മാടപ്പള്ളി ഭഗവതീ ക്ഷേത്രം ഭിന്നശേഷി സൗഹൃദം; ആരാധനാലയങ്ങള്‍ക്ക് ഉത്തമ മാതൃകയായി ഒരു ക്ഷേത്രസന്നിധി

മാടപ്പള്ളി ഭഗവതീ ക്ഷേത്രം ഭിന്നശേഷി സൗഹൃദം; ആരാധനാലയങ്ങള്‍ക്ക് ഉത്തമ മാതൃകയായി ഒരു ക്ഷേത്രസന്നിധി

സ്വന്തം ലേഖിക

കോട്ടയം: സമൂഹത്തിന്റെ എല്ലാ ഇടങ്ങളിലേക്കും കടന്നെത്താന്‍ ശാരീരിക പരിമിതികളാല്‍ കഴിയാത്ത ഒരു വിഭാഗം നമുക്കിടയിലുണ്ട്.ഏറ്റവും നിസാരമായ ആഗ്രഹം പോലും ഉള്ളിലൊതുക്കാന്‍ വിധിക്കപ്പെട്ട ദിവ്യാംഗര്‍.ആരാധനാലയ ദര്‍ശനമുള്‍പ്പടെ അന്യമായവര്‍.

അവര്‍ക്ക് ഒരു ശുഭവാര്‍ത്തയുമായി എത്തിയിരിക്കുകയാണ് ചങ്ങനാശ്ശേരി മാടപ്പള്ളി ശ്രീഭഗവതീ ക്ഷേത്രം. ആരാധനാലയം ഭിന്നശേഷി സൗഹൃദമാകുന്നതിന്റെ ഉത്തമ മാതൃകയായിരിക്കുകയാണ് ഈ ക്ഷേത്ര സന്നിധി. ദിവ്യാംഗര്‍ക്ക് ഇനി ക്ഷേത്ര ശ്രീകോവിലിന് മുന്നില്‍ വീല്‍ ചെയറിലെത്തി ദര്‍ശനം നടത്താം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാടപ്പള്ളി ശ്രീഭഗവതി ക്ഷേത്രം ഞായറാഴ്ച മുതല്‍ ഭിന്നശേഷി സൗഹൃദമായി. ദിവ്യാംഗ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സമദൃഷ്ടി ക്ഷമതാവികാസ് മണ്ഡല്‍ (സക്ഷമ) ആണ് ഈ സുപ്രധാന തീരുമാനത്തിന് പിന്നില്‍. ക്ഷേത്രാങ്കണത്തില്‍ നടന്ന ചടങ്ങില്‍ സക്ഷമ സംസ്ഥാന സമിതി അംഗം ഒ.ആര്‍. ഹരിദാസ്, ക്ഷേത്രം പ്രസിഡന്റ് പി.ഡി. ബാലകൃഷ്ണന് വീല്‍ ചെയറുകള്‍ കൈമാറി മാടപ്പള്ളി ശ്രീഭഗവതി ക്ഷേത്രത്തെ ഭിന്നശേഷി സൗഹൃദമായി പ്രഖ്യാപിച്ചു.

ചടങ്ങില്‍ സക്ഷമ കോട്ടയം ജില്ലാ സെക്രട്ടറി എന്‍. ശ്രീജിത്ത്, ദേവസ്വം നിര്‍വ്വാഹക സമിതി സെക്രട്ടറി മുരളീധരന്‍ നായര്‍ എന്നിവര്‍ സന്നിഹിതരായി. സക്ഷമ ചങ്ങനാശേരി താലൂക്ക് അധ്യക്ഷന്‍ ബൈജു കെ.ആര്‍. പുതിയ സൗകര്യം പ്രയോജനപ്പെടുത്തി വീല്‍ചെയറില്‍ ശ്രീകോവിലിന് മുന്നിലെത്തി ദര്‍ശനം നടത്തി.

വീല്‍ചെയറില്‍ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലെ വാതിലിലൂടെ നാലമ്ബലത്തില്‍ പ്രവേശിച്ച്‌ ശ്രീകോവിലിന് മുന്നിലെത്തി ദര്‍ശനം നടത്താനാകുന്ന വിധത്തിലാണ് റാമ്ബ്് സജ്ജമാക്കിയിരിക്കുന്നത്. ദേവസ്വം നിര്‍വാഹക സമിതി അംഗം വിഷ്ണു നമ്ബൂതിരി, സിഎ സൈന്‍സ് ഉടമ ജോസ് ആമ്ബല്ലൂരിന് വേണ്ടി സുരേഷ് കെ.എസ് എന്നിവരാണ് വീല്‍ചെയറുകള്‍ കൈമാറിയത്.

സക്ഷമ കോട്ടയം ജില്ലാ സെക്രട്ടറി എന്‍. ശ്രീജിത്താണ് ക്ഷേത്രത്തിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ ക്ഷേത്രം ഭിന്നശേഷി സൗഹൃദമാക്കേണ്ടതിന്റെ ആവശ്യം ഉന്നയിച്ചത്. തുടര്‍ന്ന് സക്ഷമയുടെ ചങ്ങനാശ്ശേരി താലൂക്ക് ദിവ്യാംഗ സമിതി സെക്രട്ടറി സനീഷ് കെ.എസ്, സമിതി അംഗം പ്രമോദ് ടി.ജി. എന്നിവര്‍ ഇതിനായി മുന്‍കൈയെടുത്തു. ആശ്വാസം തേടലിന്റെ പലവഴികളില്‍ ഒന്നായ ഈശ്വരദര്‍ശനം ശാരീരിക-മാനസിക വെല്ലുവിളികളുടെ പേരില്‍ നിഷേധിക്കപ്പെടരുതെന്ന കാഴ്ചപ്പാടാണ് സക്ഷമയുടെ ഈ ഇടപെടലിന് പിന്നില്‍. എല്ലാ ആരാധനാലയങ്ങളും ഭിന്നശേഷി സൗഹൃദമാക്കണമെന്നാണ് സക്ഷമയുടെ ആവശ്യം.