play-sharp-fill
എടിഎം കവർച്ചാ സംഘത്തെ ചങ്ങനാശേരിയിൽ എത്തിച്ചു: എത്തിച്ചത് രണ്ടു പ്രതികളെ; വെള്ളിയാഴ്ച ഏറ്റുമാനൂരിലെ ചോദ്യം ചെയ്യൽ കേന്ദ്രത്തിൽ ചോദ്യം ചെയ്യും

എടിഎം കവർച്ചാ സംഘത്തെ ചങ്ങനാശേരിയിൽ എത്തിച്ചു: എത്തിച്ചത് രണ്ടു പ്രതികളെ; വെള്ളിയാഴ്ച ഏറ്റുമാനൂരിലെ ചോദ്യം ചെയ്യൽ കേന്ദ്രത്തിൽ ചോദ്യം ചെയ്യും

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയത്തും, കൊച്ചിയിലും തൃശൂരിലും എടിഎം തകർത്ത് കവർച്ച നടത്തിയ സംഘത്തിലെ രണ്ടു പേരെ ചങ്ങനാശേരിയിൽ എത്തിച്ചു. കേസിലെ പ്രധാന പ്രതിയായ ഹനീഫ, നസീംഖാൻ എന്നിവരെയാണ് ചങ്ങനാശേരി ഡിവൈഎസ്പി എസ്.സുരേഷ്‌കുമാറിന്റെ ഓഫിസിൽ എത്തിച്ചത്. വെള്ളിയാഴ്ച പുലർച്ചെയുള്ള രാജധാനി എക്‌സ്പ്രസിലാണ് പ്രതികളെ ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചത്. തുടർന്ന് ഇവരെ റോഡ് മാർഗം ചങ്ങനാശേരി ഡിവൈഎസ്പി ഓഫിസിൽ എത്തിച്ചു. ഈസ്റ്റ് എസ്.ഐ ടി.എസ് റെനീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഡൽഹിയിൽ നിന്നും പ്രതികളെ കോട്ടയത്ത് എത്തിച്ചത്. കേരളത്തിൽ മോഷണം നടത്തിയ ശേഷം മുങ്ങിയ ശേഷം പൊലീസ് പിടിയിലായി ഡൽഹിയിൽ ജയിലിൽ കഴിയുന്ന മറ്റൊരു പ്രതി പപ്പി സിങ്ങിനെ 14 ന് കോടതിയുടെ വാറണ്ടോടു കൂടി കേരളത്തിൽ എത്തിക്കും. വൈകുന്നേരത്തോടെ ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ കാര്യങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ വിശദീകരിക്കും.
ദക്ഷിണേന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ എ.ടി.എം തകർത്ത് മോഷണം നടത്തിയ സംഭവങ്ങളിൽ തട്ടിപ്പ് സംഘത്തിന് ബന്ധമുണ്ടെന്നാണ് സൂചന. തമിഴ്‌നാട്, ആന്ധ്രാ പ്രദേശ്, കർണ്ണാടക എന്നിവിടങ്ങളിലെ ഹൈവേയിലുള്ള എ.ടി.എമ്മുകൾ നാഷണൽ പെർമിറ്റ് ലോറിയിൽ കൊളുത്തി വലിച്ച് തകർത്ത് കവർച്ച നടത്തിയ മുപ്പതോളം സംഭവങ്ങൾക്ക് പിന്നിലും ഇതേ സംഘം തന്നെയാണെന്നും പൊലീസ് സംശയിക്കുന്നു.
കഴിഞ്ഞ മാസം പന്ത്രണ്ടിനാണ് ഈ സംഘം കൊച്ചി ഇരുമ്പനത്തും, തൃശൂർ കൊരട്ടിയിലും എ.ടി.എം തകർത്ത് മോഷണം നടത്തിയത്. കോട്ടയം ജില്ലയിലെ മോനിപ്പള്ളിയിലെയും, വെമ്പള്ളിയിലെയും എ.ടി.എമ്മുകളിൽ മോഷണ ശ്രമവും നടത്തിയിരുന്നു.

കേസിൽ ആറു പ്രതികളാണ് ഉള്ളത്. എ.ടി.എം തകർക്കാൻ പരിശീലനം ലഭിച്ച മൂന്നു പേരെയാണ് ഇപ്പോൾ പൊലീസ് പിടികൂടിയിരിക്കുന്നത്. ഇനി പിടിയിലാകാനുള്ള മൂന്നു പ്രതികൾ മോഷണം നടത്തേണ്ട എ.ടി.എമ്മുകൾ കണ്ടെത്തുന്നവരാണ്. നാഷണൽ പെർമിറ്റ് ലോറിയിൽ സാധനങ്ങളുമായി എത്തുന്ന ഈ സംഘമാണ് ഒറ്റപ്പെട്ട പ്രദേശങ്ങളിലെ എ.ടി.എമ്മുകൾ കണ്ടെത്തി, മോഷണ സംഘത്തിനു വിവരം നൽകുന്നത്. തുടർന്ന് മോഷ്ടിച്ച വാഹനങ്ങളിൽ തന്നെ ഇവർ എത്തി കവർച്ച നടത്തി മടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടു വർഷം മുൻപ് തമിഴ്‌നാട്ടിലെയും, ആന്ധ്രയിലെയും, കർണ്ണാടകയിലെയും ഹൈവേയിലെ ആളൊഴിഞ്ഞ പ്രദേശങ്ങളിലെ എ.ടി.എമ്മുകൾ നാഷണൽ പെർമിറ്റ് ലോറിയിൽ കൊളുത്തി വലിച്ച് തകർത്ത് മോഷണം നടത്തിയിരുന്നു. എ.ടി.എം യന്ത്രം തകർന്ന് റോഡിൽ വീഴുമ്പോൾ, പണം സൂക്ഷിച്ചിരിക്കുന്ന ബോക്‌സുമായി കടക്കുകയാണ് പ്രതികൾ ചെയ്തിരുന്നത്. ഈ ബോക്‌സ് കുത്തിപ്പൊളിച്ച് പിന്നീട് പണം കവരുകയാണ് ഇവർ ചെയ്തിരുന്നതെന്നും സൂചന ലഭിച്ചിട്ടുണ്ട്.

കേരളത്തിൽ കവർച്ച നടത്തുന്നതിന് വിമാനമാർഗമാണ് മൂന്നു പ്രതികളും എത്തിയത്. കൊച്ചിയിൽ വന്നിറങ്ങിയ ശേഷം റോഡ് മാർഗം മണിപ്പുഴയിൽ എത്തി. തുടർന്ന് മണിപ്പുഴയിലെ കടയിൽ നിന്ന് പിക്കപ്പ് വാൻ മോഷ്ടിച്ചു. തുടർന്നാണ് വിവിധ സ്ഥലങ്ങളിൽ സംഘം മോഷണം നടത്തിയത്.