മാലിന്യം സംസ്കരിക്കാത്ത സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുത്

മാലിന്യം സംസ്കരിക്കാത്ത സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുത്

സ്വന്തംലേഖകൻ

കോട്ടയം : മാലിന്യം ഉറവിടത്തില്‍ തന്നെ സംസ്കരിക്കാന്‍ സംവിധാനമില്ലാത്ത സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്ന് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു നിര്‍ദേശിച്ചു.  കോട്ടയം ജില്ലയുടെ മാലിന്യ സംസ്കരണ സമഗ്ര പദ്ധതിയുമായി ബന്ധപ്പെട്ട് കെ.പി.എസ്. മേനോന്‍ ഹാളില്‍ നടന്ന ത്രിതല പഞ്ചായത്തു പ്രസിഡന്‍റുമാരുടെയും ഉദ്യോഗസ്ഥരുടെയും വകുപ്പു പ്രതിനിധികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യാപാര സ്ഥാപനങ്ങളിലെയും നഗരത്തിലെ കെട്ടിടങ്ങളിലെയും മാലിന്യം പൊതു സ്ഥലത്ത് നിക്ഷേപിക്കുന്നതായും ഓടകളിലേക്ക് ഒഴുക്കുന്നതായും പരാതികളുണ്ട്. മാലിന്യം ഉത്പാദിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക് അത് സംസ്കരിക്കുന്നതിനുള്ള ഉത്തരവാദിത്വമുണ്ട്. സംസ്കരണം കൃത്യമായി നടക്കുന്നു എന്നുറപ്പാക്കാന്‍  തദ്ദേശഭരണ സ്ഥാപനങ്ങളും ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരും പരിശോധന നടത്തണം. വീഴ്ച്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്ക് തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കരുത്.
ആരോഗ്യ ജാഗ്രതയുടെ ഭാഗമായി മെയ് 11, 12 തീയതികളില്‍ നടന്ന ശുചിത്വ യജ്ഞത്തില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ച്ചവയ്ക്കാന്‍ കോട്ടയം ജില്ലയ്ക്ക് സാധിച്ചു. പൊതുസ്ഥലത്ത് മാലിന്യം ഉപേക്ഷിക്കുന്നത് അവസാനിപ്പിക്കാനും ശുചിത്വ സംസ്കാരം വളര്‍ത്താനും സാധിക്കണം. എല്ലാ പഞ്ചായത്തുകളിലും സ്ഥിരമായ മാലിന്യ ശേഖരണ സംവിധാനം തുടങ്ങുന്നതിനും ആഘോഷ പരിപാടികളിലും മറ്റും ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കുന്നതിനുമുള്ള സാധ്യതകള്‍ പരിശോധിക്കണം-കളക്ടര്‍ നിര്‍ദേശിച്ചു.
സമഗ്ര മാലിന്യ സംസ്കരണ പദ്ധതിയെക്കുറിച്ചും തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ഈ മേഖലയിലുള്ള പ്രവര്‍ത്തന സാധ്യതകളെക്കുറിച്ചും ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഫിലിപ്പ് ജോസഫ് വിശദമാക്കി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജെസിമോള്‍ മനോജ്, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലിസമ്മ ബേബി,  ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടെസ് പി. മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു. ശുചീകരണ യജ്ഞത്തിനു ശേഷമുള്ള മാലിന്യ നീക്കത്തെക്കുറിച്ച്  ഗ്രീന്‍ കേരള കമ്പനി പ്രതിനിധി ദിലീപ് വിശദീകരിച്ചു.