വിശ്വനാഥനെ ചതിച്ചത് മക്കളോ..? വാശിയ്ക്ക് മക്കൾ വാരിയെടുത്ത കോടികൾ പിതാവിനെ കടക്കാരനാക്കി; കടയും കച്ചവടവും തകർത്തത് ബന്ധുക്കൾ തന്നെയോ..?

വിശ്വനാഥനെ ചതിച്ചത് മക്കളോ..? വാശിയ്ക്ക് മക്കൾ വാരിയെടുത്ത കോടികൾ പിതാവിനെ കടക്കാരനാക്കി; കടയും കച്ചവടവും തകർത്തത് ബന്ധുക്കൾ തന്നെയോ..?

തേർഡ് ഐ ബ്യൂറോ
കോട്ടയം: നൂറ്റമ്പത് കോടി രൂപയുടെ കുന്നത്ത്കളത്തിൽ ചിട്ടി തട്ടിപ്പിൽ വിശ്വനാഥൻ കുടുങ്ങിയത് മക്കളുടെ ധൂർത്ത് മൂലമെന്ന് ആരോപണം. രണ്ടു പെൺമക്കളും ജുവലറിയിൽ നിന്നും, ചിട്ടിസ്ഥാപനത്തിൽ നിന്നും ആവശ്യത്തിലധികം പണം സ്വന്തം ആവശ്യങ്ങൾക്കായി എടുത്തതോടെയാണ് നൂറുവർഷത്തിന്റെ പാരമ്പര്യമുള്ള കുന്നത്ത്കളത്തിൽ ഗ്രൂപ്പ് തകർന്നതെന്നാണ് ആരോപണം.
എന്നാൽ, മക്കളുടെ ധൂർത്തിനൊപ്പം നോട്ട് നിരോധനം കൂടി വന്നതോടെയാണ് വിശ്വനാഥന് അടിതെറ്റിയതെന്നാണ് സൂചന.
കോട്ടയത്തെ ആദ്യകാല ജുവലറികളിൽ ഒന്നാണ് കുന്നത്ത്കളത്തിൽ ഗ്രൂപ്പ്. ജുവലറി ചിട്ടി വ്യവസായ രംഗത്ത് നൂറ്റമ്പത് വർഷത്തിലേറെ പാരമ്പര്യമുണ്ട് കോട്ടയം കുമരകത്തെ കുന്നത്ത്കളത്തിൽ കുടുംബത്തിന്. കാരാപ്പുഴയിലേയ്ക്ക് താമസം മാറിയെങ്കിലും നഗരത്തിലെ എസ്.എൻഡിപി അടക്കമുള്ള സമുദായങ്ങളിൽ നിർണ്ണായക സ്വാധീനമുണ്ടായിരുന്നു വിശ്വനാഥന്. എസ്.എൻഡിപിയും, എൻഎസ്എസും നഗരത്തിലെ ക്ഷേത്രങ്ങളും എല്ലാം വിശ്വനാഥന്റെ സ്‌നേഹവും പരിലാളനകളും ഏറ്റുവാങ്ങിയിരുന്നു.
സിപിഎമ്മും, കോൺഗ്രസും ബിജെപിയും എല്ലാ പാർട്ടികളും തിരഞ്ഞെടുപ്പിനും മറ്റ് പരിപാടികൾക്കും ആദ്യമെത്തുന്ന വിശ്വനാഥന്റെ മുന്നിലായിരുന്നു. എല്ലാവരെയും കയ്യയച്ചു സഹായിച്ചിരുന്ന വിശ്വനാഥന് എല്ലാവരോടും തികഞ്ഞ മമതയും സ്‌നേഹവുമായിരുന്നു. കുമരകത്തെ നാട്ടുകാർക്കെല്ലാം ഒരു പോലെ പ്രിയപ്പെട്ടവനുമായിരുന്നു വിശ്വനാഥൻ.
2010 ൽ കുന്നത്ത്കളത്തിൽ ഗ്രൂപ്പിന്റെ സെൻട്രൽ ജംഗ്ഷനിലെ ജുവലറിയിൽ മോഷണം നടത്തിയ കേസിൽ പ്രതിയെ പിടികൂടിയത് കുമരകം സ്വദേശിയായ യുവാവിന്റെ സഹായത്തോടെയായിരുന്നു.
ഈ കേസിൽ പ്രതിയെ പിടികൂടാൻ സഹായിച്ച കുമരകം സ്വദേശിയായ യുവാവിന് ബൈക്ക് വാങ്ങി നൽകിയും വിശ്വനാഥൻ അന്ന് വാർത്തകളിൽ നിറഞ്ഞിരുന്നു. നഗരത്തിലെ എല്ലാ പ്രധാന പരിപാടികളിലും ഇടക്കാലത്ത് വിശ്വനാഥൻ സജീവമായിരുന്നു.
