മൃതദേഹത്തില്‍ നിന്ന് മാല മോഷ്ടിച്ച കേസ്; മെഡിക്കല്‍ കോളേജ് ആശുപത്രി ജീവനക്കാരിയെ ഹാജരാക്കാൻ കോടതി ഉത്തരവ്
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മൃതദേഹത്തില്‍ നിന്ന് സ്വര്‍ണ്ണ മാല മോഷ്ടിച്ച കേസില്‍ പ്രതിയായ ജീവനക്കാരിയെ ഹാജരാക്കാൻ കോടതി ഉത്തരവിട്ടു.
തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടേതാണു ഉത്തരവ്. പ്രതിയായ ആശുപത്രി ഗ്രേഡ് 2 അറ്റൻഡര്‍ പന്തളം സ്വദേശിനി ജയലക്ഷ്മിയെ (35) ആണ് ഹാജരാക്കേണ്ടത്.
പ്രതിയെ നവംബര്‍ 24 ന് ഹാജരാക്കാൻ എസിജെഎം എല്‍സാ കാതറിൻ ജോര്‍ജ് സിറ്റി മെഡിക്കല്‍ കോളേജ് സര്‍ക്കിള്‍ ഇൻസ്‌പെക്ടറോട് ഉത്തരവിട്ടു. 2020 ലാണ് സംഭവം നടന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ യുവതിയുടെ മൃതദേഹത്തില്‍ നിന്ന് ഒന്നര പവന്റെ മാല മോഷ്ടിച്ചുവെന്നാണ് കേസ്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് മന്ത്രി കെ.കെ. ശൈലജ നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇവരെ സര്‍വീസില്‍ നിന്ന് സസ്‌പെൻഡ് ചെയ്തു.
സംഭവത്തെക്കുറിച്ച് സംസ്ഥാന മനുഷ്യാവകാശ കമീഷനും അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി. സംഭവ ദിവസം വെള്ളിയാഴ്ച രാവിലെയാണ് മാല മോഷണം പോയത്. കുടുംബവഴക്കിനെതുടര്‍ന്ന് വിഷം കഴിച്ചതിനാല്‍, തലേന്ന് വ്യാഴാഴ്ച മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മണക്കാട് താമസിക്കുന്ന രാധ (27) വെള്ളിയാഴ്ച രാവിലെ മരണമടഞ്ഞിരുന്നു.
നടപടികള്‍ പൂര്‍ത്തിയാക്കി പിറ്റേന്ന് രാവിലെ എട്ട് മണിയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ബന്ധുക്കള്‍ മൃതദേഹം പരിശോധിച്ചപ്പോഴാണ് യുവതിയുടെ കഴുത്തില്‍ക്കിടന്ന മാല നഷ്ടപ്പെട്ടത് അറിഞ്ഞത്.
തുടര്‍ന്ന് മെഡിക്കല്‍ കോളജ് പൊലീസില്‍ പരാതി നല്‍കി. സ്റ്റേഷൻ എസ്. ഐ ആര്‍.എസ്. ശ്രീകാന്ത് സ്ഥലത്തെത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെ ചോദ്യംചെയ്‌തെങ്കിലും ആരും കുറ്റം സമ്മതിച്ചില്ല.
എന്നാല്‍, കൂടുതല്‍ വിശദമായി ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഉച്ചക്ക് പന്ത്രണ്ടരയോടെ ജയലക്ഷ്മി കുറ്റം സമ്മതിക്കുകയായിരുന്നു. മാസങ്ങള്‍ക്കു മുമ്ബ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രോഗിയുടെ 4500 രൂപ മോഷ്ടിച്ചതും ഇവര്‍ സമ്മതിച്ചയായി പൊലീസ് കുറ്റപത്രത്തില്‍ പറയുന്നു.
സി.പി.ഒ ബൈജു, വനിത കോണ്‍സ്റ്റബിള്‍മാരായ ഷംല, എലിസബത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്. മൃതദേഹത്തില്‍ നിന്ന് സ്വര്‍ണമാല മോഷ്ടിച്ച സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ മെഡിക്കല്‍ കോളജ് സൂപ്രണ്ട്, സിഐ എന്നിവരോട് സംസ്ഥാന മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിര്‍ദേശിച്ചു.