ക്ലാസുകൾ ഓൺലൈനിൽ: മൊബൈൽ വാങ്ങാൻ മാതാപിതാക്കൾ നെട്ടോട്ടത്തിൽ; വിക്ടേഴ്‌സ് ചാനൽ നോക്കി പഠിക്കാൻ സർക്കാർ; ചാനൽ കിട്ടാതെ അദ്ധ്യാപകരും വിദ്യാർത്ഥികളും മാതാപിതാക്കളും നെട്ടോട്ടത്തിൽ
തേർഡ് ഐ ബ്യൂറോ
കോട്ടയം: കൊറോണ വൈറസ് ബാധയെ തുടർന്നു സംസ്ഥാനത്തെ സ്‌കൂളുകളിൽ ഓൺലൈൻ വഴി ക്ലാസുകൾ നടത്താൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. ഇതിനുള്ള ഒരുക്കങ്ങൾ സ്‌കൂളുകളിൽ ആരംഭിക്കുകയും ചെയ്തു. വിക്ടേഴ്‌സ് ചാനൽ വഴി ക്ലാസുകൾ ആരംഭിക്കുമെന്നാണ് ഇപ്പോൾ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, എല്ലാ കേബിൾ നെറ്റ് വർക്കുകളിലും വിക്ടേഴ്‌സ് ചാനൽ ലഭിക്കുന്നില്ലെന്നാണ് പരാതി.
ഓൺലൈൻ ക്ലാസുകളുടെ സാങ്കേതിക വിദ്യ പല മാതാപിതാക്കൾക്കും അറിയില്ല. ഇതിനിടെയാണ് ഓൺലൈൻ ക്ലാസ് നടത്തുന്ന വിക്ടേഴ്സ് ചാനൽ പല കേബിൾ നെറ്റ് വർക്കിലും ലഭിക്കാത്തത്. സർക്കാരിന്റെ ഉടമസ്ഥതയിലുള്ള വിക്ടേഴ്സ് ചാനൽ നോക്കി വിദ്യാർത്ഥികൾക്കു ഓൺലൈൻ ക്ലാസ് എടുക്കുന്നതിനാണ് സർക്കാർ നിർദേശം നൽകിയിരിക്കുന്നത്. ഇതിനായി സർക്കാരിന്റെ ടൈംടേബിളും പുറത്തു വന്നിട്ടുണ്ട്. വിക്ടേഴ്സ് ചാനൽ ടി വിയിൽ ലഭിക്കാതായതോടെ മാതാപിതാക്കൾ രണ്ടും മൂന്നും സ്മാർട്ട് ഫോണുകൾ വാങ്ങേണ്ട ഗതികേടിലായി, ലോക് ഡൗൺ മൂലം മൂന്ന് മാസമായി ജോലിയും കൂലിയുമില്ലാത്ത ലക്ഷക്കണക്കിന് മാതാപിതാക്കളാണ് ഇതോടെ നടുക്കടലിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിദ്യാർത്ഥികളും വിക്ടേഴ്സ് ചാനൽ കണ്ടുവേണം പഠിക്കാൻ എന്നും സർക്കാരിന്റെ നിർദേശം വന്നിട്ടുണ്ട്. എന്നാൽ, ഇതിനുള്ള പ്രധാന കടമ്പയെന്നത് വിവിധ കേബിൾ നെറ്റ് വർക്കിൽ വിക്ടേഴ്സ് ചാനൽ ലഭ്യമല്ല എന്നതാണ്. പല ഡിഷ് ടിവി നെറ്റ് വർക്കുകാരും, കേബിൾ ടിവി കമ്പനിക്കാരും വിക്ടേഴ്സ് ചാനൽ ഉൾപ്പെടുത്തിയിട്ടേയില്ല. പല കേബിൾ നെറ്റുവർക്കുകളിലും ഈ ചാനൽ ലഭിക്കുന്നുമില്ലെന്ന പരാതിയും ഉണ്ട്.
