ഗാനത്തിന്റെ ആത്മാവറിഞ്ഞു സംഗീതം പകരാനുള്ള അപൂർവ്വ സിദ്ധിയാണ് ദേവരാജന്റെ ഏറ്റവും വലിയ മുതൽക്കൂട്ട്: ഓരോ വാക്കിന് പോലും ഓരോ ഭാവമുണ്ടെന്ന് മലയാളികൾ മനസ്സിലാക്കിയത് ദേവരാജന്റെ ഗാനങ്ങളിലൂടെയാണ്.

ഗാനത്തിന്റെ ആത്മാവറിഞ്ഞു സംഗീതം പകരാനുള്ള അപൂർവ്വ സിദ്ധിയാണ് ദേവരാജന്റെ ഏറ്റവും വലിയ മുതൽക്കൂട്ട്: ഓരോ വാക്കിന് പോലും ഓരോ ഭാവമുണ്ടെന്ന് മലയാളികൾ മനസ്സിലാക്കിയത് ദേവരാജന്റെ ഗാനങ്ങളിലൂടെയാണ്.

 

 

കോട്ടയം: 1972-ൽ ഇറങ്ങിയ
“അച്ഛനും ബാപ്പയും ” എന്ന ചിത്രത്തിലെ
“മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചൂ ….”
എന്ന തത്വചിന്താപരമായ ഗാനം വയലാറിനും യേശുദാസിനും മികച്ച ഗാനരചയിതാവിനും മികച്ച ഗായകനുമുള്ള ആദ്യ ദേശീയ പുരസ്ക്കാരം നേടിക്കൊടുത്തത് മലയാള സിനിമയുടെ
അഭിമാനാർഹമായ നേട്ടം.

തൊട്ടടുത്ത വർഷവും യേശുദാസിനു തന്നെയായിരുന്നു മികച്ച ഗായകനുള്ള ദേശീയ പുരസ്ക്കാരം .
“ഗായത്രി ” എന്ന സിനിമയില “പത്മതീർത്ഥമേ ഉണരൂ ….” എന്ന ഗാനാലാപനത്തിനായിരുന്നു ഇത്തവണത്തെ ബഹുമതി. തീർന്നില്ല ,
1986-ൽ ” ശ്രീനാരായണഗുരു ” എന്ന ചിത്രത്തിലെ
“ശിവശങ്കര
സർവ്വശരണ്യ വിഭോ ”
എന്ന ഗാനത്തിന് ഭാവഗായകൻ പി ജയചന്ദ്രനും ദേശീയ പുരസ്ക്കാരത്തിന് അർഹനായി.
എന്നാൽ ഈ ഗാനങ്ങളെയൊക്കെ ചിട്ടപ്പെടുത്തി ദേശീയ പുരസ്ക്കാര സമിതികളെ വിസ്മയിപ്പിച്ച സംഗീത സംവിധായകനെ മാത്രം
ജൂറികൾ കണ്ടില്ലെന്ന് നടിച്ചു.
എന്തൊരു വിരോധാഭാസമാണെന്ന് നോക്കൂ …
ഗാനരചയിതാവിനും
ഗായകർക്കുമൊക്കെ അംഗീകാരം .
സംഗീത സംവിധായകൻ
വെറും നോക്കുകുത്തി .

