കെട്ടിട ഉടമ പൂട്ടിയ മുറികൾ വാടകക്കാരൻ കുത്തിത്തുറന്നു ; ഒടുവിൽ ഉടമയും വാടകക്കാരനും കുടുംബവുമായി കടമുറിയിൽ കുത്തിയിരുന്ന് പ്രതിഷേധം : നാടകീയ സംഭവങ്ങളിങ്ങനെ

കെട്ടിട ഉടമ പൂട്ടിയ മുറികൾ വാടകക്കാരൻ കുത്തിത്തുറന്നു ; ഒടുവിൽ ഉടമയും വാടകക്കാരനും കുടുംബവുമായി കടമുറിയിൽ കുത്തിയിരുന്ന് പ്രതിഷേധം : നാടകീയ സംഭവങ്ങളിങ്ങനെ

സ്വന്തം ലേഖകൻ

കുറ്റിയാടി: കടമുറി ഒഴിയാൻ ആവശ്യപ്പെട്ടിട്ടും വാടകക്കാരൻ ഒഴിയാതെ വന്നതോടെ കെട്ടിടമുടമ പൂട്ടിയ മുറികൾ വാടകക്കാരൻ കുടുംബമായെത്തി കുത്തിത്തുറന്നു. കുറ്റിയാടി ടൗണിലെ റിവർ റോഡിൽ തളീക്കര പിലാക്കോട് കുഞ്ഞമ്മദ് കള്ളാട് സ്വദേശി വിജയകുമാറിന് 16 വർഷങ്ങൾക്ക് മുൻപ് മര ഉരുപ്പടികൾ നിർമിക്കുന്നതിന് വാടകക്ക് നൽകിയ കടമുറിയെ ചൊല്ലിയാണ് കശപിശ തുടങ്ങിയത്.

പലതവണ ആവശ്യപ്പെട്ടിട്ടും കടമുറി ഒഴിയാതെ വന്നതോടെ ഉടമ ഒരാഴ്ച മുൻപ് മുറി മറ്റൊരു പൂട്ടിട്ട് പൂട്ടുകയായിരുന്നു. തുടർന്ന് വ്യാപാരി സംഘടന നേതാക്കളടക്കം ആവശ്യപ്പെട്ടിട്ടും തുറന്നു കൊടുക്കാതായതോടെ വാടകക്കാരൻ കുടുംബവുമായെത്തി പൂട്ട് പൊളിച്ച് അകത്ത് കയറി ഇരിപ്പ് ഉറപ്പിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാടകക്കാരൻ കുടുംബവുമായി എത്തിയതറിഞ്ഞ ഉടമയും ഭാര്യയെയും മക്കളെയും കൂട്ടിയെത്തി മുറിക്കകത്ത് ഇരിപ്പാക്കുകയും ചെയ്തു. ഇരു കുടുംബവും കടക്കുള്ളിൽ താമസമാക്കും എന്ന് അറിയിച്ചതോടെ സന്ധ്യയോടെ ഗ്രാമപഞ്ചായത്ത് ഭാരവാഹികൾ സ്ഥലത്തെത്തി. ഇരു കൂട്ടരെയും ചർച്ചചെയ്യാമെന്ന ധാരണയിൽ തർക്കം താൽക്കാലികമായി അവസാനിപ്പിക്കുകയായിരുന്നു. അതുവരെ കട വാടകക്കാരൻ തുറക്കാമെന്നും തീരുമാനമായി. .==

കടമുറികൾ ഉൾപ്പെടുന്ന കെട്ടിടം ഉടമ ഏതാനും മാസം മുൻപ് വിൽപന നടത്തിയതാണ്. ഇതേ തുടർന്ന് വാടകക്കാരൻ മുറിയൊഴിയുകയും യന്ത്രങ്ങൾ മാറ്റുകയും ചെയ്തതാണ്. എന്നാൽ ഇപ്പോൾ ആനുകൂല്യം ആവശ്യപ്പെട്ടാണ് തിരികെ വന്നതെന്നും കെട്ടിടമുടമ പറഞ്ഞു.

എന്നാൽ ഉടമ മുറികൾ പൂട്ടിയതോടെ ഒരാഴ്ച പണിയെടുക്കാൻ കഴിഞ്ഞില്ലെന്ന് വിജയകുമാർ പറഞ്ഞു. പഞ്ചായത്ത് അധികൃതരുടെ സാന്നിദ്ധ്യത്തിൽ ഇവരുവരും തമ്മിൽ തിങ്കളാഴ്ച ചർച്ച നടക്കും.