സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 13; ഉരുൾപൊട്ടലിൽ കാണാതായ 11 പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി; രക്ഷാ പ്രവർത്തനം അവസാനിപ്പിച്ചു
സ്വന്തം ലേഖകൻ
കോട്ടയം: സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 13 ആയി. ഉരുൾപ്പൊട്ടൽ നാശം വിതച്ച കോട്ടയം കൂട്ടിക്കലിൽ 10 പേരും ഇടുക്കിയിൽ ഒരാളുമാണ് മരിച്ചത്. കോട്ടയത്ത് ഒഴുക്കിൽപ്പെട്ട് രണ്ടു പേരും മരിച്ചു.
കൂട്ടിക്കൽ കാവാലി ഒട്ടലാങ്കൽ (വട്ടാളക്കുന്നേൽ) മാർട്ടിൻ, മാർട്ടിന്റെ ഭാര്യ സിനി (35), മകൾ സോന (10), അമ്മ ക്ലാരമ്മ ജോസഫ് (65) എന്നിങ്ങനെ ഒരു കുടുംബത്തിലെ നാലു പേർ മരിച്ചു. മറ്റു രണ്ടു പേർക്കായി തിരച്ചിൽ തുടരുന്നു. ഇവിടെ കണ്ടെടുത്ത് ഒരു സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവർക്കു പുറമേ ഇതേ പഞ്ചായത്തിലെ പ്ലാപ്പള്ളിയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ ആറ്റുചാലിൽ ജോമിയുടെ ഭാര്യ സോണി (45), മകൻ അലൻ (8), പന്തലാട്ടിൽ മോഹനന്റെ ഭാര്യ സരസമ്മ (58), മുണ്ടകശേരി വേണുവിന്റെ ഭാര്യ റോഷ്നി (50) എന്നിവരുടെയും മൃതദേഹം ലഭിച്ചു.
ഇവർക്കു പുറമേ ഏന്തയാറിൽ പിക്കപ്പ് ഓടിക്കുന്ന ഷാലിത്ത് ഓലിക്കൽ, കൂവപ്പള്ളിയിൽ നിന്ന് രാജമ്മ എന്നിവരുടെ മൃതദേഹവും കണ്ടെത്തി. ഇവർ ഒഴുക്കിൽപ്പെട്ടതാണെന്നാണ് വിവരം. ഇടുക്കിയിൽ ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ വെള്ളപ്പാച്ചിലിൽപ്പെട്ട പെരുവന്താനം നിർമലഗിരി വടശ്ശേരിൽ ജോജി (44)യുടെ മൃതദേഹവും ലഭിച്ചു.