റിസ്ക് കുറഞ്ഞിട്ടും കോവിഡ് ചികിത്സ പാക്കേജിന്‍റെ മറവില്‍ സ്വകാര്യ ആശുപത്രികളുടെ കൊള്ള
സ്വന്തം ലേഖിക
കോഴിക്കോട്: കോവിഡ് ചികിത്സ പാക്കേജിന്‍റെ മറവില്‍ സ്വകാര്യ ആശുപത്രികളുടെ കൊള്ളയെന്ന് ആക്ഷേപം.
5000 മുതല്‍ 10,000 രൂപവരെ പ്രതിദിന ചെലവ് വരും വിധത്തില്‍ ഇടത്തരം ആശുപത്രികള്‍ പോലും ചികിത്സ ചെലവ് ഈടാക്കുന്നുവെന്നാണ് പരാതി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൂന്നാം തരംഗത്തില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. പ്രത്യേകിച്ച് പ്രായമുള്ളവര്‍ക്ക് കോവിഡ് ബാധിക്കുമ്പോള്‍ സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്.
ജില്ലയില്‍ സര്‍ക്കാര്‍ കണക്കുപ്രകാരം 726 പേര്‍ ചൊവ്വാഴ്ച സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. സര്‍ക്കാര്‍ ആശുപത്രിയില്‍ 325 പേരെയുള്ളൂ.
ഒമിക്രോണ്‍ വ്യാപകമായ ശേഷം എല്ലാദിവസവും ശരാശരി 700ന് മുകളില്‍ രോഗികള്‍ സ്വകാര്യ ആശുപത്രികളില്‍ കിടപ്പുരോഗികളാണ്. ഇവര്‍ക്ക് കോവിഡ് പാക്കേജ് എന്ന പേരില്‍ റൂമിന് അമിത വാടക ഈടാക്കുന്നതിന് പുറമെ വൈദ്യുതി, ഓക്സിജന്‍, ഡോക്ടര്‍, നഴ്സിങ് ഫീസ് എന്നിവ വേറെ ഈടാക്കുന്നുമുണ്ട്.
രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് ഉള്‍പ്പെടെ ഭക്ഷണം പാക്കേജില്‍ ഉണ്ട്. പക്ഷേ, ഇതിനെല്ലാം വേറെ പണം നല്‍കണം.
മൂന്നാം തരംഗം വന്നപ്പോള്‍ സര്‍ക്കാര്‍ ഇത്തരം കൊള്ളകളില്‍ ഇടപെടുന്നില്ല. കോവിഡിന്‍റെ ആദ്യ ഘട്ടങ്ങളില്‍ സ്വകാര്യ ആശുപത്രികള്‍ ചികിത്സക്ക് അമിത നിരക്ക് ഈടാക്കുന്നതിനെതിരെ സര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്തിയിരുന്നു. മൂന്നാം തരംഗം തുടരുമ്പോള്‍ സ്വകാര്യ ആശുപത്രികളില്‍ ഒരു പരിശോധനയും നടക്കുന്നില്ലെന്നാണ് പരാതി.
2021 ജൂലൈയിലാണ് സ്വകാര്യ ആശുപത്രികളിലെ റൂമുകള്‍ക്ക് പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. അന്നത്തെയത്ര ഭീതി സാഹചര്യമല്ല കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ നിലവിലുള്ളത്. വലിയ ‘റിസ്കാണ്’ കോവിഡ് ചികിത്സ എന്ന നിലയില്‍ സ്വകാര്യ ആശുപത്രികള്‍ ഇപ്പോഴും ചൂഷണം തുടരുന്നതെന്ന ആക്ഷേപമുണ്ട്.