play-sharp-fill
നവീന്‍ ബാബുവിന് വേണ്ടിയുള്ള ‘പത്തനംതിട്ട’ സമ്മര്‍ദ്ദം ഫലം കാണുന്നു; ദിവ്യയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സമഗ്രമായി പരിശോധിക്കാൻ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ തീരുമാനം ; ഇനി ആരേയും അപമാനിക്കാന്‍ ദിവ്യയെ സിപിഎം അനുവദിക്കില്ല; ഇനി അധികം വൈകാതെ ദിവ്യയ്ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയും ഇല്ലാതാവും

നവീന്‍ ബാബുവിന് വേണ്ടിയുള്ള ‘പത്തനംതിട്ട’ സമ്മര്‍ദ്ദം ഫലം കാണുന്നു; ദിവ്യയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സമഗ്രമായി പരിശോധിക്കാൻ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ തീരുമാനം ; ഇനി ആരേയും അപമാനിക്കാന്‍ ദിവ്യയെ സിപിഎം അനുവദിക്കില്ല; ഇനി അധികം വൈകാതെ ദിവ്യയ്ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയും ഇല്ലാതാവും

കണ്ണൂര്‍ : എഡിഎം കെ നവീന്‍ ബാബു ഔദ്യോഗിക വസതിയിൽ ജീവനൊടുക്കിയ സംഭവത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ യ്‌ക്കെതിരെ സി.പി.എം കടുത്ത നടപടികളിലേക്ക് കടക്കും.

ദിവ്യയ്‌ക്കെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ സമഗ്രമായി പരിശോധിക്കാനാണ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ തീരുമാനം. ഇതു സംബന്ധിച്ച വിവാദങ്ങള്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയും പരിശോധിച്ചിരുന്നു. പിപി ദിവ്യയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണയില്‍ പോലീസ് കേസെടുത്തിരുന്നു. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് അച്ചടക്ക നടപടി.

പി.പി. ദിവ്യ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗമായതിനാല്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയാണ് നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് സംഭവത്തില്‍ അനുശോചിച്ചു കൊണ്ടു വാര്‍ത്താ കുറിപ്പിറക്കിയിരുന്നുവെങ്കിലും യാത്രയയപ്പ് സമ്മേളനത്തില്‍ ദിവ്യ നടത്തിയ പ്രസംഗം അനുചിതമാണെന്ന് വിമര്‍ശിച്ചിരുന്നു. ജീവനൊടുക്കിയ നവീന്‍ബാബു അടിയുറച്ച സി.പി.എം കുടുംബത്തില്‍ നിന്നും വരുന്നയാളായതിനാല്‍ വന്‍ പ്രതിസന്ധിയിലാണ് കണ്ണൂരിലെ പാര്‍ട്ടി നേതൃത്വം. നവീന്‍ ബാബു സത്യസന്ധനനായ ഉദ്യോഗസ്ഥനാണെന്ന നിലപാടുമായി പത്തനംതിട്ട ജില്ലാ സെക്രട്ടറി രംഗത്തുവന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നവീന്‍ ബാബുവിന്റെ പിതാവും മാതാവും ഭാര്യയും സഹോദരനുമെല്ലാം സി.പിഎമ്മിന്റെയും ഇടതു സംഘടനാ ഭാരവാഹികളായ തിനാലും സംസ്ഥാനത്തെ രണ്ട് ജില്ലാ കമ്മിറ്റികള്‍ തമ്മിലുള്ള ആഭ്യന്തര വിഷയമായി എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യ മാറിയിട്ടുണ്ട്. പി.പി. ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ സമ്മര്‍ദ്ദം ശക്തമായ സാഹചര്യത്തില്‍ കണ്ണൂരിലെ പാര്‍ട്ടി ഉടന്‍ അച്ചടക്കനടപടി സ്വീകരിച്ചേക്കും. കണ്ണൂരിലെ ഒരു വിഭാഗം ജില്ലാ നേതാക്കളും ദിവ്യക്കെതിരെ ശക്തമായനിലപാടെടുത്തിട്ടുണ്ട്.

എ.ഡി.എം നവീന്‍ ബാബുവിന്റെ ശവസംസ്‌കാര ചടങ്ങുകള്‍ക്കു ശേഷമാണ് പാര്‍ട്ടി അച്ചടക്ക നടപടിയെടുക്കുക. അടുത്തദിവസം ജില്ലാ സെക്രട്ടറിയേറ്റും ജില്ലാ കമ്മിറ്റിയും ചേരുന്ന വേളയില്‍ ദിവ്യക്കെതിരെ അന്വേഷണത്തിന് തീരുമാനിക്കും. ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍ നിന്നും നീക്കം ചെയ്തു പകരം ടി സരളയെ നിയോഗിച്ചേക്കും. ടി.കെ രത്‌നകുമാരിയെ അനുകൂലിക്കുന്നവരുമുണ്ട്. സിപിഎം ജില്ലാ കമ്മറ്റിയില്‍ നിന്നും പുറത്താക്കും. സമ്മേളന കാലമായതു കൊണ്ട് ജില്ലാ സമ്മേളനത്തിലാകും ദിവ്യയെ മാറ്റുകയെന്നും സൂചനയുണ്ട്.

ഇതിനിടെ നവീന്‍ ബാബുവിന്റെ മരണത്തില്‍ പൊലീസ് പി പി ദിവ്യയുടെ മൊഴിയെടുക്കും. യാത്രയയപ്പ് യോഗത്തില്‍ ഉണ്ടായിരുന്ന ജില്ലാ കളക്ടറുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. കണ്ണൂര്‍ ടൗണ്‍ പൊലീസ് പത്തനംതിട്ടയില്‍ എത്തി അന്വേഷണം നടത്തും. നവീന്‍ ബാബുവിന്റെ ബന്ധുക്കളുടെയും സഹപ്രവര്‍ത്തകരുടെയും മൊഴിയും പൊലീസ് രേഖപ്പെടുത്തും. സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം ആയിരിക്കും ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തുക.