ബിപോർജോയ് ചുഴലിക്കാറ്റ് ഇന്ന് തീരം തൊടും; അതീവജാഗ്രതയില്‍ ഗുജറാത്ത്;കച്ചില്‍ നിരോധനാജ്ഞ; പൊതുഗതാഗതത്തിന് വിലക്ക്, വൈദ്യുതി വിച്ഛേദിച്ചു

ബിപോർജോയ് ചുഴലിക്കാറ്റ് ഇന്ന് തീരം തൊടും; അതീവജാഗ്രതയില്‍ ഗുജറാത്ത്;കച്ചില്‍ നിരോധനാജ്ഞ; പൊതുഗതാഗതത്തിന് വിലക്ക്, വൈദ്യുതി വിച്ഛേദിച്ചു

സ്വന്തം ലേഖകൻ

ന്യൂഡല്‍ഹി: അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ബിപോര്‍ജോയ് ഇന്ന് തീരം തൊടും. വൈകീട്ടോടെ ഗുജറാത്തിലെ ജഖൗ തീരത്ത് ചുഴലിക്കാറ്റ് കര തൊടുമെന്നാണ് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്. കച്ച് – കറാച്ചി തീരത്തിന് മധ്യേ കരതൊടുന്ന ചുഴലിക്കാറ്റിന് 150 കിലോമീറ്റര്‍ വരെ വേഗതയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഗുജറാത്ത് തീരത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. തീര ജില്ലകളില്‍ നിന്നും മുക്കാല്‍ ലക്ഷത്തോളം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. സൗരാഷ്ട്ര- കച്ച് മേഖലകളില്‍ റെഡ് അലര്‍ട്ട് മുന്നറിയിപ്പുണ്ട്. കച്ചില്‍ നിരോധനാജ്ഞയും പുറപ്പെടുവിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുരക്ഷ മുന്‍നിര്‍ത്തി പ്രദേശത്ത് പൊതു ഗതാഗതവും വൈദ്യുതിയും വിച്ഛേദിച്ചു. 240 ഗ്രാമങ്ങളിലെ വൈദ്യുതിയാണ് വിച്ഛേദിച്ചത്. വീടിന് പുറത്തിറങ്ങരുതെന്ന് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ ഗുജറാത്തിലും മഹാരാഷ്ട്രയുടെ തീരപ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

അപകട സാധ്യത കണക്കിലെടുത്ത് തീരപ്രദേശങ്ങള്‍ സൈന്യത്തിന്റെയും ദുരന്ത നിവാരണ സേനയുടെയും വലയത്തിലാണ്. കേരളം അടക്കം എട്ടു സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിര്‍ദേശം നൽകിയിട്ടുണ്ട്. ചുഴലിക്കാറ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ മൂന്ന് സേനാ തലവന്മാരുമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് ചര്‍ച്ച നടത്തി.

ചുഴലിക്കാറ്റ് ഭീഷണി നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ കേന്ദ്രമന്ത്രി അവലോകനം ചെയ്തു. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ തയ്യാറായിരിക്കണമെന്നും പ്രതിരോധമന്ത്രി നിര്‍ദേശം നല്‍കി. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് നിരവധി ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്.

Tags :