പതിനെട്ടാംപടിക്കു സമീപം ഇരുമുടിക്കെട്ടുമായി രണ്ടു യുവതികൾ; വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ യുവാവിനെതിരെ കേസ്
സ്വന്തം ലേഖകൻ
പത്തനംതിട്ട: ശബരിമലയിൽ രണ്ടു യുവതികൾ കയറിയെന്ന തരത്തിൽ സെൽഫി വിഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. രാജേഷ് എന്ന യുവാവിന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈൽ പേജിലാണ് ഇത്തരത്തിൽ വിഡിയോ പ്രത്യക്ഷപ്പെട്ടത്. പതിനെട്ടാംപടിക്കു സമീപം ഇരുമുടിക്കെട്ടുമായി രണ്ടു യുവതികൾ എന്ന തരത്തിൽ ആയിരുന്നു വീഡിയോ. വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിക്കു ശേഷമായിരുന്നു സംഭവം.
സൈബർ പൊലീസ് സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിൽ നടത്താറുള്ള നിരീക്ഷണത്തിലാണ് ഇതു കണ്ടെത്തിയത്. ഇരുമുടിക്കെട്ടുമായി നിൽക്കുന്ന യുവതികളുടെ മുഖസാദൃശ്യം തോന്നുന്ന ചിത്രങ്ങൾ എഡിറ്റ് ചെയ്ത്, പതിനെട്ടാംപടിക്കു സമീപമുള്ള സെൽഫി വിഡിയോ എന്ന തരത്തിൽ വ്യാജമായി നിർമിച്ച വിഡിയോയാണ് ഇയാൾ പ്രചരിപ്പിച്ചതെന്നു കണ്ടെത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മതവികാരം വ്രണപ്പെടുത്തിയതിനും ശബരിമല വിശ്വാസികളുടെ മനസ്സുകളിൽ മുറിവുളവാക്കി സമൂഹത്തിൽ ലഹള സൃഷ്ടിക്കാൻ മനഃപൂർവം ശ്രമിച്ചതിനും ബന്ധപ്പെട്ട വകുപ്പുകളും ഐടി നിയമത്തിലെ വകുപ്പും ചേർത്താണു കേസെടുത്തത്. വ്യാജ വിഡിയോ നിർമിച്ച് ഇൻസ്റ്റഗ്രാമിലൂടെ യഥാർഥ ദൃശ്യമെന്ന തരത്തിൽ പ്രതി പ്രചരിപ്പിക്കുകയായിരുന്നെന്ന് അന്വേഷണത്തിൽ വ്യക്തമായി.
സംഭവത്തെപ്പറ്റി വിശദമായ അന്വേഷണം നടന്നുവരികയാണെന്നും ശക്തമായ നിയമനടപടികൾ ഉണ്ടാകുമെന്നും ജില്ലാ പൊലീസ് മേധാവി വി.അജിത് അറിയിച്ചു. എസ്എച്ച്ഒ ജോബിൻ ജോർജ് ആണ് കേസ് റജിസ്റ്റർ ചെയ്തത്