ദിലീപ് അടക്കമുള്ള പ്രതികളുടെ ആറ് ഫോണുകള്‍  രജിസ്ട്രാര്‍ ജനറലിന് കൈമാറി; ഫോണുകളുടെ ശാസ്ത്രീയ പരിശോധനയില്‍ ‘മാഡ’ത്തിന്റെ വിളികളും തെളിഞ്ഞേക്കുമെന്ന പ്രതീക്ഷയിൽ ക്രൈം ബ്രാഞ്ച്; ഗൂഢാലോചന നടന്ന ദിവസം ദിലീപിന്റെ വീട്ടിലെത്തിയ സിനിമാ നടിയെ  ചോദ്യം ചെയ്യും

ദിലീപ് അടക്കമുള്ള പ്രതികളുടെ ആറ് ഫോണുകള്‍ രജിസ്ട്രാര്‍ ജനറലിന് കൈമാറി; ഫോണുകളുടെ ശാസ്ത്രീയ പരിശോധനയില്‍ ‘മാഡ’ത്തിന്റെ വിളികളും തെളിഞ്ഞേക്കുമെന്ന പ്രതീക്ഷയിൽ ക്രൈം ബ്രാഞ്ച്; ഗൂഢാലോചന നടന്ന ദിവസം ദിലീപിന്റെ വീട്ടിലെത്തിയ സിനിമാ നടിയെ ചോദ്യം ചെയ്യും

സ്വന്തം ലേഖിക

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ നിര്‍ണായക തെളിവുകളായ പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ രജിസ്ട്രാര്‍ ജനറലിന്‍റെ ഓഫീസില്‍ ഹാജരാക്കി.

ആറ് ഫോണുകളാണ് കൈമാറിയത്. ദിലീപിന്റെ മൂന്ന് ഫോണുകള്‍ മാത്രമാണ് കൈമാറിയത്. നാലാമത്തെ ഫോണിനെ കുറിച്ച്‌ പ്രോസിക്യൂഷന്‍ പറയുന്ന കാര്യങ്ങള്‍ അറിയില്ലെന്നാണ് ദിലീപിന്‍റെ നിലപാട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫോണുകളുടെ ശാസ്ത്രീയ പരിശോധനയില്‍ ‘മാഡ’ത്തിന്റെ വിളികളും തെളിഞ്ഞേക്കുമെന്ന പ്രതീക്ഷയിലാണ് ക്രൈം ബ്രാഞ്ച്. ഫോണ്‍ തിരിമറിക്ക് പിന്നില്‍ നടിയെ ആക്രമിച്ച കേസിലെ തെളിവുകള്‍ പുറത്ത് വരാതിരിക്കാനുള്ള ശ്രമമായിരുന്നെന്നാണ് നിഗമനം.

ഗൂഢാലോചന നടന്ന ദിവസം ദിലീപിന്റെ വീട്ടിലെത്തിയ സിനിമാ നടിയെ വീട്ടിലെത്തി ചോദ്യം ചെയ്യും. ദിലീപ് ജയിലില്‍ കഴിയവേ സന്ദ‌ര്‍ശിച്ചവരുടെ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. ഒരു നടനൊപ്പം തിരുവനന്തപുരം വിതുര സ്വദേശിയായ രാഷ്ട്രീയ നേതാവ് ദിലീപിനെ സന്ദ‌ര്‍ശിച്ചെന്നും ഇയാളുമായി ദിലീപ് പണമിടപാട് കാര്യങ്ങള്‍ സംസാരിച്ചെന്നും ഈ സമയം സ്ഥലത്തുണ്ടായിരുന്ന സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കിയിട്ടുണ്ട്.

ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ട ഫോണുകളില്‍ ചിലത് പ്രതികള്‍ 2017-18 കാലത്ത് ഉപയോഗിച്ചവയാണ്. നടിയെ ആക്രമിച്ച കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ഈ ഫോണുകള്‍ ഉപയോഗിച്ചെന്നാണ് വിലയിരുത്തല്‍.

രണ്ട് സിമ്മുകള്‍ മാത്രമാണ് തനിക്കുള്ളതെന്നാണ് ദിലീപിന്റെ മൊഴി. ഫോണുകള്‍ ലഭിച്ചാല്‍ മറ്റ് സിം കാര്‍ഡ് ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കും. ദിലീപിന്റെ കൈവശം ഏഴ് ഫോണുകള്‍ മാത്രമാകില്ലെന്നാണ് ക്രൈം ബ്രാഞ്ച് അനുമാനം.