കോട്ടയം നഗരമധ്യത്തിൽ ടാറിൽ കുടുങ്ങിയ നായ്ക്കുട്ടിയ്ക്ക് രണ്ട് പെൺകുട്ടികൾ രക്ഷകരായി

കോട്ടയം നഗരമധ്യത്തിൽ ടാറിൽ കുടുങ്ങിയ നായ്ക്കുട്ടിയ്ക്ക് രണ്ട് പെൺകുട്ടികൾ രക്ഷകരായി

സ്വന്തം ലേഖകൻ

കോട്ടയം: നഗരമധ്യത്തിൽ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിനു സമീപം ടാറിൽ കുടുങ്ങിയ നായ്ക്കുട്ടിയ്ക്ക് രണ്ട് പെൺകുട്ടികൾ രക്ഷകരായി. ഫ്രണ്ട്സ് ഓഫ് അനിമൽസിന്റെ സന്നദ്ധ പ്രവർത്തകരും സിഎംഎസ് കോളജ് വിദ്യാർത്ഥികളുമായ കാതറീൻ , സൂര്യ എന്നിവരാണ് നായ്ക്കുട്ടിയെ രക്ഷപെടുത്തിയത്.


വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കെ.എസ് ആർ ടി സി ബസ് സ്റ്റാൻഡിന് സമീപം പ്രസ് ക്ലബ് മന്ദിരത്തിന്റെ മുന്നിലായിരുന്നു സംഭവങ്ങൾ. പ്രസ് ക്ലബിന് മുന്നിലെ പൊതുമരാമത്ത് വകുപ്പിന്റെ ഓഫിസിന് മുന്നിൽ ടാർ വീപ്പ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മറിഞ്ഞ് കിടന്നിരുന്നു. ഈ ടാർ വീപ്പയ്ക്ക് സമീപത്ത് ഒരു നായ പ്രസവിച്ച് കിടന്നിരുന്നു. ഈ നായയും കുട്ടിയും അബദ്ധത്തിൽ ടാറിനുള്ളിൽ പെട്ട് പോകുകയായിരുന്നു. ടാറിനുള്ളിൽ നിന്നും നായ്ക്കുട്ടിയും അമ്മയും പുറത്തിറങ്ങിയിരുന്നെങ്കിലും ഇരുവരുടെയും ശരീരത്തിൽ ടാർ പറ്റിപ്പിടിച്ചിരുന്നിരുന്നു.

ടാറിൽ നിന്ന് രക്ഷപെട്ട അമ്മപ്പട്ടിയുടെ ശരീരത്തിലെ രോമവും ദശയും പല ഭാഗങ്ങളിലും പൂർണമായും ഇളകി പോന്നിരുന്നു. നായക്കുട്ടിയുടെ കാലുകൾ ടാർ ഒട്ടിയതിനെ തുടർന്ന് ചലിക്കാനാവാത്ത സ്ഥിതിയിലായിരുന്നു. ഇത് കണ്ട ചില മാധ്യമ പ്രവർത്തകരാണ് ഫ്രണ്ട്സ് ഓഫ് ആനിമൽസ് പ്രവർത്തകനായ വെറ്റിനറി സർജൻ ഡോ.പി.ബിജുവിനെ വിവരം അറിയിച്ചത് . ബിജുവിന്റെ നിർദേശാനുസരണം ഉച്ചയ്ക്ക് മൂന്ന് മണിയോടെ കാതറീനും , സൂര്യയും സ്ഥലത്ത് എത്തി. തുടർന്ന് സൺ ഫ്ളവർ ഓയിലും തുണിയും ഉപയോഗിച്ച് നായ്ക്കുട്ടിയുടെ ശരീരത്തിലെ ടാർ നീക്കം ചെയ്തു. രണ്ട് മണിക്കൂറിലേറെ പരിശ്രമിച്ച് അഞ്ച് മണിയോടെയാണ് നായ്ക്കുട്ടിയുടെ ശരീരത്തിൽ നിന്നും ടാർ പൂർണമായും നീക്കിയത്. നായക്കുട്ടി ആരോഗ്യ സ്ഥിതി വീണ്ടെടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group