വിവരങ്ങള്‍ പുറത്തു പോകരുത്; കോടതി പറഞ്ഞ സമയത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണം; നടിയെ ആക്രമിച്ച കേസിൽ കടുത്ത നിര്‍ദ്ദേശങ്ങളുമായി പുതിയ ക്രൈംബ്രാഞ്ച് മേധാവി
സ്വന്തം ലേഖകൻ
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോരാതെ നോക്കണമെന്ന് അന്വേഷണ സംഘത്തിന് ക്രൈംബ്രാഞ്ച് മേധാവിയുടെ നിര്‍ദേശം.
കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്താന്‍ വിളിച്ച യോഗത്തിലായിരുന്നു നിര്‍ദ്ദേശം. ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് എസ് ശ്രീജിത്തിനെ മാറ്റിയ ശേഷം ചുമതലയെടുത്ത ഷെയ്ഖ് ദര്‍ബേഷ് സാഹിബാണ് കഴിഞ്ഞ ദിവസം പ്രത്യേക യോഗം വിളിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തിലെ മുഴുവന്‍ ഉദ്യോഗസ്ഥരും തലസ്ഥാനത്ത് നടന്ന യോഗത്തില്‍ പങ്കെടുത്തു. ഓഡിയോ ഉള്‍പ്പെടെയുള്ള തെളിവുകള്‍ ചാനലുകളില്‍ സ്ഥിരമായി വരുന്നതിനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് പഴയ ക്രൈംബ്രാഞ്ച് മേധാവി നേരിട്ട് തന്നെ കോടതിയില്‍ വിശദീകരണം നല്‍കേണ്ടിയും വന്നു.
കോടതിയിലിരിക്കുന്ന കേസായതുകൊണ്ടു തന്നെ അത്തരത്തില്‍ അന്വേഷണ രഹസ്യങ്ങള്‍ ചോരുന്നത് വിചാരണ നടപടിയെയും കേസിനെയും ദുര്‍ബലപ്പെടുത്തുമെന്ന ആശങ്ക അന്വേഷണ സംഘത്തിനുമുണ്ട്.
ഈ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ് വിവരങ്ങള്‍ മാദ്ധ്യമങ്ങളിലൂടെ പുറത്തുപോകരുതെന്നും കോടതി പറഞ്ഞ സമയത്തിനുള്ളില്‍ തന്നെ അന്വേഷണം പൂര്‍ത്തിയാക്കണമെന്നുമുള്ള നിര്‍ദേശം ക്രൈംബ്രാഞ്ച് മേധാവി നല്‍കിയിരിക്കുന്നത്.