യുവാവിനെ ഡിവൈഎസ്പി റോഡിലെറിഞ്ഞ് കൊന്ന സംഭവം: പൊലീസിൽ കൂട്ട നടപടിയ്ക്ക് വഴിയൊരുങ്ങുന്നു; കൊലപാതകിയായ ഡിവൈഎസ്പിയെ പിടികൂടാനാവാതെ നാണക്കേടിന്റെ നാലാം ദിനത്തിൽ പൊലീസ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവാവിനെ റോഡിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ പോയ ഡിവൈഎസ്പിയെ പിടികൂടാനാവാതെ പൊലീസിനു നാണക്കേടിന്റെ നാലാം ദിനം. സംഭവത്തിൽ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കൂട്ട നടപടിയടക്കം ആഭ്യന്തര വകുപ്പ് നിർദേശിക്കുന്നുണ്ടെങ്കിലും, പക്ഷേ.. കൊലപാതകിയായ ഡിവൈഎസ്പിയെ കയ്യാമം വെയ്ക്കാതെ സ്വതന്ത്രനായി വിഹരിക്കാൻ വിട്ട പൊലീസ് വീണ്ടും നാണക്കേടിന്റെ പടുകുഴിയിലായി. നെയ്യാറ്റിൻകരയിൽ റോഡിനു കുറുകെ കാർ ഇട്ടതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ സനൽ എന്ന യുവാവിനെ മറ്റൊരു വാഹനത്തിനു മുന്നിലെറിഞ്ഞ് കൊലപ്പെടുത്തിയ ഡിവൈഎസ്പി ബി.ഹരികുമാർ ഇതിനിടെ മുൻകൂർ ജാമ്യത്തിനായി ജില്ലാ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷയും സമർപ്പിച്ചിട്ടുണ്ട്. ജാമ്യാപേക്ഷ കോടതി വെള്ളിയാഴ്ച പരിഗണിക്കുന്നുണ്ട്. ഡിവൈഎസ്പി ഹരികുമാറിനെ കണ്ടെത്താൻ പൊലീസ് ഇതിനിടെ ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കിയിട്ടുണ്ട്.
ഇതിനിടെ കേസ് അന്വേഷണത്തിനായി 11 അംഗ ക്രൈംബ്രാഞ്ച് സംഘത്തെയും നിയോഗിച്ചു. ക്രൈംബ്രാഞ്ച് എസ്.പി ആന്റണിയുടെ നേതൃത്വത്തിൽ, ഡിവൈഎസ്പി സുഗതൻ, സി.ഐ എ.മോഹനൻ, എന്നിവരെ കൂടാതെ നാല് വീതം എസ്.ഐമാരും എ.എസ്.ഐമാരും ഒരു സീനിയർ സിവിൽ പൊലീസ് ഓഫിസറും അന്വേഷണ സംഘത്തിലുണ്ട്. ഇതിനിടെ ഡിവൈഎസ്പിയെ പിരിച്ചു വിടുന്നതിനു മുന്നോടിയായുള്ള അന്വേഷണവും പൊലീസ് സംഘം ആരംഭിച്ചിട്ടുണ്ട്.
ഇതിനിടെ കൊല്ലപ്പെട്ട സനലിന്റെ പ്രാഥമിക പോസ്റ്റ്മാർട്ടം റിപ്പോർട്ടും പുറത്തു വന്നു. അതിക്രൂരമായ രീതിയിലാണ് സനൽ കൊല്ലപ്പെട്ടതെന്നാണ് പോസ്റ്റ്മാർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ. സനലിന്റെ തുടയ്ക്കും വാരിയെല്ലിനും കവിളിലെ എല്ലുകൾക്കും പൊട്ടലുണ്ടായിട്ടുണ്ട്. ശരീരമാസകലം ക്ഷതമേറ്റതിനെ തുടർന്ന് ഇയാളുടെ അന്തരിക അവയവങ്ങളിൽ അതിതമായ രക്തസ്രാവവുമുണ്ടായിരുന്നു. ഇതാണ് സനലിന്റെ മരണകാരണമായിരിക്കുന്നത്.
നെയ്യാറ്റിൻകരയിലെ അപകട സ്ഥലത്തു നിന്നും പൊലീസ് സനലിനെ കൊണ്ടു പോയത് പൊലീസ് സ്‌റ്റേഷനിലേയ്ക്കാണെന്നതിന്റെ കൂടുതൽ തെളിവുകൾ പുറത്തു വന്നത് വീണ്ടും പൊലീസിനെ പ്രതിരോധത്തിലാക്കി. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നിന്നും വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകുന്നതിനിടെ പൊലീസുകാർ ആംബുലൻസ് പൊലീസ് സ്റ്റേഷൻ വഴി തിരിച്ച് വിട്ട് ഡ്യൂട്ടി മാറിയെടുക്കുകയായിരുന്നുവെന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങളും ഇതിനിടെ പുറത്തിറങ്ങിയിട്ടുണ്ട്. ഇതോടെ കേരള പൊലീസ് കൂടുതൽ പ്രതിരോധത്തിലായി.
സനലിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ വീഴ്ച വരുത്തിയ രണ്ട് സിവിൽ പൊലീസ് ഓഫിസർമാരെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിട്ടുണ്ട്.