ഈ സാഹചര്യത്തിലാണ് അദ്ധ്യാപകരും വിദ്യാർത്ഥികളും മാതാപിതാക്കളും ആശങ്കയിലായിരിക്കുന്നത്. വിക്ടേഴ്സ് ചാനൽ എല്ലാ കേബിൾ നെറ്റ് വർക്കിലും ലഭിക്കാനുള്ള ക്രമീകരണം ഒരുക്കിയില്ലെങ്കിൽ ഓൺലൈൻ ക്ലാസ് നടത്തിപ്പ് തന്നെ അവതാളത്തിലാകുമെന്നാണ് അദ്ധ്യാപകരുടെയും മാതാപിതാക്കളുടെയും ആശങ്ക.
വിക്ടേഴ്സ് ചാനൽ എല്ലാ പ്ലാറ്റ്‌ഫോമിലും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റി ജില്ലാ കളക്ടർ പി.കെ സുധീർ ബാബുവിന് നിവേദനം നൽകി. സംസ്ഥാന സെക്രട്ടറി ജോൺസൺ സി.ജോസഫ്, ജില്ലാ പ്രസിഡന്റ് കെ.സി ജോൺസൺ, ട്രഷറർ സ്റ്റീഫൻ ജോർജ്, തോമസ് മാത്യു, എയ്ഡഡ് പ്രൈമറി അദ്ധ്യാപക ബാങ്ക് പ്രസിഡന്റ് എബിസൺ കെ.എബ്രഹാം, റെൻജി ഡേവിഡ്, മനോജ് വി.പോൾ എന്നിവർ പങ്കെടുത്തു.
സംസ്ഥാനത്ത് ജൂൺ ഒന്ന് മുതൽ പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന 1 മുതൽ 12 വരെ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പരിശിലനം നടപ്പിലാക്കുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ ഓൺലൈൻ പരിശീലനം എല്ലാ പ്രദേശങ്ങളിലും നടപ്പിലാക്കുന്നതിനു വേണ്ടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ അധ്യക്ഷതയിൽ വിദ്യാഭ്യാസ വകുപ്പ്, ജില്ലാ ലൈബ്രറി കൗൺസിൽ, എസ്.എസ്.കെ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നിവയുടെ യോഗം ചേർന്നു.
ജില്ലയിലെ 268000 വിദ്യാർത്ഥികളിൽ 8500 ഓളം വിദ്യാർത്ഥികൾക്കാണ് വിക്ടേഴ്‌സ് ചാനൽ, സമഗ്ര പോർട്ടൽ, യൂട്യൂബ് എന്നീ സംവിധാനങ്ങളിലൂടെയുള്ള പഠനസൗകര്യത്തിനുള്ള ലഭ്യത ഇല്ലാത്തത്, ഇവർക്ക് തൊട്ടടുത്ത വായനശാലകൾ, ഗ്രാമപഞ്ചായത്ത് ഹാളുകൾ, പ്രാദേശിക പഠനകേന്ദ്രങ്ങൾ എന്നിവ ഉപയോഗിച്ച് അധ്യാപകരുടെ സഹായത്തോടെ ഓൺലൈൻ പഠനം സാധ്യമാക്കാമെന്ന് യോഗം വിലയിരുത്തി.
ജില്ലയിലെ മുഴുവൻ വിദ്യാർഥികൾക്കും ഓൺലൈൻ സൗകര്യം ക്രമീകരിച്ചു നൽകുന്നതിനും, അതിനുള്ള സൗകര്യങ്ങൾ ചെയ്യുന്നതിനും പഠന ഉപാധികൾ ലഭ്യമാക്കുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായം ഉറപ്പുവരുത്തുന്നതിനും നിശ്ചയിച്ചു.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. ശോഭാ സലിമോൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സഖറിയാസ് കുതിരവേലിൽ, വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ലിസമ്മ ബേബി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ പെണ്ണമ്മ ജോസഫ്, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പ്രൊഫ.കെ.ആർ. ചന്ദ്ര മോഹനൻ, വിദ്യാഭ്യാസ ഉപഡയക്ടർ സി.കെ.രാജ്, എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസർ സാബു ഐസക്, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോർഡിനേറ്റർ കെ.ജെ.പ്രസാദ് എന്നിവർ സംബന്ധിച്ചു.