ക്രൂരമായ ഈ അവഗണന ഏറ്റുവാങ്ങിയത് ദേവരാഗങ്ങളുടെ രാജശില്പിയായ സാക്ഷാൽ പറവൂർ
ദേവരാജൻ മാസ്റ്ററാണ്.
ദേശീയ പുരസ്ക്കാരമൊന്നും ലഭിച്ചില്ലെങ്കിലും കേരളം നെഞ്ചിലേറ്റിയ ദേവഗീതങ്ങളുടെ സാർവ്വഭൗമനായ ദേവരാജൻ അനശ്വരമാക്കിയ ആയിരക്കണക്കിന് ഗാനങ്ങൾ തന്നെയാണ് ഇന്നും മലയാള ചലച്ചിത്ര സംഗീതശാഖയുടെ ഉദ്യാന കാന്തി.
ചരിത്രം തിരുത്തിയെഴുതിയ കെ.പി.എ.സി.യുടെ നാടക ഗാനങ്ങളിലൂടെയാണ് ദേവരാജൻ ഗായകനായും സംഗീത സംവിധായകനായും ശ്രദ്ധിക്കപ്പെടുന്നത്.
പിന്നീട് ” കാലം മാറുന്നു ”
എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി.
“ചതുരംഗം” എന്ന സിനിമയിൽ വയലാർ-ദേവരാജൻ കൂട്ടുകെട്ട് പിറവിയെടുക്കുന്നു.
ഉദയായുടെ “ഭാര്യ ” എന്ന ചിത്രത്തോടെ “വയലാർ-ദേവരാജൻ ” എന്ന
ഒരു യുഗം തന്നെ ആരംഭിക്കുകയായിരുന്നു. ഗാനത്തിന്റെ ആത്മാവറിഞ്ഞു സംഗീതം പകരാനുള്ള അപൂർവ്വ സിദ്ധിയാണ് ദേവരാജന്റെ ഏറ്റവും വലിയ മുതൽക്കൂട്ട്.
ഓരോ വാക്കിന് പോലും ഓരോ ഭാവമുണ്ടെന്ന് മലയാളികൾ മനസ്സിലാക്കിയത് ദേവരാജന്റെ ഗാനങ്ങളിലൂടെയാണ്.
” കാറ്റടിച്ചു കൊടും കാറ്റടിച്ചൂ … ” എന്ന വരികളിൽ ഒരു കൊടുങ്കാറ്റിന്റെ രൗദ്രഭാവം നമുക്കനുഭവപ്പെടുന്നില്ലേ …
അതേ കാറ്റിന് ഒരു ശീതളച്ഛായ നൽകുന്ന ഇന്ദ്രജാലം കാണണമെങ്കിൽ അദ്ദേഹം സംഗീതം നിർവ്വഹിച്ച
“കാറ്റിൽ ഇളംകാറ്റിൽ … ”
എന്ന ഗാനം ഒന്ന് കേട്ടുനോക്കണം .
“ആയിരം പാദസരങ്ങൾ കിലുങ്ങി ആലുവാപ്പുഴ പിന്നെയുമൊഴുകി … ”
എന്ന ഗാനത്തിലൂടെ മന്ദമായി ഒഴുകുന്ന പുഴയിലെ ഓളങ്ങളുടെ ഒരു സാന്ദ്രലയം നമ്മുടെ മനസ്സിൽ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൃഷ്ടിക്കാൻ ദേവരാജൻ മാസ്റ്ററുടെ സംഗീതത്തിനു കഴിയുന്നു.
സംഗീതരംഗത്ത് അല്പം പിടിവാശിക്കാരനായിരുന്നു ദേവരാജൻ മാസ്റ്റർ . പറഞ്ഞുകൊടുത്ത ഈണങ്ങളിൽ നിന്നും വ്യതിചലിച്ചു പാടാൻ ഒരു ഗായകനേയും അദ്ദേഹം അനുവദിച്ചിരുന്നില്ല.
വരികളുടെ ആത്മാവറിഞ്ഞു പാടാനുള്ള പി സുശീലയുടെ കഴിവിനെ ഏറ്റവും കൂടുതൽ ആദരിച്ചതും അംഗീകരിച്ചതും ദേവരാജൻ മാസ്റ്ററാണ്.
ആന്ധ്രക്കാരിയായ
പി സുശീലയെ ഓരോരോ വാക്കുകളുടെ അർത്ഥവും ഭാവവും ചോർന്നു പോകാതെ ഉച്ചാരണ ശുദ്ധിയോടെ , സ്ഫുടതയോടെ പാടാൻ പഠിപ്പിച്ച് മലയാളത്തിൻ്റെ ഭാവഗായികയാക്കിയതും ദേവരാജൻ മാസ്റ്റർ തന്നെ.
“പൂന്തേനരുവി പൊന്മുടി പുഴയുടെ അനുജത്തി ..”
( ഒരു പെണ്ണിൻറെ കഥ )
“ഏഴു സുന്ദരരാത്രികൾ

