ദേവനന്ദയുടെ മരണത്തിന് കാരണം ഭക്ഷ്യവിഷബാധയെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ പ്രാഥമിക നിഗമനം
സ്വന്തം ലേഖകൻ
കാസര്‍കോട്: ചെറുവത്തൂര്‍ സ്വദേശിനി ദേവനന്ദയുടെ മരണത്തിനിടയാക്കിയത് ഭക്ഷ്യവിഷബാധയെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ പ്രാഥമിക നിഗമനം.
എന്നാല്‍ വിശദമായ പരിശോധനാ ഫലങ്ങള്‍ കൂടെ വന്ന ശേഷമായിരിക്കും ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിക്കൂ. പരിശോധനയ്ക്കായി അയച്ച സാമ്പിളുകളുടെ ഫലം കൂടെ വന്നാലേ ഇക്കാര്യം ഉറപ്പിക്കാനാവൂ എന്ന് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം സംഭവത്തില്‍ ഷവര്‍മ്മ ഉണ്ടാക്കിയ ഹോട്ടലിന്റെ ഉടമയെയും പ്രതി ചേര്‍ത്തിട്ടുണ്ട്. ചെറുവത്തൂരിലെ ഐഡിയല്‍ ഫുഡ് പോയന്റ് ഉടമയായ കാലിക്കടവ് സ്വദേശി പിലാവളപ്പില്‍ കുഞ്ഞഹമ്മദിനെയാണ് പ്രതി ചേര്‍ത്തത്.
കേസില്‍ നാലാം പ്രതിയാണ് കുഞ്ഞഹമ്മദ്. ഇയാള്‍ വിദേശത്താണ്. ദേവനന്ദ മരിച്ച സംഭവത്തില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കൈമാറി. ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്കും ജില്ലാ കളക്ടര്‍ക്കുമാണ് റിപ്പോര്‍ട്ട് കൈമാറിയത്.
സ്ഥാപനത്തിന് ലൈസന്‍സ് ഇല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കടയില്‍ നിന്ന് ശേഖരിച്ച വെളളവും ഭക്ഷ്യ വസ്തുക്കളും വിശദ പരിശോധനയ്ക്ക് അയക്കുമെന്നും അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ രണ്ട് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി ഐഡിയല്‍ ഫുഡ് പോയിന്റ് മാനേജിംഗ് പാര്‍ട്‌ണര്‍ മുല്ലോളി അനെക്സ്ഗര്‍.
ഷവര്‍മ്മ തയ്യാറാക്കിയ നേപ്പാള്‍ സ്വദേശി സന്ദേശ് റായ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഐഡിയല്‍ ഫുഡ് പോയിന്റിലേക്ക് കോഴിയിറച്ചി നല്‍കിയ ഇറച്ചിക്കടയും ഭക്ഷ്യസുരക്ഷാവകുപ്പ് ഇന്ന് അടപ്പിച്ചിട്ടുണ്ട്. ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ റോഡിലെ ബദരിയെ ചിക്കന്‍ സെൻ്റർ എന്ന സ്ഥാപനമാണ് ഭക്ഷ്യസുരക്ഷാവകുപ്പ് അടപ്പിച്ചത്. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചതിനാണ് നടപടി.