ഇടഞ്ഞോടിയ പാമ്പാടി രാജന് പിന്നാലെ ഉത്സവത്തിന്റെ ഇരയായി മറ്റൊരു കൊമ്പനും:  വിശ്രമമില്ലാതെ ആനയെ പണിയെടുപ്പിച്ചു: ഉത്സവത്തിന് എത്തിച്ച കൊമ്പൻ കുഴഞ്ഞു വീണു ദാരുണമായി ചരിഞ്ഞു; സംഭവം കോട്ടയം കറുകച്ചാലിൽ; നടപടിയെടുക്കാതെ വനം വകുപ്പ്

ഇടഞ്ഞോടിയ പാമ്പാടി രാജന് പിന്നാലെ ഉത്സവത്തിന്റെ ഇരയായി മറ്റൊരു കൊമ്പനും: വിശ്രമമില്ലാതെ ആനയെ പണിയെടുപ്പിച്ചു: ഉത്സവത്തിന് എത്തിച്ച കൊമ്പൻ കുഴഞ്ഞു വീണു ദാരുണമായി ചരിഞ്ഞു; സംഭവം കോട്ടയം കറുകച്ചാലിൽ; നടപടിയെടുക്കാതെ വനം വകുപ്പ്

സ്വന്തം ലേഖകൻ
കോട്ടയം: വിശ്രമമില്ലാതെ ദിവസങ്ങളോളം പണിയെടുപ്പിച്ചു കൊമ്പനാന ഒടുവിൽ കുഴഞ്ഞു വീണ് ചരിഞ്ഞു. വർക്കല സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ശ്രീവിജയം ശ്രീമുരുകൻ എന്ന കൊമ്പനാണ് ദിവസങ്ങളോളം നീണ്ടു നിന്ന എഴുന്നെള്ളത്തും, ഉത്സവപ്പറമ്പിൽ നിന്നും ഉത്സവപറമ്പിലേയ്ക്കുമുള്ള യാത്രയെ തുടർന്ന് ദാരുണമായി ചരിഞ്ഞത്. ഉത്സവത്തിനിടെ ശരിയായി ഭക്ഷണവും വിശ്രമവും ലഭിക്കാതെ വന്നതോടെയാണ് കൊമ്പൻ ചരിഞ്ഞതെന്നാണ് ആനപ്രേമികൾ അടക്കമുള്ളവരുടെ ആരോപണം.
55 വയസ് പ്രായമുള്ള കൊമ്പനെ ബുധനാഴ്ചയാണ് കറുകച്ചാലിലേയ്ക്ക് എത്തിച്ചത്. കോട്ടയത്തെ വിവിധ ക്ഷേത്രങ്ങളിലെ ഉത്സവ പരിപാടികൾക്കായി ആനയെ ബുക്ക് ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് ആനയെ കറുകച്ചാലിൽ എത്തിച്ചത്. എന്നാൽ, ആനയ്ക്ക് ശാരീരിക അവശതകൾ അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഉടമ ബിനുരാജിന്റെ നിർദേശപ്രകാരം ആനയെ തോട്ടയ്ക്കാട് സ്വദേശിയായി ബാബുവിന്റെ പുരയിടത്തിലേയ്ക്ക് മാറ്റി തളച്ചു. തീറ്റിയെടുക്കാൻ മടികാട്ടിയ കൊമ്പൻ അവശത പ്രകടിപ്പിച്ച് നിൽക്കുകയായിരുന്നു. വെള്ളം കുടിക്കാതെ, കുളിക്കാൻ തയ്യാറാകാതെ നിന്ന കൊമ്പൻ ആകെ അവശ നിലയിലായിരുന്നു. ബുധനാഴ്ച വൈകുന്നേരത്തോടെ കുഴഞ്ഞു വീണ കൊമ്പൻ ചരിയുകയായിരുന്നു. വനം വകുപ്പ് അധികൃതർ എത്തി മേൽ നടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം പോസ്റ്റ്‌മോട്ടം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കോട്ടയത്ത് തന്നെ സംസ്‌കരിക്കും.
ഉത്സവ സീസണായതോടെ പല കൊമ്പൻമാർക്കും ആവശ്യത്തിന് വിശ്രമമോ, വെള്ളമോ, ഭക്ഷണമോ കിട്ടാത്ത സ്ഥിതിയായിട്ടുണ്ട്. മദപ്പാടായിട്ട് പോലും പാമ്പാടി രാജനെ കഴിഞ്ഞ ദിവസം ഇത്തിത്താനത്ത് ഗജമേളയ്ക്ക് ഇറക്കേണ്ടി വന്നിരുന്നു. ഇതേ തുടർന്ന് കൊമ്പൻ ഇടഞ്ഞോടി കാറും തെങ്ങും തകർക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും ആനകളുടെ വിശ്രമമില്ലാത്ത പണി ചർച്ചയാകുന്നത്. വർഷത്തിൽ കേരളത്തിൽ ജനുവരി മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിലാണ് ഉത്സവ സീസൺ. ഇതിൽ മാർച്ച് ഏപ്രിൽ മാസങ്ങളിലാണ് പൂരം അടക്കമുള്ള വലിയ ഉത്സവങ്ങൾ നടക്കുക. ഈ സമയത്തിനിടയിൽ പരമാവധി ഉത്സവങ്ങളിൽ എഴുന്നെള്ളിച്ച് ആനയിൽ നിന്നും പരമാവധി നേട്ടം ഉണ്ടാക്കുകയാണ് ഉടമകളുടെ ലക്ഷ്യം. ഈ ഓട്ടത്തിനിടയിലാണ് ഭക്ഷണവും വെള്ളവും ആവശ്യത്തിന് കിട്ടാതെ ആനകൾ വലയുന്നത്. ഇത് പരിശോധിക്കേണ്ട വനം വകുപ്പ് അധികൃതരാകട്ടെ ആന ഉടമകൾക്കു മുന്നിൽ മുട്ട് മടക്കി നിൽക്കുകയാണ്.