ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് മാനേജറും സംവിധായകന്‍ റാഫിയും ക്രൈംബ്രാഞ്ച് ഓഫീസില്‍; വിവരങ്ങള്‍ തേടി അന്വേഷണസംഘം

ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് മാനേജറും സംവിധായകന്‍ റാഫിയും ക്രൈംബ്രാഞ്ച് ഓഫീസില്‍; വിവരങ്ങള്‍ തേടി അന്വേഷണസംഘം

സ്വന്തം ലേഖകൻ

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ ദിലീപ് അടക്കമുള്ളവർ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസുമായി ബന്ധപ്പെട്ട് സംവിധായകൻ റാഫിയിൽനിന്ന് ക്രൈംബ്രാഞ്ച് സംഘം വിവരങ്ങൾ തേടി. കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് റാഫിയിൽനിന്ന് മൊഴിയെടുത്തത്.

ദിലീപിന്റെ സിനിമ നിർമാണ കമ്പനിയായ ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ മാനേജറെയും ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംവിധായകൻ ബാലചന്ദ്രകുമാറും ദിലീപും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും മറ്റു ബന്ധങ്ങളും അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് റാഫിയെ വിളിച്ചുവരുത്തിയതെന്നാണ് സൂചന.

ബാലചന്ദ്രകുമാർ ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യാൻ ആഗ്രഹിച്ചിരുന്ന ‘പിക്ക് പോക്കറ്റ്’ എന്ന സിനിമയുടെ കഥയും തിരക്കഥയും റാഫിയുടേതായിരുന്നു. ഈ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ടെന്നാണ് വിവരം.

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് അടക്കമുള്ള പ്രതികളെ ചോദ്യംചെയ്യുന്നത് രണ്ടാംദിവസവും തുടരുകയാണ്. തിങ്കളാഴ്ചയും രാത്രി എട്ടുമണിവരെ ദിലീപിനെ ചോദ്യംചെയ്യും. ആകെ മൂന്നുദിവസത്തെ ചോദ്യംചെയ്യലിനാണ് കോടതി അനുമതി നൽകിയിരിക്കുന്നത്.