ആലപ്പുഴ സി.പി.എമ്മിൽ വീണ്ടും ലൈംഗികാരോപണ വിവാദം; ലോക്കൽ കമ്മിറ്റി അംഗത്തിന്റെ ഭാര്യയ്ക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയ ബ്രാഞ്ച് സെക്രട്ടറിയ്ക്കെതിരെ നടപടി
സ്വന്തം ലേഖകൻ
ആലപ്പുഴ: ആലപ്പുഴയിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിന്റെ ഭാര്യയ്ക്ക് നേരെ നഗ്നതാപ്രദർശനം നടത്തി എന്ന പരാതിയിൽ ബ്രാഞ്ച് സെക്രട്ടറിയെ മാറ്റി. കളപ്പുറ വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി പ്രകാശിനെതിരേയാണ് പാർട്ടി നടപടി.
രണ്ടാഴ്ച മുമ്പ് എൽ.സി. അംഗം നൽകിയ പരാതിപ്രകാരമാണ് കൊമ്മാടി ലോക്കൽ കമ്മിറ്റി ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇവർ കുടുംബക്കാർ ആണെന്നാണ് വിവരം. കുടുംബ പ്രശ്നങ്ങളാണ് ഇത്തരത്തിൽ ഒരു പ്രശ്നത്തിലേക്ക് നയിച്ചത് എന്നാണ് സൂചന.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നഗ്നദൃശ്യവിവാദത്തിൽ നേരത്തെ സി.പി.എം. ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗം എ.പി. സോണയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. രണ്ടംഗ അന്വേഷണ കമ്മിഷൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പാർട്ടി നടപടി. പാർട്ടിയിലെ സഹപ്രവർത്തകരുടെ അശ്ലീല ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സൂക്ഷിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു സോണയ്ക്കെതിരെ നടപടി.
ഇത്തവണയും പാർട്ടി തന്നെയാണ് നടപടിയെടുത്തത്. പോലീസിൽ പരാതി നൽകിയിരുന്നില്ല. പാർട്ടി തന്നെ വിഷയത്തിൽ നടപടി സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്.