വീട്ടമ്മയുടെ ദുരൂഹ മരണത്തിനു പിന്നിൽ ഓർത്തഡോക്സ് സഭാ വൈദികനുമായുള്ള സാമ്പത്തിക ഇടപാടെന്ന് സൂചന

വീട്ടമ്മയുടെ ദുരൂഹ മരണത്തിനു പിന്നിൽ ഓർത്തഡോക്സ് സഭാ വൈദികനുമായുള്ള സാമ്പത്തിക ഇടപാടെന്ന് സൂചന

സ്വന്തം ലേഖകൻ

കോട്ടയം: കുറിച്ചിയിൽ കഴിഞ്ഞദിവസം വീട്ടമ്മ ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റ് മരിച്ചതിനു പിന്നിൽ ഓർത്തഡോക്സ് സഭയിലെ വൈദികനുമായുള്ള സാമ്പത്തിക ഇടപാടുകളെന്ന് പൊലീസ്. യുവതി രണ്ട് ലക്ഷം രൂപയോളം വൈദികനു നൽകിയിരുന്നതായും ഈ പണം ഉപയോഗിച്ച് വൈദികൻ കാർ വാങ്ങുകയും ചെയ്തിരുന്നതായും ഇതേചൊല്ലി യുവതിയും ഭർത്താവ് റെജിയുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും റെജി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. വൈദികനുമായുണ്ടായിരുന്ന അടുപ്പവും സാമ്പത്തിക ഇടപാടുകളും ഭർത്താവ് ചോദ്യം ചെയ്തിരുന്നു. ഇതിൽ മനം നൊന്താണ് വീട്ടമ്മ ജീവനൊടുക്കിയതെന്നാണ് പൊലീസ് നൽകുന്ന സൂചന. പനച്ചിക്കാട് കുഴിമറ്റം ബഥനി ആശ്രമത്തിനു സമീപം പുലിപ്രയിൽ റെജി പി.വർഗീസിന്റെ ഭാര്യ ഷൈനിയെയാണ് (47) ചൊവ്വാഴ്ച ഉച്ചയോടെ വീടിനുള്ളിൽ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതി പൊള്ളലേറ്റ് മരിച്ച വീടിന്റെ നൂറു മീറ്റർ അകലെ താമസക്കാരുണ്ടായിരിക്കെ തീ കത്തുമ്പോൾ ഉണ്ടാകുന്ന സ്വഭാവിക അലർച്ചയോ ശബ്ദങ്ങളോ അടുത്ത വീട്ടുകാർ കേട്ടില്ലെന്നതും ദുരൂഹത ഉണ്ടാക്കുന്നു. ഷൈനി ആത്മഹത്യ ചെയ്ത വീടിന്റെ വാതിലുകൾ എല്ലാം തുറന്നിട്ട നിലയിലും പച്ചക്കറി പകുതിയരിഞ്ഞ നിലയിലുമായിരുന്നു. ഇതെല്ലാമാണ് ദുരൂഹതയിലേക്ക് വിരൽ ചൂണ്ടുന്നത്.