ദിലീപിന് ഇന്ന് നിർണായകം; ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി വിചാരണ കോടതി ഇന്ന് പരിഗണിക്കും
സ്വന്തം ലേഖകൻ
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി വിചാരണ കോടതി ഇന്ന് പരിഗണിക്കും. നേരത്തെ കേസിൽ ക്രൈംബ്രാഞ്ച് മുദ്രവെച്ച കവറില്‍ തെളിവുകള്‍ കൈമാറിയിരുന്നു. ഇക്കാര്യത്തില്‍ ദിലീപിന്‍റെ മറുപടി സത്യവാങ്മൂലം ഇന്ന് ഫയല്‍ ചെയ്യും.
ദിലീപിന്‍റെ ഫോണില്‍ നിന്ന് കോടതി രേഖകള്‍ കണ്ടെടുത്ത സംഭവത്തില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന അപേക്ഷ മാധ്യമങ്ങള്‍ക്ക് എങ്ങിനെ ലഭിച്ചന്ന് പ്രോസിക്യൂഷന് വ്യക്തമാക്കണമെന്ന് കോടതി ചോദിച്ചിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസും ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തും നല്‍കിയ വിശദീകരണങ്ങള്‍ തൃപ്തികരമല്ലെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും ദിലീപ് ശ്രമിച്ചതിന് തെളിവുകളുണ്ടെന്ന് ഹർജിയിൽ അന്വേഷണസംഘം പറയുന്നു. നേരത്തെ ജിൻസൺ, വിപിൻലാൽ എന്നീ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിന് പീച്ചി പൊലീസും ബേക്കൽ പൊലീസും രജിസ്റ്റർ ചെയ്ത കേസുകൾ ചൂണ്ടികാട്ടി ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ അന്വേഷണസംഘം ശ്രമിച്ചെങ്കിലും കോടതി അനുവദിച്ചിരുന്നില്ല.
മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ആ ആവശ്യം നിരാകരിക്കുകയായിരുന്നു. എന്നാൽ തുടർ അന്വേഷണത്തിൽ ദിലീപ് ജാമ്യം വ്യവസ്ഥ ലംഘിച്ചതിന്റ നിരവധി തെളിവുകൾ ലഭിച്ചെന്ന് അന്വേഷണ സംഘം ചൂണ്ടികാട്ടുന്നു.