കുളമ്പ് രോഗ പ്രതിരോധ കുത്തിവയ്പ്പ് മുടങ്ങി: ജില്ലയിൽ രോഗം പടർന്നു പിടിക്കുന്നു; ആശങ്കയിൽ ക്ഷീരകർഷകർ

കുളമ്പ് രോഗ പ്രതിരോധ കുത്തിവയ്പ്പ് മുടങ്ങി: ജില്ലയിൽ രോഗം പടർന്നു പിടിക്കുന്നു; ആശങ്കയിൽ ക്ഷീരകർഷകർ

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊവിഡിനെ തുടർന്നു കഴിഞ്ഞ ഒന്നര വർഷമായി ജില്ലയിൽ കുളമ്പ് രോഗ പ്രതിരോധ കുത്തിവയ്പ്പ് മുടങ്ങിയതിന്റെ ആശങ്കയിൽ ക്ഷീര കർഷകർ. കഴിഞ്ഞ ലോക്ക് ഡൗൺ കാലം വരെ ആറു മാസത്തെ കൃത്യമായ ഇടവേളകളിൽ നടത്തിയിരുന്ന കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് കോവിഡ് ഒന്നാം തരംഗത്തിനു മുമ്പ് അവസാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ കൊവിഡ് ലോക്ക് ഡൗണുകൾ ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുന്നത്.

പിന്നീട് ക്യാമ്പുകൾ നടത്താതായതോടെ ജില്ലയിലെ വിവിധ മേഖലകളിൽ രോഗം പിടിമുറുക്കുകയും നൂറുകണക്കിനു കന്നുകാലി കർഷകർ ദുരിതത്തിലാകുകയും ചെയ്തിരിക്കുകയാണ്. നിലവിൽ പാമ്പാടി, കുറിച്ചി, കുമാരനല്ലൂർ, അയ്മനം, പനച്ചിക്കാട് മേഖലകളിലാണു കുളമ്പുരോഗം വ്യാപകമായുള്ളത്. ഈ പ്രദേശങ്ങളിൽ ഒന്നും രണ്ടും കേസുകൾ വീതം പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ, രണ്ടാഴ്ച മുമ്പ് ഇതിലേറെ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും മൃഗസംരക്ഷണ വകുപ്പിന്റെ ഊർജിത ഇടപെടലിനെത്തുടർന്നു രോഗം ഏറെക്കുറെ നിയന്ത്രണ വിധേയമായിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതര സംസ്ഥാനങ്ങളിൽ നിന്നു കൊണ്ടുവരുന്ന അറവു മാടുകളിൽ നിന്നാണു കൂടുതലായും രോഗാണുക്കൾ പടരുന്നതെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ നിഗമനം. കഴിഞ്ഞ മാസം വ്യാപകമായി മാടുകളെ എത്തിച്ചതിനു പിന്നാലെയാണു രോഗവും പലയിടങ്ങളിലും റിപ്പോർട്ട് ചെയ്തത്. രോഗം റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളൂടെ മൂന്നു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിൽ കന്നുകാലികൾക്കു വാക്സിൻ നൽകുന്ന റിങ്ങ് വാക്സിനിലൂടെയാണു രോഗം നിയന്ത്രണ വിധേയമാക്കുന്നത്.

ലോക്ഡൗൺ സാഹചര്യത്തിൽ പ്രാദേശിക കന്നുകാലി വിൽപ്പന കുറവായതു രോഗവ്യാപനം കുറയുന്നതിനു കാരണമാകുന്നുണ്ട്. രോഗം ബാധിച്ചാൽ ക്ഷീണവും തളർച്ചയുമുണ്ടാകുന്ന കന്നുകാലികളുടെ പാലുത്പാദനം ഗണ്യമായി കുറയും. രോഗം മാറിയാലും ഉത്പാദനം പഴയ നിലയിൽ എത്തുകയില്ല. പാൽ വിൽപ്പനയിൽ നിന്നുള്ള വരുമാനത്തെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന കുടുംബങ്ങളാണ് ഇതോടെ വെട്ടിലായിരിക്കുന്നത്. ലോക്ഡൗണിനെത്തുടർച്ചു പാലിന്റെ ചില്ലറ വിൽപ്പന കുറഞ്ഞതിനു പിന്നാലെയാണു കുളമ്പു രോഗ ഭീഷണി.

ജില്ലയിൽ കുളമ്പു രോഗം റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും നിയന്ത്രണ വിധേയമാണെന്നു ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഷാജി പണിക്കശേരി തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു. രോഗം റിപ്പോർട്ട് ചെയ്യുന്ന സ്ഥലങ്ങളിൽ റിങ്ങ് വാക്സിനേഷനിലുടെ പ്രതിരോധം നടത്തുന്നുണ്ട്. നിലവിൽ ആവശ്യമായ വാക്സിൽ ജില്ലയിലുണ്ട്. മലപ്പുറത്തു നിന്ന് 5000 ഡോസും കോഴിക്കോട് നിന്ന് 400 ഡോസും തിരുവനന്തപുരത്തു 500 ഡോസും അടുത്തിടെ എത്തിച്ചിരുന്നു. ഉടൻ 25000 ഡോസു കൂടി എത്തും. ലോക് ഡൗൺ ഇളവുകൾക്കു പിന്നാലെ അടുത്ത മാസം പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പ് നടത്താൻ ആലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.