എന്നാൽ, മകൻ ജിനോയുടെ മരണത്തോടെയാണ് വിശ്വനാഥന്റെ കണക്കു കൂട്ടലുകളെല്ലാം തെറ്റിത്തുടങ്ങിയത്. വയറ്റിൽ രോഗബാധിതനായ മകൻ മരിച്ചതോടെ രണ്ടു പെൺമക്കളും വിശ്വനാഥന്റെ സ്ഥാപനങ്ങളിൽ ഇടപെടാൽ തുടങ്ങി. പെൺമക്കളെ രണ്ടു പേരെയും രണ്ടു പ്രമുഖ കുടുംബങ്ങളിലേയ്ക്കാണ് വിവാഹം ചെയ്ത് അയച്ചിരുന്നത്. മകൾ ജീതുവിനെ ആലപ്പുഴ കാർത്തികപ്പള്ളി ചിങ്ങോലി കൃഷ്ണപ്രിയത്തിൽ ഡോ.സുനിൽബാബുവിനെയാണ് വിവാഹം ചെയ്തിരുന്നത്. മകൾ നീതുവാകട്ടെ കൊടുങ്ങല്ലൂർ കുറ്റിപ്പറമ്പിൽ ഡോ.ജയചന്ദ്രനെയാണ് വിവാഹം ചെയ്തിരുന്നതും.
രണ്ടു പെൺമക്കളും വിശ്വനാഥന്റെ ബിസിനസ് കാര്യങ്ങളിലെല്ലാം സജീവമായി ഇടപെട്ടിരുന്നു. മകൻ മരിച്ചതോടെ രണ്ടു പേരുമായിരുന്നു സ്ഥാപനങ്ങളിലെ എല്ലാം നിർണ്ണായകമായ തീരുമാനങ്ങളിൽ അടക്കം ഇടപെട്ടിരുന്നതെന്ന് കുന്നത്ത്കളത്തിൽ തട്ടിപ്പിനെതിരായി രൂപീകരിച്ചിരിക്കുന്ന ആക്ഷൻ കൗൺസിൽ അംഗങ്ങൾ പറയുന്നു. മൂത്ത മരുമകൻ സുനിൽബാബുവാണ് പിന്നീട് ജുവലറിയിലെ കാര്യങ്ങളെല്ലാം നോക്കിയിരുന്നതെന്നാണ് ആരോപണം. ഇവിടുത്തെ വരുമാനത്തിന്റെ സിംഹഭാഗവും സുനിലിന്റെയും ഭാര്യയുടെയും ചിലവിലേയ്ക്കായി വകമാറ്റിയിരുന്നതായി ജുവലറി ജീവനക്കാർ തന്നെ കുറ്റപ്പെടുത്തുന്നു. ചിട്ടി ഫണ്ടിലെ കണക്കുകളും കാര്യങ്ങളും പരിശോധിച്ചിരുന്നത് ഇളയമകൾ നീതുവും, മരുമകൻ ജയചന്ദ്രനും കൂടിയായിരുന്നു. സാധാരണക്കാരുടെ നിക്ഷേപത്തിൽ നിന്നും ലാഭം ലഭിക്കുന്നതിൽ ഏറെ തുക ഇവർ പലപ്പോഴായി വകമാറ്റിയിരുന്നതായും ആക്ഷൻ കൗൺസിൽ ആരോപിക്കുന്നു. രണ്ടു മക്കളുടെയും ഭർത്താക്കൻമാർ ഡോക്ടർമാരാണ്. ഇവർക്കു രണ്ടു പേർക്കും വേണ്ടി ആശുപത്രി നിർമ്മിക്കുന്നതിനു വേണ്ടിയും വിശ്വനാഥൻ പണം ചിലവഴിച്ചിരുന്നു. എന്നാൽ, ഈ പണം തിരികെ നൽകാൻ മക്കളോ മരുമക്കളോ തയ്യാറായതുമില്ല. ഇതെല്ലാമാണ് വിശ്വനാഥനെ ബാധ്യതകളിലേയ്ക്ക് തള്ളിവിട്ടത്.
പെൺമക്കൾ വരുത്തി വച്ച ബാധ്യതകൾ പരിഹരിക്കുന്നതിനായി നഗരമധ്യത്തിലെ സ്ഥലം പോലും വിശ്വനാഥന് വിൽക്കേണ്ടി വന്നിരുന്നു. ഇതിനെല്ലാം പുറമേ നോട്ട് നിരോധനവും ഇവരുടെ സാമ്പത്തിക ശേഷിയെ കാര്യമായി ബാധിച്ചു. ഇതോടെ വിശ്വനാഥൻ മാനസികമായും, സാമ്പത്തികമായും തകർന്നു. ഇതാണ് പിന്നീട് ബിസിനസിന്റെ തകർച്ചയിലേയ്ക്കും പാപ്പർ ഹർജി സമർപ്പിക്കുന്നതിലേയ്ക്കും വിശ്വനാഥനെ എത്തിച്ചത്.
രാജകീയമായ രീതിയിൽ വർഷങ്ങളോളം ജീവിച്ച വിശ്വനാഥൻ ഒടുവിൽ അതിദാരുണമായി മരണത്തിനു കീഴടങ്ങി. ജീവിതത്തിന്റെ നല്ല പങ്കും മക്കൾക്കായി മാറ്റി വച്ചിരുന്ന അദ്ദേഹത്തെ തകർത്തത് മക്കളാണെന്നാണ് ഉയരുന്ന ആരോപണം. കാരിത്താസ് ആശുപത്രിയിൽ നിന്നും പൊലീസ് ഏറ്റെടുത്ത മൃതദേഹം പോസ്റ്റ്മാർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടു നൽകി. ശനിയാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് കാരാപ്പുഴ തെക്കുംഗോപുരത്തിലെ വസതിയിൽ മൃതദേഹം
സംസ്‌കരിക്കുമെന്നു ബന്ധുക്കൾ അറിയിച്ചു.