play-sharp-fill
ദിവസം 2000 ലധികം രോഗികള്‍ ചികിത്സ  തേടുന്ന ജില്ലാ ജനറല്‍ ആശുപത്രിയില്‍ ആവശ്യത്തിന് ആംബുലന്‍സില്ല

ദിവസം 2000 ലധികം രോഗികള്‍ ചികിത്സ തേടുന്ന ജില്ലാ ജനറല്‍ ആശുപത്രിയില്‍ ആവശ്യത്തിന് ആംബുലന്‍സില്ല

സ്വന്തം ലേഖകന്‍

കോട്ടയം: ദിവസം രണ്ടായിരത്തിലധികം രോഗികള്‍ ചികിത്സ തേടുന്ന കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയില്‍ ആവശ്യത്തിന് ആംബുലന്‍സില്ല. കഴിഞ്ഞ രണ്ടു വര്‍ഷമായി ഒരു ആംബുലന്‍സ് മാത്രമാണ് ആശുപത്രിക്കുള്ളത്.

ശബരിമല സീസണ്‍ ആരംഭിച്ചതോടെ ഇനി ഏറ്റവും വലിയ തിരക്കാണ് ആശുപത്രിയില്‍ അനുഭവപ്പെടുക. തീര്‍ഥാടക വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടാല്‍ ആദ്യം എത്തിക്കുക ജില്ലാ ജനറല്‍ ആശുപത്രിയിലാണ്. ഗുരുതരമായ പരിക്കുള്ളവരെ അപ്പോള്‍ തന്നെ മെഡിക്കല്‍ കോളജിലേക്ക് മാറ്റും. ഇപ്പോഴുള്ള ഒരു ആംബുലന്‍സ് കൊണ്ട് ഇതൊന്നും വേഗത്തില്‍ സാധ്യമല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ പാടില്ലെന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ പുതിയ ഉത്തരവാണ് ഇവിടുത്തെ ആംബുലന്‍സുകള്‍ കട്ടപ്പുറത്താവാന്‍ കാരണം. പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഉണ്ടായിരുന്ന ആംബുലന്‍സുകള്‍ക്ക് ടാക്‌സ് അടയ്ക്കാതെ കിടക്കുകയാണ്.

ദിവസം രണ്ടായിരത്തിലധികം രോഗികളാണ് ജനറല്‍ ആശുപത്രിയിലെ ഒപിയില്‍ ചികിത്സ തേടി എത്തുന്നത്. ചില പ്രത്യേക സാഹചര്യങ്ങളില്‍ ഇത് ദിവസം മൂവായിരം വരെയായി ഉയരാറുണ്ട്. ഇവരില്‍ പലരും ഗുരുതരമായ രോഗം ബാധിച്ചവരാണ്. പ്രാഥമിക ചികിത്സ നല്കിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്താല്‍ കൊണ്ടുപോകാന്‍ ആംബുലന്‍സ് ഇല്ല എന്നതാണ് ഇപ്പോള്‍ നേരിടുന്ന പ്രശ്‌നം. ആശുപത്രിയിലെ ആംബുലന്‍സ് ഇല്ലെങ്കില്‍ പുറത്തു നിന്ന് വിളിക്കേണ്ടി വരും. പുറത്തു നിന്നുള്ള ആംബുലന്‍സ് ചാര്‍ജ് പാവപ്പെട്ട രോഗികള്‍ക്ക് താങ്ങാന്‍ കഴിയില്ല.

വിവിഐപികളുടെ സന്ദര്‍ശനം ജില്ലയില്‍ എവിടെ ഉണ്ടായാലും ജനറല്‍ ആശുപത്രിയിലെ ആംബുലന്‍സ് അനുഗമിക്കണം. മറ്റൊരു 108 ആംബുലന്‍സ് ഉണ്ടെങ്കിലും പുറത്തെ മറ്റ് ആവശ്യങ്ങള്‍ക്കു കൂടി പോകേണ്ടി വരുന്നതിനാല്‍ ആശുപത്രിയില്‍ മാത്രമായി 108 ആംബുലന്‍സിന്റെ സേവനം ലഭിക്കുകയില്ല.

പുതുതായി മൂന്ന് ആംബുലന്‍സുകള്‍കൂടി ലഭിച്ചാലേ ജനറല്‍ ആശുപത്രിയിലെ ആവശ്യങ്ങള്‍ക്ക് മതിയാവു. എംപി ഫണ്ടോ ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയോ അടിയന്തരമായി ജനറല്‍ ആശുപത്രിക്ക് ആംബുലന്‍സുകള്‍ അനുവദിക്കണമെന്നാണ് ആവശ്യം. ശബരിമല സീസണു പുറമെ നവകേരള സദസ് ഉടനെ കോട്ടയത്ത് നടക്കുകയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ചടങ്ങുകള്‍ നടക്കുമ്പോള്‍ ജനറല്‍ ആശുപത്രിയിലെ ഏക ആബുലന്‍സ് സേവനം വിട്ടുകൊടുക്കേണ്ടി വന്നാല്‍ രോഗികളുടെ കാര്യം കഷ്ടത്തിലാവും.