
തൃശ്ശൂർ: അഷ്ടമിച്ചിറയിൽ കഴിഞ്ഞ ദിവസം ആളുകളെ ആക്രമിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നായയുടെ കടിയേറ്റ് ചികിത്സ തേടിയ മൂന്ന് പേരും നേരത്തെ തന്നെ പ്രതിരോധ വാക്സിൻ സ്വീകരിച്ചിരുന്നു. ഒരു ഭിന്നശേഷിക്കാരൻ ഉൾപ്പെടെ മൂന്ന് പേർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.
ആക്രമണത്തിന് പിന്നാലെ പ്രദേശവാസികളുടെ പരാതിയെ തുടർന്ന് പഞ്ചായത്ത് അധികൃതർ നായയെ പിടികൂടിയിരുന്നു. എന്നാൽ പിടികൂടിയ ദിവസം വൈകുന്നേരത്തോടെ നായ ചത്തു. തുടർന്ന് നടത്തിയ സ്രവപരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.
ഇതിനിടെ നിരവധി തെരുവുനായ്ക്കളെയും ഈ നായ ആക്രമിച്ചിരുന്നുവെന്ന് നാട്ടുകാർ അറിയിച്ചു. രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രദേശത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വളർത്തുമൃഗങ്ങളിൽ അസാധാരണമായ പെരുമാറ്റമോ രോഗലക്ഷണങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ബന്ധപ്പെട്ട അധികൃതരെ അറിയിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group