ഏകാന്ത സുന്ദരരാത്രികൾ..” (അശ്വമേധം) “പള്ളിയരമന വെള്ളിയരമനയിൽ….” ( തെറ്റ്) “രാജശില്പി നീയെനിക്കൊരു പൂജാ വിഗ്രഹം തരുമോ….”
(പഞ്ചവൻകാട്)
“വിളിച്ചു ഞാൻ വിളി കേട്ടു …” (യക്ഷി )
“മാറോടണച്ചു ഞാൻ ഉറക്കിയിട്ടും…..” (കാട്ടുകുരങ്ങ്)
“കറുത്ത ചക്രവാള മതിലുകൾ ചൂഴും… ” (അശ്വമേധം )
തുടങ്ങിയ എത്രയോ ഗാനങ്ങളാണ് ഈ സംഗീതസംവിധായകന്റെ കൈയൊപ്പ് ചാർത്തി പി സുശീല അനശ്വരമാക്കിയത് .
പി മാധുരി എന്ന ഗായികയെ കണ്ടെത്തുവാനും അസാധാരണ വശീകരണ ശക്തിയുള്ള അവരുടെ ശബ്ദത്തെ ഏറ്റവും നന്നായി പ്രയോജനപ്പെടുത്താനും ദേവരാജൻ മാസ്റ്റർക്ക് കഴിഞ്ഞു .
ജയചന്ദ്രൻ എന്ന മലയാളികളുടെ പ്രിയപ്പെട്ട ഭാവഗായകനെ കേരളം നെഞ്ചിലേറ്റുന്നത് ദേവരാജൻ മാസ്റ്ററുടെ സംഗീതത്തിൽ പുറത്തുവന്ന “കളിത്തോഴ ” നിലെ
” മഞ്ഞലയിൽ
മുങ്ങിത്തോർത്തി..”

എന്ന പ്രിയപ്പെട്ട ഗാനത്തിലൂടെയായിരുന്നല്ലോ ..?ജയചന്ദ്രൻ മലയാളത്തിൽ പാടിയ ആയിരത്തിലധികം പാട്ടുകളിൽ ഏറ്റവും
ഭാവോജ്ജ്വലമായ പ്രണയഗാനം കേൾക്കുന്നതും ദേവരാജൻ മാസ്റ്ററുടെ സംഗീതത്തിലാണ്. “മാധവിക്കുട്ടി” യിലെ “മാനത്തുകണ്ണികൾ മയങ്ങും കയങ്ങൾ … ”
എന്ന പാട്ടിലെ
“കാറ്റിനെ ഞാൻ ശപിച്ചു
അത് നിൻ്റെ കാമുകഹൃദയത്തിൽ ഒളിച്ചു…” എന്ന വരികൾക്ക് ദേവരാജൻ മാസ്റ്റർ കൊടുത്ത സംഗീതവും ജയചന്ദ്രൻ പകർന്നു നൽകിയ ആലാപന ഭാവഗരിമയും ആസ്വാദക മനസ്സുകൾക്ക് ഇന്നും കുളിരു കോരുന്ന ഒരു അനുഭവമാണ് .
ഒരു ദിവസം മുഴുവൻ ഇരുന്നെഴുതിയാലും തീരാത്ത വിശേഷങ്ങളുണ്ട് ഈ സംഗീത മാന്ത്രികന്റെ ഗാനങ്ങൾക്ക്.
ഒരു കൊച്ചു മൂളലിനു പോലും അദ്ദേഹം പകർന്നു തന്ന രസാനുഭൂതി വിവരണാതീതമാണ്. നഖങ്ങളിലെ “കൃഷ്ണപക്ഷക്കിളി ചിലച്ചൂ ….”
എന്ന ഗാനം ഒരു ചെറിയ ഉദാഹരണം മാത്രം .
” ഒരു പൂവമ്പു കൊള്ളുമ്പോൾ പേടിക്കുമോ
പെണ്ണ് പേടിക്കുമോ ….”

