play-sharp-fill
ദേവസ്വം ബോർഡിൽ തിരഞ്ഞെടുപ്പ് കാലത്ത് ആർത്തവ വിവാദം:  സ്ത്രീകളെ ശബരിമലയിൽ കയറ്റുന്ന ബോർഡിൽ ആർത്തവ കാലത്ത് സ്ത്രീകളെ അകറ്റി നിർത്തുന്നു: വിവാദം രൂക്ഷം

ദേവസ്വം ബോർഡിൽ തിരഞ്ഞെടുപ്പ് കാലത്ത് ആർത്തവ വിവാദം: സ്ത്രീകളെ ശബരിമലയിൽ കയറ്റുന്ന ബോർഡിൽ ആർത്തവ കാലത്ത് സ്ത്രീകളെ അകറ്റി നിർത്തുന്നു: വിവാദം രൂക്ഷം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനത്തിൽ സർക്കാരിനൊപ്പം നിന്ന് സ്ത്രീകളെ ശബരിമലയിൽ കയറ്റണമെന്ന് വാദിച്ച ദേവസ്വം ബോർഡിൽ വീണ്ടും ആർത്തവ വിവാദം. ദേവസ്വം ബോർഡിലെ വനിതാ ജീവനക്കാർക്കുണ്ടായിരുന്ന ആർത്തവ അവധി തിരഞ്ഞെടുപ്പ് കാലത്ത് ദേവസ്വം ബോർഡ് പുനസ്ഥാപിച്ചതാണ് ഇപ്പോൾ വിവാദമായി മാറിയിരിക്കുന്നത്.
തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിച്ചാണ് ബോർഡ് ഇ്‌പ്പോൾ സ്ത്രീ ജീവനക്കാരുടെ ആർത്തവകാല അവധി പുനഃസ്ഥാപിച്ചിരിക്കുന്നത്. സ്ത്രീപ്രവേശന വിഷയത്തിൽ സർക്കാരും ദേവസ്വം ബോർഡും സ്വീകരിച്ച നിലപാടിനു കടകവിരുദ്ധമാണ് ഈ നടപടിയെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.
മാസത്തിൽ 5 അവധി വീതം വർഷത്തിൽ 60 ദിവസത്തെ ശമ്പളത്തോടു കൂടിയ ആർത്തവ അവധി (സ്പെഷൽ ലീവ്) പുനഃസ്ഥാപിക്കാനാണ് തീരുമാനിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് ഇതു സംബന്ധിച്ചുള്ള ഉത്തരവ് ദേവസ്വം ബോർഡ് അധികൃതർ പുറത്തിറക്കിയത്.
10-50 പ്രായപരിധിയിലുള്ള സ്ത്രീകൾക്ക് ശബരിമല പ്രവേശമാകാം എന്നു വാദിക്കുന്ന ദേവസ്വം ബോർഡാണ് ആർത്തവ ദിവസങ്ങളിൽ അശുദ്ധി കൽപിച്ച് വനിതാ ജീവനക്കാരെ ജോലിയിൽനിന്നും അകറ്റി നിർത്താനും ശ്രമിക്കുന്നതെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. സ്ത്രീ പ്രവേശന കേസിൽ സുപ്രീം കോടതിയിലെ കേസിൽ സ്ത്രീപ്രവേശനത്തിന് അനുകൂലമായ നിലപാടാണു ദേവസ്വം ബോർഡ് ഏറ്റവുമൊടുവിൽ സ്വീകരിച്ചത്. പുതിയ തീരുമാനം കോടതിയിൽ ഉന്നയിക്കപ്പെടാനും കേസിനെ ദുർബലമാക്കാനും സാധ്യതയുണ്ടെന്നു നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ബോർഡിന്റെ തീരുമാനം ചട്ടലംഘനമാണെന്നു തിരഞ്ഞെടുപ്പുകമ്മിഷനും വ്യക്തമാക്കിയിട്ടുണ്ട്.


കഴകം, തളി തുടങ്ങിയ ക്ഷേത്രജോലികൾ ചെയ്യുന്ന വനിതാ ജീവനക്കാരെ 2017 ൽ ക്ലാസ് ഫോർ വിഭാഗത്തിൽ ഉൾപ്പെടുത്തിയതോടെയാണ് ഇവർക്കു നൽകിയിരുന്ന സ്പെഷ്യൽ ലീവും ആനുകൂല്യങ്ങളും എടുത്തുകളഞ്ഞത്. അവധിയെടുക്കുന്ന ദിവസങ്ങളിൽ പകരക്കാരെ ജീവനക്കാർ തന്നെ കണ്ടെത്തുകയും പകരക്കാർക്കു സ്വന്തം കൈയിൽ നിന്നും വേതനം നൽകുകയും വേണമായിരുന്നു വ്യവസ്ഥ. ഈ വ്യവസ്ഥായാണ് ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിപിഎം ആഭിമുഖ്യമുള്ള ജീവനക്കാരുടെ സംഘടനയുടെ നിർദേശപ്രകാരം തിടുക്കത്തിൽ പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുന്നത് എന്നാണ് വിവരം. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള തീരുമാനത്തിൽ എല്ലാ ഭാഗത്ത് നിന്നും വലിയ വിമർശനമാണ് ഉയരുന്നത്. എൽഡിഎഫ് സർക്കാരിന്റെ ഇരട്ടത്താപ്പാണ് ഇപ്പോൾ വെളിവായതെന്നും വോട്ടു ബാങ്ക് രാഷട്രീയത്തിന്റെ മറ്റൊരു മുഖമാണ് എൽഡിഎഫ് മുന്നോട്ട് വയ്ക്കുന്നതെന്നുമാണ് വിമർശനം.