പേടിയില്ലാതെ നടക്കാൻ പാലമെങ്കിലും അനുവദിക്കൂ, ജീവൻ പണയം വച്ചു നടക്കുന്നത് വെള്ളത്തിൽ കിടക്കുന്ന തുരുമ്പെടുത്തു കുഴിയായ പാട്ടയിലൂടെ, പുറത്തേയ്ക്കിറങ്ങാനാകാതെ കുടുംബങ്ങൾ

പേടിയില്ലാതെ നടക്കാൻ പാലമെങ്കിലും അനുവദിക്കൂ, ജീവൻ പണയം വച്ചു നടക്കുന്നത് വെള്ളത്തിൽ കിടക്കുന്ന തുരുമ്പെടുത്തു കുഴിയായ പാട്ടയിലൂടെ, പുറത്തേയ്ക്കിറങ്ങാനാകാതെ കുടുംബങ്ങൾ

ചങ്ങനാശേരി : പേടിയില്ലാതെ നടക്കാൻ ഒരു ചെറിയ പാലമെങ്കിലും അനുവദിച്ചു നൽകണമെന്ന അപേക്ഷയിലാണ് 9 കുടുംബങ്ങൾ. നഗരസഭ ഒന്നാം വാർഡിൽ വാഴപ്പള്ളി പടിഞ്ഞാറ് പൊങ്ങാനം ഈരപ്പാടം ഭാഗത്ത് ആറിനു അരികിലുള്ള കുടുംബങ്ങൾക്ക് പുറത്തേയ്ക്ക് ഇറങ്ങണമെങ്കിൽ ആറിനു കുറുകെയുള്ള തുരുമ്പെടുത്തു അടർന്നുമാറിയ ഇരുമ്പുപാട്ടയാണ് നിലവിൽ ഏക ആശ്രയം.

മഴക്കാലമായതോടെ വെള്ളത്തിൽ മുങ്ങികിടക്കുന്ന വീതികുറഞ്ഞ ഇരുമ്പുപാട്ടയിലൂടെ ജീവൻ പണയം വച്ചു നടന്നാണ് ഈ കുടുംബങ്ങൾ വീടുകളിലേയ്ക്കും പുറത്തേയ്ക്കും പോകുന്നത്. വെള്ളത്തിൽ കിടന്ന ഇരുമ്പുപാട്ടയുടെ ഒരു ഭാഗം തുരുമ്പെടുത്തു കുഴിയായി.

വെള്ളത്തിൽ മുങ്ങിക്കിടക്കുന്നതു കാരണം ഇത് തിരിച്ചറിയാതെ കുഴിയിലേക്കു കാല് കുടുങ്ങി പരുക്കേൽക്കുന്നവരും അധികമാണ്. തോട്ടിൽ പോള നിറഞ്ഞിരിക്കുന്നതിനാൽ വള്ളം പോലും ഇറക്കാൻ കഴിയാത്ത അവസ്ഥയാണ്. സ്കൂൾ കുട്ടികളും പ്രായമാവരും ഉൾപ്പെടെ അപകടപാതയിലൂടെ നടന്നു വേണം ഇക്കരെ എത്താൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു പാലം നിർമ്മിച്ചു നൽകണമെന്ന അപേക്ഷകളും നിവേദനങ്ങളും സർക്കാർ ഓഫീസുകളിൽ
കെട്ടികിടക്കുകയാണ്. ഇത്തവണ തിരഞ്ഞെടുപ്പിനു വോട്ട് അഭ്യർഥിക്കാൻ വന്ന പാർട്ടി പ്രവർത്തകർ പോലും അക്കരെ നിന്ന് വോട്ട് ചോദിച്ച് മടങ്ങുകയായിരുന്നുവെന്ന് ഇവർ പറയുന്നു.

വെള്ളപ്പൊക്ക സമയത്തു കുടുംബങ്ങൾക്കു പകർച്ചവ്യാധി പ്രതിരോധ മരുന്നുമായി എത്തുന്ന ആരോഗ്യവകുപ്പ് ജീവനക്കാർ അപകടാവസ്ഥ കണ്ട് ഇക്കര നിന്നു വീട്ടുകാരെ വിളിച്ചു വരുത്തി മരുന്ന് നൽകുകയാണ്. കിടപ്പുരോഗികൾ ഉൾപ്പെടെ പലരും ഈ വീടുകളിലും കഴിയുന്നുണ്ട്. എന്നിട്ടും ഇവർക്കു വേണ്ടത് ചെയ്തുകൊടുക്കാൻ ആരും തയ്യാറാകുന്നില്ല എന്നതാണ് ഏറ്റവും ഖേദകരം.