നോട്ടു നിരോധനം നിയമപരം, റദ്ദാക്കാനാവില്ല; കേന്ദ്രത്തിന് അനുകൂല വിധിയുമായി സുപ്രിം കോടതി
സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ 2016 ൽ നടത്തിയ നോട്ടു നിരോധനം ശരി വെച്ച് സുപ്രീംകോടതി. നോട്ട് പിൻവലിച്ച കേന്ദ്ര സർക്കാർ നടപടിയെ തെറ്റിദ്ധരിക്കാനാകില്ലെന്ന് ജസ്റ്റിസ് ബി.ആർ ഗവായ് വിധിപ്രസ്താവത്തിൽ പറഞ്ഞു. കേന്ദ്രസർക്കാർ ഉചിതമായിട്ടുള്ള നടപടികൾ കൈക്കൊണ്ടാണ് നോട്ട് നിരോധനം നടപ്പാക്കിയതെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു.
ഇക്കാര്യത്തില്‍ റിസര്‍വ് ബാങ്കിന്റേത് പരമമായ അധികാരമാണെന്നു പറയാനാവില്ലെന്ന് ജസ്റ്റിസ് ബിആര്‍ ഗവായ് വ്യക്തമാക്കി. ജസ്റ്റിസ് അബ്ദുള്‍ നസീറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ നാലു പേര്‍ ജസ്റ്റിസ് ഗവായിയുടെ വിധിന്യായത്തോടു യോജിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം ആര്‍ബിഐ നിയമത്തിലെ 26-2 വകുപ്പ് അനുസരിച്ച് കേന്ദ്ര സര്‍ക്കാരിനുള്ള അധികാരത്തില്‍, ജസ്റ്റിസ് ഗവായിയോടു വിയോജിക്കുന്നതായി ജസ്റ്റിസ് ബിവി നാഗരത്‌ന വിധിന്യായത്തില്‍ പറഞ്ഞു. ഗസറ്റ് വിജ്ഞാപനം വഴി നോട്ടുകള്‍ റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാരിനു കഴിയുമോയെന്ന് ജസ്റ്റിസ് നാഗരത്‌ന ചോദിച്ചു. എല്ലാ നോട്ടുകളും ഇത്തരത്തില്‍ കേന്ദ്രത്തിനു നിരോധിക്കാനാവുമോ? കേന്ദ്ര സര്‍ക്കാരിന്റെ മുന്‍കൈയിലാണ് നോട്ടു നിരോധനം നടപ്പാക്കുന്നതെങ്കില്‍ അതിനു നിയമ നിര്‍മാണം വേണമായിരുന്നു. രഹസ്യ സ്വഭാവം സൂക്ഷിക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കാമായിരുന്നെന്ന് ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു.
കേന്ദ്രസർക്കാരിനെയും ആർബിഐയെയും അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണിയും സോളിസിറ്റർ ജനറൽ തുഷാർ മേത്തയുമാണ് പ്രതിനിധികരിച്ചത്. മുൻ ധനമന്ത്രി കൂടിയായ മുതിർന്ന അഭിഭാഷകൻ പി ചിദംബരം, ശ്യാം ദിവാൻ അടക്കമുള്ളവർ ഹർജ്ജിക്കാർക്ക് വേണ്ടി ഹാജരായി. സി.പി.ഐ, ത്യശൂർ, ഇടുക്കി ജില്ലാ സഹകരണബാങ്കുകൾ, പാപ്പിനിശ്ശേരി മൗവ്വചേരി മാടായ് സർവ്വീസ് സഹകരണബാങ്കുകൾ ഉൾപ്പെടെ 58 വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളുമാണ് ഹർജ്ജിക്കാർ.
സ്റ്റിസ് എസ്.അബ്ദുൾ നസീർ അധ്യക്ഷനായ ഭരണ ഘടനാ ബഞ്ചിൽ ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് എ.എസ്. ബൊപ്പണ്ണ, . ജസ്റ്റിസ് വി.രാമസുബ്രഹ്‌മണ്യൻ, ജസ്റ്റിസ് ബി.വി. നാഗരത്‌ന എന്നിവരാണ് മറ്റ് അംഗങ്ങൾ.
നോട്ട് നിരോധനം ഒരു സാമ്പത്തിക നയമാണ് എന്നതു കൊണ്ട് കയ്യും കെട്ടി നോക്കിയിരിക്കുമെന്ന് കരുതേണ്ടെന്ന് വാദത്തിനിടെ ഭരണഘടന ബെഞ്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. 2016 നവംബർ എട്ടിന് രാത്രി എട്ട് മണിക്ക് രാഷ്ട്രത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തീർത്തും അപ്രതീക്ഷിതമായി 500,1000 രൂപ നോട്ടുകൾ നിരോധിച്ചതായി പ്രഖ്യാപിച്ചത്.