എന്ന നായകന്റെ ചോദ്യത്തിന് ഇല്ല എന്ന ഉത്തരത്തിനു പകരം
” ഉംഹും ” എന്ന ശൃംഗാര ഭാവം കലർന്ന നായികയുടെ മൂളലിന്റെ ചാരുത പോലും എത്ര പ്രണയാർദ്രമാണെന്ന് എടുത്തു പറയേണ്ടതില്ലല്ലോ. …?
ഒരു ചിത്രത്തിൻ്റെ സംഗീത സംവിധായകനായി ചുമതലയേറ്റാൽ നിർമ്മാതാവിൻ്റെയോ സംവിധായകൻ്റെയോ
ശുപാർശ പോലും കേൾക്കാതെ ഗാനങ്ങൾക്ക് വേണ്ട
മൗലികഭാവം പകർന്ന് നൽകി പാട്ടുകളെ ഏറ്റവും മനോഹരമാക്കുവാനുള്ള ആത്മവിശ്വാസവും ധൈര്യവും ദേവരാജൻ മാസ്റ്ററിൽ മാത്രമേ കണ്ടിട്ടുള്ളൂ.
സംവിധായകനായ കെ എസ് സേതുമാധവനുമായും നിർമ്മാതാവായ കുഞ്ചാക്കോയുമായും ഈ കാര്യത്തിൽ മാസ്റ്റർ പലപ്പോഴും പിണങ്ങിയിട്ടുണ്ട്.
സാഹിത്യഗുണമില്ലാത്ത പാട്ടുകൾക്ക് സംഗീതം പകരാൻ ദേവരാജൻ മാസ്റ്റർ ഒരിക്കലും തയ്യാറാകുമായിരുന്നില്ല.

വയലാർ ,പി ഭാസ്കരൻ, ഒഎൻവി കുറുപ്പ് , ശ്രീകുമാരൻ തമ്പി, യൂസഫലി കേച്ചേരി,
എം ഡി രാജേന്ദ്രൻ എന്നിവരായിരുന്നു അദ്ദേഹത്തിൻ്റെ പ്രിയപ്പെട്ട ഗാനരചയിതാക്കൾ .
ദേവരാജൻ മാസ്റ്ററുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നു 14 രാഗങ്ങളേയും കൂട്ടിയിണക്കിക്കൊണ്ട് ആ രാഗങ്ങളുടെ സവിശേഷത പ്രതിപാദിപ്പിക്കുന്ന ഒരു രാഗമാലിക മലയാളത്തിൽ തീർക്കണമെന്നുള്ളത്.
അതിനായി അദ്ദേഹം കണ്ടെത്തിയത് ഇപ്പോൾ
“പ്രേമലു “വിലൂടെ വീണ്ടും താരമായി മാറിയ പ്രശസ്ത കവി എം ഡി രാജേന്ദ്രനെയാണ് .
“ശാലിനി എൻെറ കൂട്ടുകാരി ” എന്ന ചിത്രത്തിലെ മാസ്റ്റർ തന്നെ സംഗീതം പകർന്ന

