സ്വന്തമായി ബാങ്ക് അക്കൗണ്ടും ഗൂഗിൾ പേ അക്കൗണ്ടും ഉള്ളവർക്ക് ജോലി; ബാങ്ക് അക്കൗണ്ടിലേക്ക് എത്തുന്ന പണം ട്രാൻസ്ഫർ ചെയ്തുകൊടുത്താൽ ലഭിക്കുന്നത് വൻ തുക കമ്മീഷൻ; ലക്ഷ്യമിടുന്നത് യുവതീ യുവാക്കളെ; സൈബർ തട്ടിപ്പുസംഘങ്ങളുടെ പുതിയ രീതി ഇങ്ങനെ… മുന്നറിയിപ്പുമായി പോലീസ്
തിരുവനന്തപുരം: സൈബർ തട്ടിപ്പുസംഘങ്ങൾ യുവതീ യുവാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ ലക്ഷ്യം വെയ്ക്കുന്നതായി സംസ്ഥാന പോലീസിന്റെ മുന്നറിയിപ്പ്.
സമൂഹ മാധ്യമങ്ങൾ വഴി പാർട്ട് ടൈം ജോലികളും ഓൺലൈൻജോലികളും തിരയുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ ഇത്തരം പുതിയ സൈബർ തട്ടിപ്പുസംഘങ്ങളുടെ വലയിൽ അകപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
സ്വന്തമായി ബാങ്ക് അക്കൗണ്ടും ഗൂഗിൾ പേ അക്കൗണ്ടും ഉള്ളവർക്ക് ജോലി നൽകുന്നതാണത്രെ ഈ തട്ടിപ്പു സംഘത്തിന്റെ രീതി. തുടർന്ന് ഇവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം എത്തും. പലയിടങ്ങളിൽ നിന്ന് ട്രാൻസ്ഫർ ആയി ലഭിക്കുന്ന പണമായിരിക്കും ഇത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുക ഒരു ലക്ഷം രൂപ കടക്കുമ്പോൾ നിശ്ചിത തുക കമ്മീഷൻ എടുത്തശേഷം ബാക്കി തുക തട്ടിപ്പുകാർ ആവശ്യപ്പെടുന്ന അക്കൗണ്ടിലേക്ക് അയച്ചു നൽകുകയെന്നതാണ് ജോലി. ഉയർന്ന കമ്മീഷനാണ് തട്ടിപ്പുകാർ വാഗ്ദാനം ചെയ്യുന്നത്. എന്നാൽ, വലിയ ചതിയാണ് ഇതിന് പിന്നിൽ ഒളിച്ചിരിക്കുന്നത്.
വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരുടെ അക്കൗണ്ടുകൾ മ്യൂൾ അക്കൗണ്ട് (വാടക അക്കൌണ്ട്) ആയി സൈബർ തട്ടിപ്പുകൾക്ക് ഉപയോഗിക്കുകയാണ് തട്ടിപ്പുകാരുടെ ലക്ഷ്യം. ഇത്തരം കുറ്റകൃത്യങ്ങളെക്കുറിച്ച് ബോധവാന്മാരല്ലാത്ത യുവതീ-യുവാക്കൾ തങ്ങൾ അറിയാതെതന്നെ തട്ടിപ്പുസംഘത്തിലെ അംഗമായി മാറുകയാണ് ചെയ്യുന്നത്.