വാടക നൽകാതിരുന്നതിനെ തുടർന്നു വീട്ടുടമ ഇറക്കി വിട്ടു: നാട്ടകം സിമന്റ് കവലയിൽ വയോധികൻ വീടിനുള്ളിൽ ജീവനൊടുക്കി; ജീവനൊടുക്കിയത് മരണത്തിന് ഉത്തരവാദികളായവരുടെ പേരെഴുതി വച്ച ശേഷം

വാടക നൽകാതിരുന്നതിനെ തുടർന്നു വീട്ടുടമ ഇറക്കി വിട്ടു: നാട്ടകം സിമന്റ് കവലയിൽ വയോധികൻ വീടിനുള്ളിൽ ജീവനൊടുക്കി; ജീവനൊടുക്കിയത് മരണത്തിന് ഉത്തരവാദികളായവരുടെ പേരെഴുതി വച്ച ശേഷം

തേർഡ് ഐ ബ്യൂറോ

കോട്ടയം: വാടക നൽകാതിരുന്നതിനെ തുടർന്നു താമസ സ്ഥലത്തു നിന്നും വീട്ടുടമ ഇറക്കി വിട്ട വയോധികൻ ഇതേ വീട്ടിൽ തന്നെ ജീവനൊടുക്കി. വീട് പുറത്തു നിന്നും പൂട്ടിയ ശേഷം വീട്ടുടമ പോയിരുന്നു. ഇതേ തുടർന്നു, വീടിന്റെ ഓടിളക്കി അകത്തു കയറിയ ശേഷമാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തത്. മുറിയുടെ ഭിത്തിയിൽ ആത്മഹത്യ ചെയ്യാനുള്ള കാരണവും, വീട്ടുടമയുടെ അടക്കം പേരും എഴുതി വച്ച ശേഷമാണ് ഇദ്ദേഹം ജീവനൊടുക്കിയത്.

നാട്ടകം സിമന്റ് കവല സിമന്റ് ഫാക്ടറി റോഡിലെ കെട്ടിടത്തിൽ വാടകയ്ക്കു താമസിച്ചിരുന്ന രാജു (62)വിനെയാണ് വിഷം ഉള്ളിൽച്ചെന്നു മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം വാടക നൽകാതിരുന്നതിനെ തുടർന്നു രാജുവിനെ വീട്ടുടമ വീട്ടിൽ നിന്നും ഇറക്കി വിട്ടിരുന്നു. എന്നാൽ, വീട്ടിൽ നിന്നും പുറത്തു പോയ രാജു പിന്നീട് തിരികെ എത്തി പൂട്ട് തുറന്ന് വീടിനുള്ളിൽ പ്രവേശിക്കുന്നത് പതിവായിരുന്നു. രാജുവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ജനപ്രതിനിധികൾ അടക്കമുള്ളവർ ഇടപെട്ട് രാജുവിനെ വീട്ടിൽ തന്നെ താമസിപ്പിക്കുന്നതിനു ധാരണയായിരുന്നു.

എന്നൽ, ഇതിനിടെ രാജുവിനെ വീണ്ടും വീട്ടുടമ പുറത്താക്കുകയായിരുന്നു. ഇതേ തുടർന്നു, ദുഖിതനായ രാജു വീടിനുള്ളിൽ ഓട് പൊളിച്ചു കയറിയ ശേഷം ജീവനൊടുക്കുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ ചിങ്ങവനം പൊലീസ് കേസെടുത്തു. മൃതദേഹം ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾക്കു ശേഷം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. രാജു അവിവാഹിതനാണ്.