മണർകാട് നാലുമണിക്കാറ്റിൽ അപകടം: ക്രെയിനിനടിയിൽ കുടുങ്ങി വയോധികന് ദാരുണാന്ത്യം; തലയിലൂടെ ക്രെയിന്റെ ചക്രങ്ങൾ കയറിയിറങ്ങി

മണർകാട് നാലുമണിക്കാറ്റിൽ അപകടം: ക്രെയിനിനടിയിൽ കുടുങ്ങി വയോധികന് ദാരുണാന്ത്യം; തലയിലൂടെ ക്രെയിന്റെ ചക്രങ്ങൾ കയറിയിറങ്ങി

സ്വന്തം ലേഖകൻ

കോട്ടയം: മണർകാട് നാലുമണിക്കാറ്റിൽ വാഹനാപകടത്തിൽ വയോധികന് ദാരുണാന്ത്യം. ഇടിച്ചു വീഴ്ത്തിയ ക്രെയിൻ ഇദ്ദേഹത്തിന്റെ തലയിലൂടെ കയറിയിറങ്ങിയാണ് ദാരുണാന്ത്യമുണ്ടായത്.

മണർകാട് കണിയാകുന്ന് വേങ്കടത്ത് (വെളിയത്ത്) വീട്ടിൽ ജോൺ മാത്യു (കൊച്ചുമോൻ-62) ആണ് ക്രെയിൻ തട്ടി മരിച്ചത്. ബുധനാഴ്ച്ച രാത്രി 8.45 ഓടെ മണർകാട് ഏറ്റുമാനൂർ ബൈപ്പാസ് റോഡിൽ നാലുമണിക്കാറ്റിനു സമീപം പാലമുറി ഷാപ്പിനടുത്തായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലമുറിയിലെ തറവാട്ട് വീട്ടിൽ നിന്നും കണിയാംകുന്നിലെ സ്വന്തം വീട്ടിലേയ്ക്ക് കാൽനടയായി പോകുകയായിരുന്ന ജോൺ മാത്യുവിനെ പുറകിൽ നിന്നും അമിതവേഗതയിലെത്തിയ ക്രെയിൻ ഇടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ഇടിയുടെ ആഘാതത്തിൽ റോഡിലേയ്ക്ക് വീണ ജോണിന്റെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങി. സംഭവസ്ഥലത്ത് തന്നെ ജോൺ മരിച്ചു.

ജോണിന്റെ വീട് സ്ഥിതി ചെയ്യുന്നതും അപകടം നടന്ന സ്ഥലത്തിനരികിലായിരുന്നു. പേരൂർ കെ എൻ എം ക്രെയിൻ സർവ്വീസിന്റെ വാഹനമാണ് ഇടിച്ചത്.

മണർകാട് പൊലീസ് സ്ഥലത്തെത്തി വാഹനം കസ്റ്റഡിയിലെടുക്കുകയും മേൽനടപടികൾ സ്വീകരിക്കുകയും ചെയ്തു. അപകടത്തെ തുടർന്ന് റോഡിൽ ആൾക്കൂട്ടവും ഉണ്ടായി. കണിയാംകുന്നിൽ രണ്ട് മാസത്തിനു മുൻപാണ് പുതിയ വീട് വച്ച് താമസം തുടങ്ങിയത്.