Spread the love

തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയില്‍ കേന്ദ്രസർക്കാരുമായി ധാരണാപത്രം ഒപ്പിട്ടതിന് 4 മന്ത്രിമാരുടെ രാജിഭീഷണി അടക്കം മുഴക്കി സർക്കാരിനെ പ്രതിസന്ധിയിലാക്കിയ സി.പി.ഐയെ തിരിച്ചടിച്ച്‌ പിണറായി.
സി.പി.ഐ ഭരിക്കുന്ന 4 വകുപ്പുകളിലും മുഖ്യമന്ത്രി നേരിട്ട് ഇടപെടുകയാണ്. സി.പി.ഐയുടെ പ്രതിഷേധത്തിന് മുന്നില്‍ നിന്ന റവന്യൂ മന്ത്രി കെ.രാജന്റെ വകുപ്പില്‍ സംസ്ഥാനമാകെ ഇന്ന് വിജിലൻസ് റെയ്ഡ് തുടങ്ങിക്കഴിഞ്ഞു.
നെല്‍ വയലുകളും തണ്ണീർത്തടങ്ങളും ഡേറ്റാ ബാങ്കില്‍ നിന്നും ഒഴിവാക്കുന്നതിലും, തരം മാറ്റി നല്‍കുന്നതിലും നടന്നു വരുന്ന ക്രമക്കേടുകളും അഴിമതിയും കണ്ടെത്തുന്നതിനാണ് റെയ്ഡ്.

video
play-sharp-fill

ഓപ്പറേഷൻ ‘ഹരിത കവചം’ എന്ന് പേരിട്ടിരിക്കുന്ന റെയ്ഡ് സംസ്ഥാനത്തെ 27 റവന്യൂ ഡിവിഷണല്‍ ഓഫീസുകളിലും, തരം മാറ്റലുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 32 ഡെപ്യൂട്ടി കളക്ടർമാരുടെ ഓഫീസുകളിലുമായി ആകെ 69 ഓഫീസുകളില്‍ പുരോഗമിക്കുകയാണ്.

കേരള നെല്‍ വയല്‍തണ്ണീർത്തട സംരക്ഷണ നിയമത്തിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി സംസ്ഥാനത്ത് തണ്ണീർത്തടങ്ങളും നെല്‍ വയലുകളും ഡാറ്റാബാങ്കില്‍ നിന്നും വ്യാപകമായി ഒഴിവാക്കി നല്‍കുന്നതായും, അപേക്ഷകരില്‍ നിന്നും നേരിട്ടും ഏജന്റുമാർ മുഖേനയും ചില ഉദ്യോഗസ്ഥർ കൈക്കൂലി കൈപ്പറ്റി ഇത്തരം ക്റമക്കേടുകള്‍ക്ക് കൂട്ടുനില്‍ക്കുന്നതായും വിജിലൻസിന് വിവരം ലഭിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡേറ്റാബാങ്കില്‍ നിന്നും ഒഴിവാക്കി വസ്തു തരം മാറ്റുന്നതിനുള്ള ഉത്തരവ് നേടിയ ശേഷം നെല്‍ വയലുകളും തണ്ണീർത്തടങ്ങളും പരിവർത്തനപ്പെടുത്തി കെട്ടിടങ്ങളും വീടുകളും നിർമ്മിച്ച്‌ വില്‍പ്പന നടത്തുന്നതിനായി റവന്യൂ ഡിവിഷണല്‍ ഓഫീസുകള്‍ കേന്ദ്റീകരിച്ച്‌ പ്രവർത്തിക്കുന്ന ഭൂമാഫിയയും റിയല്‍ എസ്റ്റേറ്റുകാരും ഉള്‍പ്പെടുന്ന സംഘങ്ങള്‍ സംസ്ഥാനത്ത് സജീവമാണെന്നും, കൈക്കൂലിയും അനധികൃത പ്രതിഫലവും കൈപ്പറ്റിയും, സ്വാധീനത്തിന് വഴങ്ങിയും ചില ഉദ്യോഗസ്ഥർ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ഭൂമി തരം മാറ്റുന്നതിനായി അനുകൂല റിപ്പോർട്ടുകള്‍ നല്‍കി വരുന്നതായും വിജിലൻസിന് വിവരം ലഭിച്ചിരുന്നു.

കേരള നെല്‍ വയല്‍തണ്ണീർത്തട സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ഡാറ്റാബാങ്കില്‍ ഉള്‍പ്പെട്ടതും നിയമപ്രകാരം തരം മാറ്റി നല്‍കാൻ പാടില്ലാത്തതുമായ ഭൂമി ഒഴിവാക്കി ഉത്തരവ് അനുവദിക്കുന്നതിലെ അഴിമതിയും ക്രമക്കേടുകളും കണ്ടെത്തുന്നതിനായി വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്റെ നിർദ്ദേശ പ്രകാരമാണ് റെയ്ഡ്.

ഏറ്റവുമധികം അഴിമതി റവന്യൂ വകുപ്പിലാണ്. വില്ലേജ് ഓഫിസ്, താലൂക്ക് ഓഫിസ് എന്നിവിടങ്ങളിലാണ് കൂടുതല്‍ അഴിമതിക്കാരുള്ളത്. 72 അഴിമതിക്കാരെ ഇതിനകം പിരിച്ചുവിട്ടു.
അതിനിടെ, തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ പാല്‍ വില കൂട്ടുമെന്ന് പരസ്യ പ്രഖ്യാപനം നടത്തിയതിന് മന്ത്രി ജെ.ചിഞ്ചുറാണിയെ മുഖ്യമന്ത്രി വിളിച്ചുവരുത്തി ശാസിച്ചിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും മില്‍മ പാലിന് വില കൂടുകയെന്നും വില വ‍‍ർധിപ്പിക്കുന്നത് ആലോചനയിലുണ്ടെന്നുമാണ് മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞത്.

“മില്‍മയുടെ വില അല്‍പം കൂട്ടിക്കൊടുക്കുന്നതില്‍ തെറ്റൊന്നുമില്ല. തെരഞ്ഞെടുപ്പിലേക്ക് കടക്കാനിരിക്കേ അതിനെ കുറിച്ച്‌ കൂടുതലായി നിലവില്‍ ആലോചിക്കുന്നില്ല. തെരഞ്ഞെടുപ്പിന് ശേഷം മില്‍മയുടെ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അത് പ്രകാരം വില വർധിപ്പിക്കും”. മന്ത്രി വാർത്താസമ്മേളനത്തില്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു.

തിരഞ്ഞെടുപ്പില്‍ ഇത് തിരിച്ചടിയാവുമെന്ന് കണ്ടാണ് ഇത്തരം പ്രസ്താവനകള്‍ പാടില്ലെന്ന് മന്ത്രിയെ മുഖ്യമന്ത്രി വിലക്കിയത്.