മാനസിക വൈകല്യം നേരിടുന്ന സഹോദരനെ കൊലപ്പെടുത്തി: മൃതദേഹം ചാക്കിൽക്കെട്ടി ബൈക്കിൽ കറങ്ങി നടന്നു; മരിച്ചെന്ന് ഉറപ്പാക്കിയതോടെ തലയിൽ ചുമന്ന് മൃതദേഹം ആശുപത്രിയിൽ എത്തിച്ചു; യുവതി അറസ്റ്റിൽ

മാനസിക വൈകല്യം നേരിടുന്ന സഹോദരനെ കൊലപ്പെടുത്തി: മൃതദേഹം ചാക്കിൽക്കെട്ടി ബൈക്കിൽ കറങ്ങി നടന്നു; മരിച്ചെന്ന് ഉറപ്പാക്കിയതോടെ തലയിൽ ചുമന്ന് മൃതദേഹം ആശുപത്രിയിൽ എത്തിച്ചു; യുവതി അറസ്റ്റിൽ

സ്വന്തം ലേഖകൻ

ഓച്ചിറ: മാനസിക വൈകല്യം നേരിടുന്ന സഹോദരനെ കൊലപ്പെടുത്തി മൃതദേഹം ചാക്കിൽക്കെട്ടി ബൈക്കിനു പിന്നിൽ വച്ച് ഭർത്താവിനൊപ്പം കിലോമീറ്ററുകളോളം കറങ്ങി നടന്ന യുവതി പിടിയിൽ. മൃതദേഹത്തിന്റെ കാൽ റോഡിലുരഞ്ഞ് പൊട്ടിയതോടെ ഭർത്താവ്, മൃതദേഹം കടത്തിണ്ണയിൽ ഉപേക്ഷിച്ച് യുവതിയെ കാവൽ നിർത്തി കടന്നു കളഞ്ഞു. സംഭവം നാട്ടുകാർ അറിയുമെന്നു മനസിലാക്കിയ യുവതി മൃതദേഹം തലയിൽ ചുമന്ന് സമീപത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇതോടെയാണ് സംഭവം കൊലപാതകമാണെന്നു മനസിലായതും, പ്രതിയായ യുവതി പിടിയിലായതും. ഭർത്താവിനു വേണ്ടി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ശിവകാശി സ്വദേശി മൈക്കിൾരാജി(പുളി-21)ന്റെ മൃതദേഹവുമായി പോയ സഹോദരി കസ്തൂരി(35)യാണ് കസ്റ്റഡിയിലായത്. യുവാവിനെ കൊലപ്പെടുത്തിയശേഷം മറവുചെയ്യാൻ കൊണ്ടുപോവുകയായിരുന്നെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഭർത്താവ് മാസാണം (40), എട്ടുവയസ്സുകാരിയായ മകൾ എന്നിവർക്കൊപ്പം ബൈക്കിൽ മൃതദേഹവുമായി ചെങ്ങന്നൂരിലേക്ക് പോകുകയായിരുന്നു യുവതി.
യാത്രയിൽ മൃതദേഹത്തിന്റെ കാൽ റോഡിലുരഞ്ഞ് പാദം തകർന്നിരുന്നു. യാത്രയ്ക്കിടെ ശക്തമായ മഴ വന്നതിനാൽ മൃതദേഹം കടത്തിണ്ണയിൽ കിടത്തി, കസ്തൂരിയെ കാവൽനിർത്തിയ ശേഷം ഭർത്താവ് കടന്നുകളയുകയുണ്ടായി. ബന്ധുക്കളെ വിവരം അറിയിച്ചെങ്കിലും യുവാവ് മരിച്ചെന്ന് മനസിലായതോടെ അവർ അവിടെനിന്നുമുങ്ങി. തുടർന്ന് രാത്രിതന്നെ കസ്തൂരി മൃതദേഹം ചുമന്ന് ചെങ്ങന്നൂർ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. മരണത്തിൽ സംശയംതോന്നിയ ഡോക്ടർ വിവരം ചെങ്ങന്നൂർ പോലീസിൽ അറിയിക്കുകയും പോലീസിന്റെ ചോദ്യം ചെയ്യലിൽ സത്യം പുറത്തുവരികയുമായിരുന്നു.