ഡി സി സി ഓഫീസിനു മുന്നിൽ തമ്മിൽതല്ലി കെ എസ് യു ജില്ലാ പ്രസിഡന്റും ജില്ലാ സെക്രട്ടറിയും

ഡി സി സി ഓഫീസിനു മുന്നിൽ തമ്മിൽതല്ലി കെ എസ് യു ജില്ലാ പ്രസിഡന്റും ജില്ലാ സെക്രട്ടറിയും

സ്വന്തം ലേഖകൻ

 

തൃശ്ശൂർ: ഡി.സി.സി. ഓഫീസിൽ കെ.എസ്.യു. പ്രവർത്തകരുടെ ഏറ്റുമുട്ടൽ. ജില്ലാ പ്രസിഡന്റ് മിഥുൻ മോഹനും ജില്ലാ സെക്രട്ടറിമാരിൽ ഒരാളായ നിധീഷ് പാലപ്പെട്ടിയുമാണ് തമ്മിൽത്തല്ലിയത്.വ്യാഴാഴ്ച നാലിന് ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് സംഭവം. സംഘടനാ വിഷയവുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്കിൽ നിധീഷ് പാലപ്പെട്ടിയുടെ കുറിപ്പിനെ മിഥുൻ മോഹന്റെ ഗ്രൂപ്പുകാർ അധിക്ഷേപിച്ചിരുന്നുവത്രേ. ഇത് നിധീഷ് ചോദ്യംചെയ്തതാണ് സംഘർഷത്തിന് കാരണം.ബഹളം കേട്ട് ഓഫീസിലുണ്ടായിരുന്ന ഡി.സി.സി. ഓഫീസ് ചുമതലയുള്ള ഉസ്മാൻ, ജനറൽ സെക്രട്ടറി കെ.ബി. ജയറാം തുടങ്ങിയവരുൾപ്പെടെ എത്തിയെങ്കിലും തർക്കം തീർന്നില്ല. നേതാക്കളെത്തി ഓഫീസിൽനിന്ന് മുറ്റത്തേക്കിറക്കിയതോടെ ഉന്തും തള്ളുമായി. ഇതിനിടെ മറ്റുള്ളവരെത്തി പിടിച്ചുമാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസം ലോ കോളേജിൽ ഹോസ്റ്റൽ വിഷയവുമായുണ്ടായ തർക്കത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ സെക്രട്ടറിയും തമ്മിലുണ്ടായ അടിക്ക് പിന്നാലെയാണ് ഡി.സി.സി. ഓഫീസിലും പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടാവുന്നത്.ഡി.സി.സി.ക്കും കെ.എസ്.യു. സംസ്ഥാന കമ്മിറ്റിക്കും, എൻ.എസ്.യു. കമ്മിറ്റിക്കും പരാതി നൽകിയിട്ടുണ്ടെന്ന് നിധീഷും മിഥുൻ മോഹനും അറിയിച്ചു. ഖാദർ കമ്മിഷൻ റിപ്പോർട്ട് നടപ്പിലാക്കുന്നതിനെതിരേ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ജില്ലാ പരിപാടി ആലോചിക്കുന്നതിനാണ് ജില്ലാ കമ്മിറ്റി ചേർന്നത്.