“ഹിമശൈലസൈകതഭൂമിയിൽ
നിന്നു നീ
പ്രണയപ്രവാഹമായി വന്നൂ
അതിഗൂഢസുസ്മിതമുള്ളിലൊതുക്കുന്ന
പ്രഥമോദബിന്ദുവായ് തീർന്നൂ ….”
എന്ന കവിത തുളുമ്പുന്ന ഗാനത്തിലൂടെ മലയാളക്കരയെ കോരിത്തരിപ്പിച്ച എം ഡി രാജേന്ദ്രനെ ദേവരാജൻ മാസ്റ്റർ ഈ പാട്ടെഴുതാൻ മദ്രാസിലേക്ക് വിളിച്ചുവരുത്തുന്നു.
“ഈ പാട്ട് എഴുതാൻ ഞാൻ മനസ്സിൽ കണ്ടിരുന്നത് വയലാറിനെയായിരുന്നു. അദ്ദേഹം പോയി …
ഇനിയിപ്പോൾ നിന്നെക്കൊണ്ട് മാത്രമേ ഞാൻ വിചാരിച്ച മാതിരി ഇത് എഴുതാൻ പറ്റൂ ….”
ദേവരാജൻ മാസ്റ്ററുടെ വാക്കുകൾ എം ഡി ആറിന്റെ മനസ്സിൽ കുളിരു കോരിയിട്ടു ….
.”സ്വത്തി” നുവേണ്ടിയുള്ള ഈ ഗാനം എഴുതി സംഗീതം പകർന്ന് യേശുദാസ് പാടി റെക്കോർഡിങ്ങ് കഴിഞ്ഞിട്ടുവേണം തൊട്ടടുത്ത ദിവസം അദ്ദേഹത്തിന് അമേരിക്കയിലേക്ക് പറക്കാൻ .
അവശേഷിക്കുന്നത് കേവലം
24 മണിക്കൂർ സമയം മാത്രം.
മദ്രാസിലുള്ള ദേവരാജൻ മാസ്റ്ററുടെ വസതിയിലെ ചുവന്ന കാർപ്പെറ്റിൽ മലർന്ന് കിടന്നുകൊണ്ട് അദ്ദേഹം

14 രാഗങ്ങളേയും സവിസ്തരം പ്രതിപാദിച്ചത് എം ഡി ആർ ഒരു പുലർകാലസുന്ദരസ്വപ്നം പോലെ ഇന്നും ഓർക്കുന്നു …
ഓരോ രാഗത്തിന്റെയും ഭാവഗരിമ ചോർന്നു പോകാതെ എം ഡി രാജേന്ദ്രൻ അവയെല്ലാം കടലാസിലേക്ക് പകർത്തി.
മലയാളത്തിലെ ഏറ്റവും ദീർഘമേറിയ ഈ രാഗമാലികയിൽ മായാമാളവ ഗൗള രാഗം ,വീണാധരി ,
സൂര്യകോംശ്, മേഘരാഗം ,
ജലധരകേദാരം , ലതാംഗി,
മല്ലികാവസന്തം , കേദാരം , രേവതി, നീലാംബരി, ജ്യോതിസ്വരൂപിണി ,
ഉദയരവിചന്ദ്രിക , താണ്ഡവപ്രിയ ,
വിഭാവരി തുടങ്ങി ഹിന്ദുസ്ഥാനി , കർണ്ണാടക സംഗീതത്തിലെ
14 രാഗങ്ങളും പ്രത്യക്ഷപ്പെടുന്നുണ്ട് …

ദേവരാജൻ മാസ്റ്ററുടെ സംഗീതത്തിൽ യേശുദാസ് മനോഹരമായി ഈ ഗാനം ആലപിച്ചു.
പക്ഷേ കമലഹാസന്റെ അഭാവത്തിൽ “സ്വത്ത്; എന്ന ചിത്രം പരാജയപ്പെട്ടത്
“മായാമാളവ ഗൗളരാഗ …”ത്തെ ശരിക്കും ബാധിച്ചു.
ദേവരാജൻ മാസ്റ്റർ പ്രതീക്ഷിച്ച ജനപ്രീതി നേടിയെടുക്കാൻ ഈ ഗാനത്തിന് കഴിഞ്ഞില്ല.
എങ്കിലും എം ഡി രാജേന്ദ്രൻ ഈ ഗാനം ഒരു നിധി പോലെ ഇന്നും മനസ്സിൽ സൂക്ഷിക്കുന്നു.
ദേവരാജൻ മാസ്റ്ററുടെ മഹത്തായ സംഗീതസപര്യയെ കുറിച്ച് എഴുതുന്ന പലരും ഈ ഗാനത്തെ ഓർക്കുന്നില്ല എന്നുള്ളത് ഏറെ ഖേദകരമാണ്

“ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം….”(കൊട്ടാരം വില്ക്കാനുണ്ട്)
” ചക്രവർത്തിനി നിനക്കു ഞാനെന്റെ ശില്പ ഗോപുരം തുറന്നു…. (ചെമ്പരത്തി )
“സ്വർഗ്ഗപുത്രി നവരാത്രി ….” (നിഴലാട്ടം)
“കറുത്ത ചക്രവാളമതിലുകൾ ചൂഴും ….” (അശ്വമേധം)
“വെൺചന്ദ്രലേഖയൊരപ്സര സ്ത്രീ ….”( ചുക്ക് )
“സന്യാസിനി നിൻ പുണ്യാശ്രമത്തിൽ ഞാൻ
( രാജഹംസം)

“സ്വർണച്ചാമരം വീശിയെത്തുന്ന ….”(യക്ഷി)
കള്ളിപ്പാലകൾ പൂത്തു ….” (പഞ്ചവൻ കാട്)
“പൊൽതിങ്കൾക്കല പൊട്ടുതൊട്ട ….” (കുമാരസംഭവം) “വെണ്ണ തോൽക്കുമുടലോടെ..”.(ഒരു സുന്ദരിയുടെ കഥ ) “മല്ലികാബാണൻ തൻ്റെ വില്ലെടുത്തു …. ” (അച്ചാണി ) “സീതാദേവി സ്വയംവരം
ചെയ്തൊരു ത്രേതാ
യുഗത്തിലെ ശ്രീരാമൻ..”
(വാഴ് വേ മായം )
” രാക്കുയിലിൻ രാഗസദസ്സിൽ രാഗമാലികാമാധുരി…”
( കാലചക്രം )
“സ്വപ്നലേഖേ നിൻ്റെ സ്വയംവരപ്പന്തലിൽ …. ”
(അങ്കത്തട്ട് )

“ഇന്നെനിക്ക് പൊട്ടുകുത്താൻ ..” “( ഗുരുവായൂർ കേശവൻ)
“പഞ്ചമി തിരുനാൾ …. ” (ചെണ്ട )
“അഗ്നിപർവ്വതം പുകഞ്ഞു…..” (അനുഭവങ്ങൾ പാളിച്ചകൾ )
“ഞാൻ നിന്നെ പ്രേമിക്കുന്നു മാൻകിടാവേ…… (ശരശയ്യ)
“റംസാനിലെ ചന്ദ്രികയോ …..” (ആലിബാബയും 41 കള്ളന്മാരും )
” പ്രളയപയോധിയിൽ ഉറങ്ങിയു ണർന്നൊരു പ്രഭാമയൂഖമേ കാലമേ…… ” (മഴക്കാറ്)
“നീലാംബുജങ്ങൾ വിടർന്നു…”
(സത്യവാൻ സാവിത്രി )

ഇങ്ങനെ നൂറു കണക്കിന് ഗാനങ്ങളിലൂടെ ദേവരാജൻ മാസ്റ്റർ സംഗീത പ്രേമികളുടെ മനസ്സിൽ ഒരു രാജശില്പിയായി ഇന്നും ജീവിക്കുന്നു.
2006 മാർച്ച് 15-ന് അന്തരിച്ച ദേവരാജൻ മാസ്റ്ററുടെ ഓർമ്മ ദിനമാണിന്ന്. അദ്ദേഹത്തിന്റെ മധുര സ്മരണകൾ ചൊരിയുന്ന ഗാനങ്ങൾ മനസ്സിലേക്ക് ഓടിയെത്തുമ്പോൾ അത് മലയാള ഭാഷയുടെ തന്നെ അനുഗ്രഹവും അഭിമാനവും പുണ്യവുമായി അനുഭവപ്പെടുകയാണ്