവുമായി ബന്ധപ്പെട്ടാണ് പ്രദേശിക കോണ്‍ഗ്രസ് നേതാക്കള്‍ കഴിഞ്ഞ ദിവസം പിരുവുമായെത്തിയത്. രണ്ടായിരം രൂപയുടെ രസീത് അനസിന് എഴുതി നല്‍കി. പണം വാങ്ങാനെത്തിയപ്പോള്‍ അഞ്ഞൂറ് രൂപ മാത്രമേ നല്‍കാനാവൂ എന്ന് അനസ് പറഞ്ഞു. എന്നാല്‍, രണ്ടായിരം തന്നെ വേണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ നിര്‍ബന്ധം പിടിച്ചതോടെ തര്‍ക്കമായി. പ്രദേശിക കോണ്‍ഗ്രസ് നേതാക്കളാണ് കടയിലുണ്ടായിരുന്ന ത്രാസും സാധനങ്ങളും ഇവര്‍ അടിച്ചു തകര്‍ത്തുവെന്നാണ് കടയുടമയുടെ ആരോപണം.

ഇതേതുടര്‍ന്ന് കൊല്ലത്തെ വിളക്കുടി വെസ്റ്റ് മണ്ഡലം പ്രസിഡന്റ് സലീം സൈനുദ്ദീന്‍, ഡി സി സി അംഗം കുന്നിക്കോട് ഷാജഹാന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എച്ച്. അനീഷ് ഖാന്‍ എന്നിവരെയാണ് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്. ഇത്തരം നടപടികള്‍ അംഗീകരിക്കാനാവില്ലെന്നും കോണ്‍ഗ്രസ് ആശയങ്ങള്‍ക്കെതിരാണ് ഇവര്‍ പ്രവര്‍ത്തിച്ചതെന്നും കെ സുധാകരന്‍ പ്രതികരിച്ചു.

അതേസമയം സാധനങ്ങള്‍ വലിച്ചെറിഞ്ഞിട്ടില്ലെന്നും സിപിഎം നേതാക്കള്‍ ഭാരത് ജോഡോ യാത്രയെ ആക്ഷേപിക്കാന്‍ പ്രശ്‌നങ്ങളുണ്ടാക്കുകയാണെന്നുമാണ് വിലക്കുടി വെസ്റ്റ് മണ്ഡലം കമ്മറ്റി പ്രസിഡന്റ് നല്‍കുന്ന മറുപടി.

രണ്് വര്‍ഷം മുന്‍പ്, തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് സമരത്തിനെത്തിയ യൂത്ത് കോണ്‍ഗ്രസുകാര്‍, അടുത്തുള്ള ഹോട്ടലില്‍ നിന്ന് കഴിച്ച ചായയുടെയും ബോണ്ടയുടെയും കാശ് കൊടുത്തില്ലെന്ന ഹോട്ടലുടമയുടെ പരാതി വലിയ വിമര്‍ശനത്തിന് വഴി വച്ചിരുന്നു. കാശ് ചോദിച്ചപ്പോള്‍ പുറത്തേക്ക് ചൂണ്ടി കാണിച്ച് ‘അണ്ണന്‍ തരു’മെന്ന് പറഞ്ഞ് പ്രവര്‍ത്തകര്‍ പോയതോടെ രാഹുല്‍ ഗാന്ധിയാണ് ട്രോളന്മാരുടെ ഇരയായി മാറിയത്.

അതേസമയം, ഭാരത് ജോഡോ യാത്ര കൊല്ലം ജില്ലയില്‍ പര്യടനം തുടരുകയാണ്. രാവിലെ ആറരയോടെ പോളായത്തോട് നിന്നുമാണ് യാത്ര തുടങ്ങിയത്. ജാഥയുടെ തുടക്കത്തില്‍ ക്രമീകരണം പാളിയത് സുരക്ഷാ ജീവനക്കാരെയടക്കം വെട്ടിലാക്കി. രാഹുല്‍ ഗാന്ധി ജാഥക്കായി എത്തിയപ്പോഴും യാത്രക്കുള്ള ക്രമീകരണം ഡിസിസി പൂര്‍ത്തിയാക്കിയിരുന്നില്ല. ഇതില്‍ നീരസം പ്രകടമാക്കിയ രാഹുല്‍ ഗാന്ധി നടന്ന് നീങ്ങുകയായിരുന്നു.